Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്തവണത്തെ ഓണക്കാലം തിരുവനന്തപുരത്ത് ആഘോഷിക്കൂ

09 AUGUST 2017 04:20 PM IST
മലയാളി വാര്‍ത്ത

രാജകീയപ്രതാപം, ജനകീയഭരണങ്ങളുടെ ഉദയാസ്തമയങ്ങള്‍, ടൂറിസം തുടങ്ങിയവയ്‌ക്കെല്ലാം സാക്ഷിയായ ജില്ലയാണ് തിരുവനന്തപുരം. ഓണം വരുന്നതോടെ തിരുവനന്തപുരത്തെ ആഘോഷങ്ങളുടെ മാറ്റു കൂടുന്നു. ഓണത്തോടനുബന്ധിച്ചുള്ള സര്‍ക്കാരിന്റെ ടൂറിസം വാരാഘോഷങ്ങള്‍ ഉള്‍പ്പടെ ഇനി ഉത്സവത്തിന്റെ നാളുകളാണ്. ഇത്തവണത്തെ ഓണാവധി നാളുകളില്‍ തിരുവനന്തപുരത്തെ കാഴ്ചകളുടെ ലോകത്തേക്ക് കൂട്ടുകൂടുന്നതില്‍ തെറ്റില്ല. പ്രകൃതിരമണീയതയില്‍ മുന്നിട്ടുനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. തലസ്ഥാനമെന്ന ഖ്യാതിയാണ് തിരുവനന്തപുരത്തിന് അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കുന്നത്.

തിരുവനന്തപുരത്തിന്റെ തിലകകുറിയാണ് കവടിയാര്‍, കനകക്കുന്ന് കൊട്ടാരങ്ങളെന്നു പറയാം. ചരിത്രം ഉറങ്ങുന്ന ഈ കൊട്ടാരങ്ങള്‍ വാസ്തുശില്പകലയുടെ ചാരുത വിളിച്ചോതുന്നു. രാജഭരണം അവസാനിച്ചതോടെ കൊട്ടാരങ്ങള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റ അധികാര പരിധിയിലായി. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് കനകക്കുന്ന് കൊട്ടാരത്തിലെ 'നിശാഗന്ധി' ഓഡിറ്റോറിയം. പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാര്‍ക്കിലാണ്.

തിരുവനന്തപുരത്ത് നേപ്പിയര്‍ മ്യൂസിയത്തിനരികിലാണ് കനകക്കുന്ന് കൊട്ടാരം നിലകൊള്ളുന്നത്. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളില്‍ നടത്തിവരുന്ന ഓള്‍ ഇന്ത്യാ ഡാന്‍സ് ഫെസ്റ്റിവല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ കനകക്കുന്ന് കൊട്ടാരം കൂടി സന്ദര്‍ശിച്ചാണ് മടങ്ങാറ്. നിരവധി പെയിന്റിങ്ങുകളും ചിത്രങ്ങളും ആകര്‍ഷകമായ വാസ്തുവിദ്യാ ചാതുരിയും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം. കവടിയാര്‍ കൊട്ടാരവും കൊട്ടാരത്തിന്റെ വാസ്തുവിദ്യകളും സഞ്ചാരികളില്‍ പ്രസിദ്ധമാണ്. കൊട്ടാരത്തിന്റെ കവാടം വളരെ മനോഹരമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് രാജകുടുംബത്തിന്റെ സ്വകാര്യ വസതി ആയതിനാല്‍ ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്.

