ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

ഇനി കേരളത്തിൽ മാത്രമല്ല ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും ചേർന്ന് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോഹണ്ട്’ അതിർത്തികൾ കടന്ന് അയൽരാജ്യങ്ങൾക്കും മാതൃകയാകുന്നു. കേരളം നടപ്പിലാക്കിയ ഈ അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും രംഗത്തെത്തി.ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലുംഗ്ദെൻ ദോർജി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് പദ്ധതിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഇതിന്റെ വിശദാംശങ്ങൾ ആരായുകയും ചെയ്തു.
മാധ്യമവാർത്തകളിലൂടെ പദ്ധതിയെക്കുറിച്ച് അറിഞ്ഞ ഭൂട്ടാൻ ആഭ്യന്തരമന്ത്രി, സ്വന്തം രാജ്യത്തും ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ‘തൂഫാൻ’ മാതൃകയിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കി.ചർച്ചയ്ക്കിടെ, മുൻകാലങ്ങളിൽ ഭൂട്ടാനിലെ സ്കൂളുകളിൽ സേവനമനുഷ്ഠിച്ച മലയാളി അധ്യാപകരെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. തുടർന്ന്, പദ്ധതി നേരിട്ട് വിലയിരുത്തുന്നതിനായി ഭൂട്ടാൻ ആഭ്യന്തരമന്ത്രിയെ രമേശ് ചെന്നിത്തല കേരളത്തിലേക്ക് ക്ഷണിക്കുകയും പ്രവർത്തനരീതികൾ കൈമാറാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' ദി നാർക്കോഹണ്ടിന്റെ മാതൃക തേടി അയൽരാജ്യമായ ഭൂട്ടാൻ സർക്കാരും നമ്മെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഭൂട്ടാൻ ആഭ്യന്തരമന്ത്രി ശ്രീ ലുംഗ്ദെൻ ദോർജി എന്നെ ഫോണിൽ വിളിച്ച് ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിവരങ്ങൾ ആരായുകയും ചെയ്തു.മാധ്യമ വാർത്തകളിലൂടെയാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞത്. ലഹരി വലിയൊരു വിപത്തായി മാറുന്ന പശ്ചാത്തലത്തിൽ 'തൂഫാൻ' നടപ്പിലാക്കാൻ ഭൂട്ടാൻ സർക്കാരും ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു.
തുടർന്ന് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും, പ്രവർത്തനരീതികൾ സംബന്ധിച്ച ചർച്ചകൾ നടത്താമെന്നും ആവശ്യമായ വിവരങ്ങൾ കൈമാറാമെന്നും അറിയിച്ചിട്ടുണ്ട്.കേരളം നടപ്പിലാക്കിയ ഒരു പദ്ധതി രാജ്യാതിർത്തികൾ കടന്ന് മറ്റ് രാജ്യങ്ങൾക്ക് കൂടി വഴികാട്ടിയാവുന്നു എന്നത് നമുക്ക്- പ്രത്യേകിച്ച് ഓപ്പറേഷൻ തൂഫാനിന് അഭിമാനിക്കാവുന്ന നേട്ടമാണ്...കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന നിമിഷമാണ്.
https://www.facebook.com/Malayalivartha



























