ബൗളിങ് നിരയുടെ കരുത്തിലാണ് ഇക്കുറി ഓസീസ്

ബൗളിങ് നിരയുടെ കരുത്തിലാണ് ഇക്കുറി ഓസീസ് എത്തുന്നത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് കുന്തമുന. ഓസീസ് ബൗളിങ് ചരിത്രത്തിലെ ആദ്യ പത്തിലുള്ള നാല് ബൗളര്‍മാരാണ് ടീമിലുള്ളത്.
സ്പിന്നര്‍ നതാന്‍ ല്യോണ്‍ (553 വിക്കറ്റ്, മൂന്നാമത്), മിച്ചെല്‍ സ്റ്റാര്‍ക് (382, നാലാമത്), കമ്മിന്‍സ് (294, എട്ടാമത്), ജോഷ് ഹാസെല്‍വുഡ് (279, പത്താമത്) എന്നിവരാണ് ലോര്‍ഡ്സില്‍ പന്തെറിയുക.ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്റ്റ് ഫൈനലില്‍ കളിച്ച പതിനൊന്നില്‍ പത്തുപേരും നിലവിലെ ടീമിന്റെ ഭാഗമാണ്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് വിരമിച്ചത്.
വാര്‍ണറുടെ സ്ഥാനത്തേക്ക് സ്ഥിരം ഓപ്പണറെ കണ്ടെത്താന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. മുതിര്‍ന്ന താരം ഉസ്മാന് ഖവാജ ഒരറ്റത്തുണ്ട്. സഹ ഓപ്പണറായി പത്തൊമ്പതുകാരന് സാം കോണ്‍സ്റ്റാസിനെ ചില മത്സരങ്ങളില്‍ പരീക്ഷിച്ചിരുന്നു.
ഇടംകൈയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡാണ് മറ്റൊരു താരം. മാര്‍ണസ് ലബുഷെയ്ന് 2016ല്‍ ഒരു തവണ ഓപ്പണറായിട്ടുണ്ട്. സമീപകാലത്ത് മികച്ച പ്രകടനങ്ങളില്ല വലംകൈയന്‍ ബാറ്റര്‍ക്ക്. 28.33 ആണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ബാറ്റിങ് ശരാശരി. എങ്കിലും ലബുഷെയ്നായിരിക്കും ഖവാജയുടെ പങ്കാളി. സ്റ്റീവന്‍ സ്മിത്താണ് ശ്രദ്ധേയതാരം.
കഴിഞ്ഞയാഴ്ച മുപ്പത്താറ് വയസ്സ് പൂര്‍ത്തിയായ സ്മിത്ത് അവസാന അഞ്ച് ടെസ്റ്റില്‍ നാലിലും സെഞ്ചുറി നേടിയിട്ടുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്ണും തികച്ചു. 58 ആണ് ലോര്‍ഡ്സിലെ ബാറ്റിങ് ശരാശരി.
https://www.facebook.com/Malayalivartha