കുറുക്കനും കോഴിയും

ഒരിക്കല്‍ ഒരിടത്ത് ഒരു കൊച്ചു ചെമ്പന്‍ കോഴിയുണ്ടായിരുന്നു; കുറ്റിക്കാട്ടിലെ ചെറിയ വീട്ടിലാണ് അവള്‍ താമസിച്ചിരുന്നത്.
തന്റെ കൊച്ചുവീട് അവള്‍ വളരെ വൃത്തിയാക്കി സൂക്ഷിച്ചു. ആഹാരം പാകംചെയ്യുക, അലക്കുക, അടിച്ചുവാരുക...തുടങ്ങിയ എല്ലാ വീട്ടുേജാലികളും അവള്‍ തന്നെയാണു ചെയ്‌തിരുന്നത്. എല്ലാ ദിവസവും വിറകു ശേഖരിക്കാന്‍ അവള്‍ ഒരു ചെറിയ കുട്ടയുമായിറങ്ങും.
ചെമ്പന്‍ കോഴിയുടെ വീട്ടിനടുത്തായി ഒരു കുറുക്കന്‍ താമസിച്ചിരുന്നു. തന്റെ മടയില്‍ അമ്മേയാടൊപ്പമാണവന്‍ കഴിഞ്ഞിരുന്നത്.
ഈയിടെയായി അവനൊരു മോഹം! ചെമ്പന്‍ കോഴിയെ പിടിച്ചു തിന്നണം! അവളെ കുടുക്കാന്‍ അവന്‍ പല തവണ ശ്രമിച്ചതാണ്. പക്ഷേ, ബുദ്ധിമതിയായ ചെമ്പന്‍കോഴി തന്ത്രപൂര്‍വം ഒഴിഞ്ഞു മാറി.
ഒരു ദിവസം അവന്‍ ഒരു സൂത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു.
``കുറച്ചുെവള്ളം ചൂടാക്കാന്‍ വയ്‌ക്കൂ, അമ്മേ.'' അവന്‍ പറഞ്ഞു. ``ഇന്നു രാത്രി നമ്മുടെ അത്താഴം ചെമ്പന്‍കോഴിയായിരിക്കും.''
കുറുക്കന്‍ ചാക്കുമെടുത്ത് കുറ്റിക്കാട്ടില്‍ കോഴിയെത്തേടിയിറങ്ങി. ഒരു മരത്തിനുപിന്നില്‍ ഒളിഞ്ഞുനിന്ന് അവന്‍ അവള്‍ക്കായി കാത്തു.
അധികം താമസിച്ചില്ല. ചെമ്പന്‍കോഴി വിറകുപെറുക്കാന്‍ കുട്ടയുമായി അതാ വരുന്നു!
വീടുപൂട്ടാന്‍ കോഴി അന്നു മറന്നു പോയി. മരത്തിനു പിന്നില്‍ മറഞ്ഞുനിന്ന കുറുക്കനെ അവള്‍ കണ്ടതുമില്ല. ഒരു നിമിഷം! കോഴി പിറകോട്ടു തിരിഞ്ഞതും കുറുക്കന്‍ അവളുടെ വീട്ടില്‍ പതുങ്ങിക്കയറി.
വിറകു ശേഖരിച്ചശേഷം കോഴി വീട്ടിലെത്തി കതകടയ്‌ക്കാന്‍ തുടങ്ങുകയായിരുന്നു തൊട്ടുമുന്നില്‍ കുറുക്കനെ കണ്ട് അവള്‍ ഞെട്ടി. കുട്ട താഴെ വീണു. അവള്‍ കൂട്ടിനു മുകളിലെ ഉത്തരത്തില്‍ പ്രാണരക്ഷാര്‍ത്ഥം പറന്നു കയറി. കുറു ക്കന്‍ ഒന്നു ചാടി നോക്കി. പക്ഷേ, അവിടെ അവനെത്തുമായിരുന്നില്ല. ഇവിടെ താന്‍ സുരക്ഷിതയാണെന്ന് അവള്‍ക്കു തോന്നി
ഉത്തരത്തിനു മുകളില്‍നിന്ന് അവള്‍ താഴേക്കുനോക്കി ``നിനെക്കന്നെ പിടിക്കാനാവില്ല.'' അവള്‍ കുറുക്കനോടു പറഞ്ഞു.
