നിറം മാറുന്ന കുടജാദ്രി

പ്രകൃതി സൗന്ദര്യത്തിന് പേരു കേട്ട പരിപാവനമായ ഒരു സ്ഥലം അതാണ് കുടജാദ്രി. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി സ്ഥിതി ചെയ്യുന്നത്. കുടജാദ്രിയിലെ താഴ്വരയിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. സാഹസിക സഞ്ചാരികളെ എന്നും ആകർഷിക്കുന്ന ഒന്നാണ് കുടജാദ്രി. പശ്ചിമ ഗട്ടത്തിന്റെ ഭാഗമായ കുടജാദ്രി ഇന്ത്യയിലെ പേരുകേട്ട ഒരു ട്രെക്കിംഗ് സ്ഥലം കൂടിയാണ്. കൊല്ലൂരിൽ നിന്ന് 40 കിലോമീറ്റർ ജീപ്പിൽ സഞ്ചരിക്കണം കുടജാദ്രിയിൽ എത്താൻ.
സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1343 മീറ്റർ ഉയരത്തിലാണ് കുടജാദ്രി തല ഉയർത്തി നിൽക്കുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ് ഇവിടം. ഓരോ കാൽവെയ്‌പിലും നെഞ്ചിടിപ്പ് കുടിവരുന്നതോടൊപ്പം ആവേശവും കൂടി വരും.
കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളിൽ കാണാം. ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലകൾ. മലമുകളിൽ ശങ്കരാചാര്യരുടെ സർവ്വജ്ഞ പീഠം കാണാം. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലമാണ് കുടജാദ്രിയിലെ ട്രെക്കിംഗ് കാലം. നിട്ടൂർ അല്ലെങ്കിൽ നഗോഡി ഗ്രാമത്തിൽ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത് ഇവിടെയാണ് ബെയ്സ് ക്യാമ്പ്.
കുടജാദ്രി കുന്ന് കയറി എത്തിയാൽ കാണാവുന്ന ഏറ്റവും വിസ്മയകരമായ കാഴ്ച അരിശനഗുണ്ടി വെള്ളച്ചാട്ടമാണ്. അവിടെ നിന്നും വേണമെങ്കിൽ കുളിക്കാവുന്നതാണ്. ലോകം കാൽചുവട്ടിലാണെന്ന് അക്ഷരാർത്ഥത്തിൽ തോന്നണമെങ്കിൽ 18 കിലോമീറ്റർ മലകയറണം. കുടജാദ്രി മലയുടെ നെറുകെയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ നിങ്ങൾക്ക് തോന്നും ലോകം നിങ്ങളുടെ കാൽക്കീഴിൽ ആണെന്ന്.
കുടജാദ്രി കാലത്തെ അടയാളപ്പെടുത്തുന്നത് നിറങ്ങള്‍ കൊണ്ടാണ്. ഋതു ഭേദങ്ങള്‍ക്കനുസരിച്ച് കുടജാദ്രിയുടെ നിറം മാറിക്കൊണ്ടിരിക്കും. മഞ്ഞ, പച്ച നീല, വെളുപ്പ് അങ്ങനെ പല നിറങ്ങളിൽ വിരാജിക്കുകയാണ് കുടജാദ്രി എന്ന സുന്ദരി. കാല്നടയാത്രക്കാരെയും ജീപ്പ് യാത്രക്കാരെയും നമുക്ക് ഇവിടെ കാണാനാകും. ജീപ്പിന്റെ മുരുടന്‍ ചക്രങ്ങള്‍ തീര്‍ത്ത വഴികളിലൂടെയുള്ള നെടുങ്കന്‍ കയറ്റങ്ങള്‍, ചെമ്മണ്‍ പാതകള്‍, പുല്‍മേടുകള്‍ ഒക്കെ താണ്ടി വേണം മലമുകളിലെത്താൻ. നടന്നു കയറുമ്പോള്‍ കാഴ്ചകളുടെ മാസ്മരികതകൊണ്ടും ജീപ്പില്‍ പോകുന്നവര്‍ സാഹസികതയുടെ ലഹരികൊണ്ടും ആനന്ദ നിർവൃതരാകും.
മലമുടികളിലേക്ക് കയറുന്ന പാതയുടെ തുടക്കത്തിലാണ് കുടജാദ്രിയിലെ ആദ്യക്ഷേത്രം. ദേവി ബാണാസുരനെ ശൂലം കയറ്റി കൊന്നുവെന്നു വിശ്വസിക്കുന്ന തറ. അവിടെയാണ് ക്ഷേത്രം.
ചരല്‍ പാതയിലൂടെ ഉരുളന്‍ കല്ലുകളും പച്ചപ്പും തണലും വിരിച്ച മെലിഞ്ഞ വഴികളിലൂടെ, ശങ്കരന്‍ അറിവിന്റെ കൊടുമുടികള്‍ കയറിയ സര്‍വ്വജ്ഞപീഠത്തിലേക്ക്. അരികില്‍ മഹാഗര്‍ത്തങ്ങള്‍ മരണത്തിന്റെയും ജീവിതത്തിന്റെയും അകലങ്ങളെ ഓര്‍മ്മപ്പെടുത്തി നിശബ്ദമായി നിന്നു. അജ്ഞതയില്‍ നിന്ന് അറിവിലേക്കും അറിവില്‍ നിന്ന് അജ്ഞതയിലേക്കുമുള്ള ദൂരം ദുര്‍ഘടമാണെന്ന് പഠിപ്പിക്കുന്നു ഈ സര്‍വ്വജ്ഞപീഠം.
https://www.facebook.com/Malayalivartha