ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടെമ്പിൾ പോലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരത്തോളം പേർ ഇവിടെ തെരുവിൽ കഴിയുന്നതായാണ് പോലീസിന്റെ കണക്കുകളുള്ളത്. അടുത്തിടെ ഗുരുവായൂരിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്.
രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധനയുള്ളത്. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും മറ്റ് വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യും. പരിശോധനയിൽ കണ്ടെത്തുന്നവരെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് നടപടികൾ സ്വീകരിക്കുക.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വീട് വിട്ടിറങ്ങി തെരുവിൽ കഴിയുന്നവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിയെടുക്കുകയും ചെയ്യും. അവശരും സംരക്ഷണം ആവശ്യമുള്ളവരുമായവരെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പുനരധിവസിപ്പിക്കുന്നതാണ്. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ പറഞ്ഞു.
ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെയും ജനമൈത്രി സമിതി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് സംഘത്തിന്റെ പ്രവർത്തനമുള്ളത്. പൊതുജനങ്ങളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പെട്രോളിംഗ് സംസ്ഥാനത്ത് തന്നെ ആദ്യമായാണെന്നാണ് പോലീസ് . ക്ഷേത്രവളപ്പിൽ പോലീസിനൊപ്പം സെക്യൂരിറ്റി ജീവനക്കാരും പുറംപ്രദേശങ്ങളിൽ നാട്ടുകാരുടെ പ്രതിനിധികളും പരിശോധനയിൽ പങ്കാളികളാകും. ഒരു സംഘത്തിൽ എസ്.ഐ. ഉൾപ്പെടെ മൂന്ന് പോലീസുകാരും പൊതുജനങ്ങളുടെ രണ്ട് പ്രതിനിധികളുമാണ് ഉണ്ടാകുക.
"https://www.facebook.com/Malayalivartha


























