സാഹസികര്‍ക്ക് ഒരു 'റോസ് ' മല റൈഡാവാം!

കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ കാട്ടിനുള്ളിലുള്ള 'റോസ് മല'യ്ക്ക് റോസാദളങ്ങള്‍ പോലെയുള്ള മലനിരകളുള്ളതു കൊണ്ടാണ് റോസ് മല എന്നു പേരു കിട്ടിയതെന്നും അതല്ല, ഇവിടെ എസ്‌റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടിഷ് പ്ലാന്ററുടെ പത്‌നി റോസ്‌ലിന്റെ പേരാണ് അതെന്നും രണ്ടഭിപ്രായമുണ്ട്.
മണിമല വഴിയുള്ള യാത്ര വളരെ മനോഹരമാണ്. റോഡിന്റെ ഒരു വശത്തു റബ്ബര്‍ തോട്ടങ്ങളും മറുവശത്ത് നിറഞ്ഞുകവിഞ്ഞൊഴുകുന്ന മണിമലയാറും. പുനലൂര്‍ ടൗണ്‍ കഴിയുമ്പോഴേയ്ക്കും റോഡിലെ തിരക്ക് അല്‍പമൊന്ന് കുറഞ്ഞെന്നു വരാം.അപ്പോള്‍ റൈഡിന്റെ സ്പീഡും കൂട്ടാം.
കൊല്ലം ചെങ്കോട്ട റൂട്ടില്‍ കഴുത്തുരുട്ടിയിലുള്ള പതിമൂന്ന് കണ്ണറ പാലം ബ്രിട്ടിഷ് ഭരണ കാലത്തു നിര്‍മിച്ചതാണ്. ഈ പാലത്തില്‍, സുര്‍ക്കി മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. നൂറിലേറെ വര്‍ഷം പഴക്കമുള്ള ഈ പാലത്തിലൂടെ ഇപ്പോള്‍ ട്രെയിന്‍ ഗതാഗതമില്ല. മീറ്റര്‍ ഗേജില്‍നിന്ന് ബ്രോഡ്‌ഗേജിലേക്കുള്ള പണികള്‍ അതിവേഗം നടക്കുന്നു. പാലത്തിനു മുകളിലേക്കു കയറാന്‍ പടികള്‍ കെട്ടി മനോഹരമാക്കിയിട്ടുണ്ട്. അവിടെ വേണമെങ്കില്‍ അല്‍പ നേരം വിശ്രമിക്കാം. അവിടെ നിന്നും തെന്മലയ്ക്ക് യാത്ര തുടരാം.
കൊല്ലത്തുനിന്ന് ചെങ്കോട്ടയ്ക്കുള്ള പാതയില്‍ ആര്യങ്കാവിലെത്താം. അവിടെനിന്നു വലത്തോട്ടു തിരിഞ്ഞ് പന്ത്രണ്ടു കിലോമീറ്റര്‍ പോയാല്‍ റോസ്മലയായി. പെട്രോള്‍ അടിക്കേണ്ടവര്‍ ആറു കിലോമീറ്റര്‍ ദൂരെ തമിഴ്‌നാട് ബോര്‍ഡറില്‍ പോകേണ്ടിവരുമത്രേ.
പിന്നീട് കാടാണ്. ആദ്യം ഒരു കിലോമീറ്റര്‍ വലിയ കുഴപ്പമില്ല, ടാര്‍ റോഡ് ആണ്. റോസ്മല ഗ്രാമത്തിലേക്ക് രാവിലെയും വൈകിട്ടും കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസുണ്ട്. ടാര്‍ റോഡ് കഴിഞ്ഞതോടെ റോഡിന്റെ കാര്യം കഷ്ടമായി. ചെങ്കുത്തായ കയറ്റം. ഉരുളന്‍കല്ലുകളും അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റുമായി ദുര്‍ഘടമായ വഴിയിലൂടെയാണ് യാത്ര. മഴയും കോടയും കൂടി ഉണ്ടെങ്കില്‍ റിസ്‌ക് കൂടും. ചെളി നിറഞ്ഞ വഴിയിലൂടെ ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോള്‍ പലപ്പോഴും ബ്രേക്ക് കിട്ടാതെ വണ്ടി തെന്നി നീങ്ങിപ്പോകാറുണ്ട്. താഴെപ്പോയാല്‍ നേരെ ചെന്നു വീഴുന്നത് ഒരു അരുവിയിലേക്കാണ്. ചെറിയ കല്ലുകളുടെ മുകളിലൂടെ ഓടിച്ചാല്‍ വണ്ടി ഏകദേശം നമ്മളുടെ കണ്‍ട്രോളിലാവും. ക്ഷമയെന്താണെന്ന് ഈ ഓഫ് റോഡിലൂടെയുള്ള യാത്രയില്‍ മനസ്സിലാകും ഗീയര്‍ മാറ്റുന്നത് ഫസ്റ്റും സെക്കന്‍ഡും മാത്രം.
കുറേ ചെല്ലുമ്പോള്‍ വഴി രണ്ടായി പിരിയുന്നു. ഇടത്തേക്കു പോയാല്‍ രാജാ കൂപ്പ്, അവിടെ ഓറഞ്ച് കൃഷിയുണ്ടെന്നു കേട്ടിട്ടുണ്ട്. വലത്തോട്ടു തിരിഞ്ഞാല്‍ റോസ് മലയിലേക്കു പോകുന്ന വഴിയായി. ഒരു ചപ്പാത്തു കൂടി കടന്നാല്‍ വനംവകുപ്പ് ഓഫിസിനു മുന്നിലെത്തും. അവിടെ എല്ലാവരും പേരും വണ്ടി നമ്പരും ഫോണ്‍ നമ്പരും സമയവും എഴുതിക്കൊടുക്കണം. അവിടെനിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് റോസ് മല ഗ്രാമം.
