ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഗംഭീര തുടക്കം

ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് വമ്പൻ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ജപ്പാനെതിരെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാംപ്യന്മാരുടെ കുതിപ്പ്. ടോക്കായി സിറ്റിസൺസ് ജിംനേഷ്യത്തിൽ നടന്ന മത്സരത്തിൽ 49-24 എന്ന സ്‌കോറിനാണ് ഇന്ത്യ ജപ്പാനു മേൽ വമ്പൻ വിജയം കരസ്ഥമാക്കിയത്.
സുനിൽ കുമാറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ സംഘം മത്സരത്തിന്റെ ആരംഭം മുതൽ തന്നെ ആധിപത്യം പുലർത്തുകയും ചെയ്തു. അശു മാലികക്കിന്റെ സൂപ്പർ റെയ്ഡ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.
സ്റ്റാർ റെയ്ഡർമാരായ അർജുൻ ദേശ്വാൾ, ദേവാങ്ക് ദലാൽ, അയാൻ ലോഹ്ചബ് എന്നിവരും ഇന്ത്യൻ മുന്നേറ്റത്തിന് പിന്തുണ നൽകി. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ ജപ്പാനെ സമ്മർദ്ദത്തിലാഴ്ത്തുകയായിരുന്നു. ജപ്പാന്റെ റെയ്ഡിങ് നിരയെ വരിഞ്ഞുമുറുക്കിയ ഇന്ത്യ, ആദ്യ പകുതിയിൽ മൂന്ന് തവണയാണ് ആതിഥേയരെ ഓൾഔട്ട് ആക്കിയത്.
ആദ്യ പകുതി അവസാനിച്ചപ്പോൾ 31-9 എന്ന വലിയ ലീഡോടെ ഇന്ത്യ വ്യക്തമായ മുൻതൂക്കം നേടി. ജപ്പാന് ആദ്യ പകുതിയിൽ 5 ടച്ച് പോയിന്റുകളും 4 ബോണസ് പോയിന്റുകളും മാത്രമാണ് നേടാനായത്. രണ്ടാം പകുതിയിലും ഇന്ത്യ തങ്ങളുടെ കരുത്തുറ്റ പ്രതിരോധം തുടരുകയും ചെയ്തു. നാലാം തവണയും ജപ്പാനെ ഓൾ ഔട്ട് ആക്കിയ ഇന്ത്യ, സമയോചിതമായ നീക്കങ്ങളിലൂടെ ജയമുറപ്പിച്ചു. തിരിച്ചുവരാനുള്ള ജപ്പാന്റെ ശ്രമങ്ങളെ ഇന്ത്യൻ പ്രതിരോധം സമർത്ഥമായി പ്രതിരോധിച്ചു. 49ൽ 36 പോയിന്റും റെയ്ഡുകളിലൂടെയും ഡിഫൻസിലൂടെയും നേരിട്ട് നേടിയാണ് ഇന്ത്യ ഗംഭീര ജയം നേടിയത്.
https://www.facebook.com/Malayalivartha


