വിനോദസഞ്ചാരികളെ മാത്രമല്ല വിദേശികളേയും ആകര്‍ഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനോട് ചേര്‍ന്ന പത്മതീര്‍ത്ഥക്കുളവും കുതിരമാളികയും മേത്തന്‍മണിയും സഞ്ചാരികളുടെ മനം കവരുന്നു. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ അനന്തപുരിയുടെ വളര്‍ച്ചയുടെ ആദ്യപടിയായി വിശേഷിപ്പിക്കാം .ഏഴു നിലയുള്ള ഗോപുരത്തോടു കൂടിയ കരിങ്കല്ലില്‍ വാര്‍ത്തെടുത്ത ഈ മഹാക്ഷേത്രത്തില്‍ കരിങ്കല്ലിലെ കൊത്തുപണികള്‍ ദ്രാവിഡ വാസ്തു ശില്പകലയുടെ സര്‍വ്വമനോഹാരിതയും പ്രകാശിപ്പിക്കുന്നു. ചരിത്രശേഖരങ്ങളുടെ അക്ഷയ ഖനിയായ കല്ലറയും ആനക്കൊട്ടിലും സോപാനവും ചുമര്‍ച്ചിത്രവും, തടാകക്ഷേത്രവും, ക്ഷേത്രത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു. രാജഭരണകാലം മുതല്‍ തുടര്‍ന്നുപോരുന്നതും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം നടന്നുവരുന്നതുമായ ആറാട്ട് മഹോത്സവം ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പക്ഷേ രാജ വാഴ്ചക്കാലത്തെ ഉത്സവച്ചടങ്ങുകളുടെ വര്‍ണ്ണശബളിമയൊന്നും ഇന്നില്ല.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാഴ്ചകള്‍ക്ക് ശേഷം സഞ്ചാരികളെ കാത്തിരിക്കുന്നത് കുതിരമാളികയിലെ മനംമയക്കും കാഴ്ചകളാണ്. മനോഹരമായ കൊത്തുപണികളോടുകൂടിയ തിരുവിതാംകൂര്‍ ശൈലിയില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപം പണികഴിപ്പിച്ച ശില്പസൗകുമാര്യമാര്‍ന്ന കുതിരമാളിക. അമൂല്യ വസ്തുക്കളും, ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം കൂടിയാണിവിടം. കുതിരയുടെ ആകൃതിയില്‍ നിരനിരയായി ഘടിപ്പിച്ചിട്ടുള്ള ശില്പങ്ങളുടെ അപൂര്‍വ്വ സമുച്ചയം കൊണ്ടാവണം കുതിരമാളികയെന്നു പേരിനു പിന്നിലെ ഐതിഹ്യം. കൊട്ടാരത്തിന്റെ ഉള്ളിലേയ്ക്ക് കടന്നു ചെന്നാല്‍ തടിയില്‍ നിര്‍മ്മിച്ച പല രീതിയില്‍ ഉള്ള കഥകളി രൂപങ്ങള്‍ ഉള്‍പ്പെടെ കഥകളി വേഷങ്ങളും മനോഹരമായി പകര്‍ത്തിയിരിക്കുന്നതു കാണാം. പ്രസിദ്ധമായ മേത്തന്‍ മണി ഈ കൊട്ടാരത്തിന്റെ വടക്ക് വശത്താണ്. കഴിഞ്ഞ കാലഘട്ടത്തിന്റെ ഓര്‍മ്മ നിലനിറുത്തുവാനായി ഒട്ടനവധി ചരിത്രസ്മാരകങ്ങളുടെ ശേഖരണവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കായല്‍ തീരത്തുള്ള വീക്കെന്‍ഡ് പിക്‌നിക്ക് പോയിന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രം കൂടിയാണിവിടം. കടല്‍ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴിമുഖം മറ്റൊരു പ്രധാന ആകര്‍ഷണം. ഒരു ചെറിയ മണല്‍ത്തിട്ട കായലിനെയും കടലിനെയും വേര്‍തിരിക്കുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഭക്ഷണശാല, കടല്‍ത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പാലം, മനേഹരമായ ഉദ്യാനം എന്നിവ വേളിയുടെ മാറ്റ് കൂട്ടുന്നു. വിശാലമായ ഒരു പാര്‍ക്കും വിശിഷ്ടങ്ങളായ ശില്‍പങ്ങളും വേളിയെ പെരുമയിലെത്തിച്ചിരിക്കുന്നു. ഫൈബര്‍ പ്‌ളാസ് ബോട്ടുകളില്‍ തടാകത്തിന്റെ സൗന്ദര്യം നുകരാന്‍ ബോട്ടിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. തിരുവനന്തപുരം തമ്പാനൂര്‍ നിന്നും 8 കി.മീ യാത്ര ചെയ്താല്‍ വേളിയിലെത്താം.

വേളി കായല്‍ കടലില്‍ ലയിക്കുന്ന ഭാഗമാണ് ആക്കുളം കായല്‍ . കുട്ടികളുടെ പാര്‍ക്കും അമ്യൂസ്‌മെന്റ് പാര്‍ലറും കായലിനു മദ്ധ്യേയുള്ള കൃത്രിമ ദ്വീപും ഫ്‌ളോട്ടിങ് റസ്‌റ്റോറന്റും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വേളിയിലെത്തുന്നവര്‍ എന്തായാലും ആക്കുളം കായല്‍ കാഴ്ചകള്‍ ആസ്വാദിക്കാതെ മടങ്ങാറില്ല.

അസ്തമയം വീക്ഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഹരം പകരുന്ന സ്ഥലമാണ് ശംഖുമുഖം കടലോരം. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടല്‍ത്തീരവും വെളുത്ത മണല്‍ത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. വിമാനത്താവളത്തോടും, വേളി ടൂറിസ്റ്റ് വില്ലേജിനോടും ചേര്‍ന്നു കിടക്കുന്ന ശംഖുമുഖം ബീച്ച് സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മത്സ്യ കന്യകയുടെ ശില്പം, നക്ഷത്ര മത്സ്യത്തിന്റെ രൂപത്തിലുളള റസ്റ്റാറന്റ്, കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക് എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണീയതകളാണ്. ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ലബ്ബ്, റോളര്‍ സ്‌കേറ്റിംഗ് എന്നിവയും ശംഖുമുഖം ബീച്ചിനെ വിനോദ സഞ്ചാരികളോട് അടുപ്പിച്ച് നിര്‍ത്തുന്നു.

തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലഭ്യമാണ്. കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (3 minutes ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (25 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (44 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (10 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

Malayali Vartha Recommends