രണ്ടു മൂന്നു കടകളുള്ള ചെറിയ ഒരു കവല, അങ്ങിങ്ങായി വീടുകള്‍, ശാന്തമായ പ്രദേശം. ബസ് വെയ്റ്റിങ് ഷെഡില്‍ സൊറ പറഞ്ഞിരിക്കുന്ന നാട്ടുകാര്‍. അവിടെയൊരു വാച്ച് ടവറുണ്ട്. വഴിയില്‍ കാണുന്ന നാട്ടുകാരോടു വാച്ച് ടവറിലേക്കുള്ള വഴി ചോദിക്കാന്‍ വണ്ടി നിര്‍ത്തിയാലുടന്‍ അവര്‍ അങ്ങോട്ടുള്ള വഴിയിലേക്കു കൈ ചൂണ്ടും. ഇവിടെ വരുന്നവര്‍ അങ്ങോട്ടുള്ള വഴിയേ ചോദിക്കൂവെന്ന് അവര്‍ക്കറിയാം.ധൈര്യമുള്ളവര്‍ക്ക് വാച്ച് ടവറിനു മുകളിലുള്ള റോഡിലേക്ക് കുത്തനെയുള്ള കയറ്റം വണ്ടി ഓടിച്ചുകയറ്റാം. അല്ലെങ്കില്‍ നടന്നുതന്നെ മുകളില്‍ എത്തണം.
ടവറില്‍ കയറാന്‍ അവിടെയുള്ള കൗണ്ടറില്‍നിന്ന് ടിക്കറ്റെടുക്കണം. ടിക്കറ്റെടുത്തു വാച്ച് ടവറിലേക്ക്. പാറപ്പുറത്തുകൂടി വലിഞ്ഞുള്ള കയറ്റമാണ്. പക്ഷേ മുകളില്‍ എത്തുമ്പോള്‍ സീന്‍ മാറും. നല്ല അടിപൊളി വ്യൂ. കയറ്റം കയറിയ ക്ഷീണം തണുത്ത കാറ്റില്‍ പമ്പ കടക്കും. താഴെ തെന്‍മല ഡാം റിസര്‍വോയറിന്റെ മനോഹരമായ കാഴ്ച. റോസാദളങ്ങള്‍ പോലെയുള്ള മലനിരകള്‍.
അവിടുത്തെ കാട്ടില്‍ നിലവില്‍ എട്ടു കടുവകളുണ്ട്. ഇനി അഞ്ചെണ്ണം കൂടി ആയാല്‍ ആ മേഖല ടൈഗര്‍ റിസേര്‍വ് ആയി പ്രഖ്യാപിക്കും. കുറച്ചു നാള്‍ മുന്‍പ് ഒരു കടുവ ഒരു ടണ്‍ ഭാരമുള്ള കാട്ടുപോത്തിനെ അവിടെ കൊന്നു തിന്നിരുന്നു. കടുവ പിടിച്ച ഇരയെ മറ്റു മൃഗങ്ങള്‍ തൊടില്ലെന്നും ഭക്ഷണം അല്പം ചീഞ്ഞിട്ടേ കടുവ കഴിക്കൂ എന്നൊക്കെയുണ്ട്.
ഇരുട്ട് വീഴുന്നതിനു മുമ്പേ താഴെയെത്തണം. യാതൊരു ലാഭവുമില്ലാതെ, നഷ്ടം സഹിച്ചു കൊണ്ട് റോസ് മലക്കാര്‍ക്കു വേണ്ടി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുണ്ട്. അതിന്റെ ജീവനക്കാര്‍ക്ക് ഒരു സല്യൂട്ട് കൊടുക്കാതെ മതിയാകില്ല.നാട്ടില്‍ തിരികെയെത്തുമ്പോഴും റോസ്മലയുടെ ഭംഗിയും അതിന്റെ തണുപ്പും ഉള്ളിലുണ്ടാകും.
ശ്രദ്ധിക്കുക
! മൊബൈല്‍ റേഞ്ച് റേഞ്ച് പ്രതീക്ഷിക്കരുത്, കാറ്റു വന്നാല്‍ കിട്ടും.
! റോസ് മല ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. എന്തു സഹായവും ചെയ്തു തരുന്ന നല്ലവരായ നാട്ടുകാരാണ് അവിടെയുള്ളത്. അതുകൊണ്ട് അവര്‍ക്ക് ശല്യമാകാതെ ശ്രദ്ധിക്കുക
! ബൈക്ക്, ജീപ്പ് പോലെയുള്ള വാഹനങ്ങളാണ് യാത്രയ്ക്കു നല്ലത്. ദിവസവും രാവിലെയും വൈകിട്ടും പുനലൂര്‍ ഡിപ്പോയില്‍നിന്നു കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ട്.
! പോകുന്നവര്‍ ഇരുട്ടു വീഴും മുന്‍പേ തിരികെ ഇറങ്ങാന്‍ ശ്രമിക്കുക.
! താമസ സൗകര്യങ്ങള്‍ പരിമിതമാണ്, ഫോറസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക
https://www.facebook.com/Malayalivartha