മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം

മുഖ്യമന്ത്രി വിഡി സതീശനെതിരെ ബിനോയ് വിശ്വം രംഗത്ത്. മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം. പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ അത്തരം സാമ്പത്തിക ശക്തികള്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നു. ''മുതലാളി സേവയില്‍ മുമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കു''കയാണ് മറ്റു മന്ത്രിമാര്‍. മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന കാറുകള്‍ ഷെഡ്ഡില്‍ ഒതുക്കിയിട്ട് പണപ്രഭുക്കളുടെ അത്യാഡംബര കാറുകള്‍ക്കായി മന്ത്രിമാര്‍ കാത്തിരിക്കുന്നു.
മന്ത്രിമാര്‍ വിദേശത്ത് പോകുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നിബന്ധനകള്‍ അവര്‍ പാലിച്ചോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. പണക്കാരുടെ സൗജന്യം പറ്റുന്നത് സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണെന്ന മന്ത്രിമാരുടെ വിചിത്രവാദവും യു ഡി എഫിന്റെ ട്രേഡ് മാര്‍ക്ക് ആയിരിക്കുന്നു. പ്രശസ്തരാകാന്‍ തങ്ങള്‍ക്ക് സൗജന്യങ്ങള്‍ തരാന്‍ ആഹ്വാനം ചെയ്യുന്ന മന്ത്രിമാരാണ് സതീശന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം പുതുയുഗ വിസ്മയങ്ങള്‍ നെഹ്‌റൂവിയന്‍ സോഷ്യലിസത്തിന്റെ പുതിയ രൂപമാണെന്ന ഭാവത്തില്‍ മുഖ്യമന്ത്രി വാദിക്കുമ്പോള്‍ ഗാന്ധി - നെഹ്‌റു പാരമ്പര്യമുള്ള യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാര്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.
സതീശന്‍ സര്‍ക്കാരിന്റെ ഈ നാണംകെട്ട പ്രവര്‍ത്തികളെപ്പറ്റി ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും എന്താണ് പറയാനുള്ളത്? എന്നും ബിനോയ് വിശ്വം ചോദിച്ചു. അതേ സമയം മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രാ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. അടിയന്തര സാഹചര്യത്തിലായിരുന്നു യാത്രയെന്നും സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപപോലും സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
മുമ്പുംകേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയില്‍ വിമാന യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് കരുതി ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇനിയും ഇത്തരത്തില്‍ വിമാനയാത്ര നടത്തുമെന്നും വിദേശ യാത്രകള്‍ നടത്തുമ്പോള്‍ സാമ്പത്തിക ബാധ്യത ഉണ്ടോ എന്ന് മാത്രമാണ് താന്‍ നോക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