``വീട്ടില്‍ പോകുന്നതാണ് നിനക്കു നല്ലത് ഞാന്‍ താഴേക്കു വരാന്‍ പോകുന്നില്ല!''
``നമുക്കു നോക്കാം.'' കുറുക്കന്‍ പുലമ്പി.
തന്റെ വാലിനെ ലക്ഷ്യമാക്കി അവന്‍ വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങി. മെല്ലെ അവന്‍ കറക്കത്തിന്റെ വേഗം കൂട്ടി.
മുകളില്‍ നിന്ന് ഈ കാഴ്‌ച കണ്ടു നിന്ന കോഴിക്കു തലകറങ്ങി.
ഒന്നും കാണാന്‍ വയ്യ...അവള്‍ താഴെ വീണു. ചെന്നുവീണതോ കുറുക്കന്റെ സഞ്ചിയിലും!
``ആരു പറഞ്ഞു. എനിക്കു നിന്നെ പിടിക്കാനാവില്ലെന്ന്?'' കുറുക്കന്‍ സഞ്ചി ഒന്നു കുലുക്കി തോളത്തേക്കിട്ട് വീട്ടിലേക്കു തിരിച്ചു. ചാക്കിനകത്ത് അകപ്പെട്ട കോഴി രക്ഷപ്പെടാനുള്ള ഒരുപായം തേടുകയായിരുന്നു.
നടന്നു, ക്ഷീണിച്ച കുറുക്കന്‍ വഴിയരികില്‍ ഒരിടത്തിരുന്നു. അവന്‍ ഒന്നു മയങ്ങിപ്പോയി.
കോഴി പതുക്കെ ചാക്കില്‍നിന്നും തല വെളിയിലേക്കു നീട്ടി, ചുറ്റും നോക്കി. ലേശം പണിപ്പെട്ട് ഊര്‍ന്നിറങ്ങി.
കുറെ വലിയ കല്ലുകള്‍ നീക്കി അവള്‍ ചാക്കിനകത്തേക്കിട്ടു. എന്നിട്ട് രക്ഷപെട്ട സന്തോഷത്തോടെ വീട്ടിലേക്കോടിപ്പോയി.
കുറുക്കന്‍ മയക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റു. എന്താണു സംഭവിച്ചത്? പെട്ടെന്ന് അവന്‍ തന്റെ സഞ്ചിയുമെടുത്ത് മാളത്തിനെ ലക്ഷ്യമാക്കി നടന്നു.
``ഈ സഞ്ചിക്കു നല്ല ഭാരമുണ്ടല്ലോ.'' അവന്‍ തന്നത്താന്‍ പറഞ്ഞു. ``ചെമ്പന്‍ കോഴി ഞാന്‍ വിചാരിച്ചതിനെക്കാള്‍ തടിച്ചിയാണ്. എന്തു രുചികരമായ അത്താഴമാവും ഇന്നത്തേത്!''
മടയിലെത്തിയ ഉടനെ അവന്‍ അമ്മയെ വിളിച്ചു. ``കണ്ടോ അമ്മേ, അവസാനം ചെമ്പന്‍കോഴി എന്റെ പിടിയിലായി. വെള്ളം തിളയ്‌ക്കുകയല്ലേ?''
``തീര്‍ച്ചയായും.'' കുറുക്കമ്മയുടെ വായില്‍ വെള്ളമൂറുന്നുണ്ടായിരുന്നു.
ചാക്ക് തിളയ്‌ക്കുന്ന വെള്ളത്തിനു മുകളില്‍ പിടിച്ച ശേഷം അവന്‍ മൂടി തുറന്നു. വലിയ കല്ലുകള്‍ ശക്തിയായി വീണ് വെള്ളം നാലുപാടും തെറിച്ചുവീണു.കുറുക്കന് എന്തു സംഭവിച്ചു എന്നു പറയേണ്ടതില്ലല്ലോ. ഈ സമയം ചെമ്പന്‍കോഴി കുറ്റിക്കാട്ടിലെ തന്റെ കൊച്ചുവീട്ടില്‍ സുരക്ഷിതയായി എത്തിക്കഴിഞ്ഞിരുന്നു!!
https://www.facebook.com/Malayalivartha