ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ചരിത്രമാക്കാന്‍ ഇന്ത്യ; അര്‍ച്ചനയ്ക്കും സ്വപ്നയ്ക്കും സ്വര്‍ണം; 24 മെഡലുമായി ഇന്ത്യ മുന്നില്‍
ഇന്ത്യന്‍ മണ്ണിലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ് സ്വന്തമാക്കാനുള്ള ചരിത്ര കുതിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം ഒന്‍പതായി. 800 മീറ്ററില്‍ അര്‍ച്ചന അധവ്, ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്മന് എന്നിവരാണ് സുവര്‍ണനേട്ടവുമായി ഇന്ത്യന്‍ സ്വര്‍ണനേട്ടം ഒന്‍പതില്‍ എത്തിച്ചത്. ഹെപ്റ്റാത്തലണില്‍ ഇന്ത്യയുടെ തന്നെ പൂര്‍ണിമ ഹെമ്പ്രാം വെങ്കലം നേടി. പുരുഷവിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്‍സനും വെങ്കലം നേടിയതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി. ഒന്‍പതു സ്വര്‍ണവും നാലു വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെയാണിത്.
വനിതകളുടെ 800 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മല്‍സരം പൂര്‍ത്തിയാക്കാതെ പിന്മാറി. 500 മീറ്റര്‍ കഴിഞ്ഞപ്പോഴാണു ടിന്റു പിന്മാറിയത്. ഒരു മിനിട്ട് 50.07 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്സണ് വെങ്കലം സ്വന്തമാക്കിയത്. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യയാണ് മെഡല്‍ പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ 17 തവണയും മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയ ചൈനയെ അട്ടിമറിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ. ആദ്യ നാലു തവണ ജപ്പാനായിരുന്നു ജേതാക്കള്‍. ആറു തവണ രണ്ടാമതെത്തിയത് ഒഴികെ ഇന്ത്യ ഇതുവരെ വന്‍കരയിലെ രാജാക്കന്മാരായിട്ടില്ല.
മീറ്റില്‍ ഇന്ന് 12 ഫൈനലുകളാണുള്ളത്. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയാണ്. കഴിഞ്ഞ ദിവസം 5,000ല്‍ സ്വര്‍ണം നേടിയ ജി. ലക്ഷ്മണന് 10,000ലും മെഡല്‍ തേടിയിറങ്ങും. വയനാട്ടുകാരന് ടി. ഗോപിയും ഈയിനത്തിലുണ്ട്. പുരുഷ, വനിതാ 4-400 റിലേ ടീമുകളും മെഡല്‍ പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha