ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയ്ക്ക് നിർണായക സ്ഥാനം:- യുദ്ധത്തിന് പിന്നിലെ കാരണം ഇത്...

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയ്ക്ക് നിർണായക സ്ഥാനം ഉണ്ട്. വെസ്റ്റ് ബാങ്കിലെ ജറുസലേമിൽ 1400 വർഷം പഴക്കമുള്ള അൽ അഖ്സ പള്ളി സ്വന്തമാക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളും പള്ളിയെ മോചിപ്പിക്കാനുള്ള ഇസ്ലാം സമൂഹത്തിന്റെ തീവ്രാഭിലാഷവുമാണ് അതിന് കാരണം. അതുകൊണ്ടാണ് ഹമാസിന്റെ സൈനിക ഓപ്പറേഷന് 'അൽ അഖ്സ ഫ്ലഡ്' എന്ന് പേരിട്ടതും. ക്രൈസ്‌തവ, ഇസ്ലാം, ജൂത മതങ്ങൾക്ക് ഒരു പോലെ വിശുദ്ധ കേന്ദ്രമാണ് ജറുസലേം.
അവിടത്തെ ടെമ്പിൾ മൗണ്ട് ജൂതരുടെയും പുണ്യ കേന്ദ്രമാണ്. ടെമ്പിൾ മൗണ്ടിലാണ് അൽ അഖ്സ പള്ളിയും. മക്ക പള്ളിയും മദീന പള്ളിയും കഴിഞ്ഞാൽ ഇസ്ലാമിന് ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ പള്ളിയാണ് ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ പള്ളി.
പരിശുദ്ധ ഖുറാനിൽ രണ്ട് പള്ളികളാണ് പരാമർശിച്ചിട്ടുള്ളത്. മക്ക പള്ളിയും ജറുസലേമിലെ അൽ അഖ്സയും. രണ്ടും പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പ്രവാചകൻ ഒറ്റ രാത്രിയിൽ മക്ക പള്ളിയിൽ നിന്ന് അൽ അഖ്സ പള്ളിയിൽ വന്നശേഷം ദൈവസന്നിധിയിൽ എത്തിയെന്നും വിശ്വാസികൾക്ക് ദൈവം കൽപ്പിച്ചു നൽകിയ അഞ്ച് നിസ്‌കാരങ്ങളുമായി മടങ്ങിയെന്നുമാണ് വിശ്വാസം.
ഇസ്ലാം വിശ്വാസികൾ ഇപ്പോൾ നിസ്‌കരിക്കുന്നത് മക്ക പള്ളിയുടെ ദിശയിലാണ്. എന്നാൽ ആദ്യത്തെ കിബില പള്ളി അൽ അഖ്സയായിരുന്നു. പ്രാർത്ഥനയുടെ കാര്യത്തിലും മക്കയും മദീനയും കഴിഞ്ഞാൽ പ്രധാനം അൽ അഖ്സയാണ്. അൽ അഖ്സ പള്ളിയിലും ടെമ്പിൾ മൗണ്ടിലും രണ്ട് പതിറ്റാണ്ടായി ഇസ്രയേലിലെ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള ജൂത വിശ്വാസികൾ നിരന്തരം വന്നുകൊണ്ടിരിക്കയാണ്. ഇസ്രയേൽ പിന്തുണയോടെ ജൂത കുടിയേറ്റവും നടക്കുന്നുണ്ട്.
2000ത്തിൽ അന്നത്തെ ഇസ്രയേൽ പ്രതിപക്ഷനേതാവും ലിക്കുഡ് പാർട്ടി നേതാവുമായിരുന്ന ഏരിയൽ ഷാരോണും പാർലമെന്റ്ംഗങ്ങളും നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ പള്ളിയിൽ കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഷാരോൺ പറഞ്ഞത് ടെമ്പിൾ മൗണ്ട് ജൂതരുടെ പുണ്യസ്ഥലമാണെന്നും അത് നമ്മുടെ കൈവശമാണെന്നുമാണ്. അതിൽ ഉയർന്ന പ്രതിഷേധമാണ് അഞ്ച് വർഷം നീണ്ട അക്രമാസക്തമായ രണ്ടാം അറബ് വിപ്ലവത്തിലേക്ക് നയിച്ചത്.
ആയിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പാലസ്തീനികളെ ഇസ്രയേൽ തടവിലാക്കി.ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗീർ ഒരു വർഷത്തിനിടെ മൂന്ന് തവണ ടെമ്പിൾ മൗണ്ടിലെത്തി. ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ അംഗങ്ങളും അടിക്കടി എത്തി. ഈ മാസം നാലിന് ഇസ്രയേലി കുടിയേറ്റക്കാർ ഇസ്രയേൽ പൊലീസിന്റെ സുരക്ഷയിൽ പള്ളിയിൽ അതിക്രമിച്ചു കയറി. മുസ്ലീം വിശ്വാസികളെ തടയുകയും ചെയ്‌തു.
കഴിഞ്ഞ റംസാൻ കാലത്ത് ഇസ്രയേൽ പൊലീസ് രണ്ട് തവണ പള്ളിയിൽ ഇരച്ചു കയറി റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവച്ച് ഇസ്ലാം വിശ്വാസികളെ പുറത്താക്കിയിരുന്നു. 1967ലെ യുദ്ധത്തിൽ ഗാസയും വെസ്റ്റ് ബാങ്കും പിടിച്ചെടുത്തതോടെയാണ് അൽ അഖ്സ പള്ളിയും ഇസ്രയേൽ നിയന്ത്രണത്തിലായത്. അന്നത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി മോഷെ ദയാൻ, പള്ളിയുടെ ഭരണം ഇസ്ലാമിക വക്കഫിൽ നിലനിർത്തി, സുരക്ഷ ഇസ്രയേൽ ഏറ്റെടുക്കുകയായിരുന്നു.
ആദ്യമൊക്കെ മുസ്ലീം ഇതരർക്ക് പ്രത്യേക അവസരങ്ങളിൽ മാത്രമായിരുന്നു പ്രവേശനം. അവർക്ക് ആരാധന വിലക്കിയിരുന്നു. മുസ്ലീങ്ങൾക്ക് എപ്പോഴും പ്രവേശനവും ആരാധനയും അനുവദിച്ചിരുന്നു. പിന്നെ പിന്നെ ഇസ്രയേൽ സൈന്യം മുസ്ലിങ്ങളെ വിലക്കി. അതിന് ശേഷവും തുടരുന്ന ഇസ്രയേൽ അതിക്രമങ്ങളും പാലസ്തീനികളുടെ തിരിച്ചടിയുമാണ് ഇപ്പോൾ യുദ്ധത്തിൽ കലാശിച്ചത്.
'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ് നൂറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണെന്നാണ് ഹമാസ് വക്താവ് ഖലേദ് ക്വദോമി അല്‍ ജസീറക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. 'പലസ്തീന്‍ ജനതക്കും അല്‍ അഖ്‌സ പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ക്കും ഗാസയ്ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഈ കാര്യങ്ങളാണ് യുദ്ധം ആരംഭിക്കാന്‍ കാരണം''- എന്നാണ് ഖലേദിന്റെ വാദം.
ഭൂമിയിലെ അവസാന അധിനിവേശം അവസാനിപ്പിക്കാനുള്ള യുദ്ധത്തിന്റെ ദിവസങ്ങളാണിതെന്ന് ഹമാസിന്റെ സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡെയ്ഫും പറയുന്നു. തോക്കുകള്‍ കൈവശമുളളവര്‍ പുറത്തിറേക്കണ്ട സമയമാണെന്നാണ് മുഹമ്മദ് ഡെയ്ഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്‌തെന്നായിരുന്നു, ആക്രമണങ്ങളോട് ഇസ്രയേല്‍ നടത്തിയ പ്രതികരണം. പിന്നാലെ യുദ്ധ പ്രഖ്യാപനം, തിരിച്ചടി.
ഗാസയിൽ ഇതുവരെ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗാസ മുനമ്പിന് സമീപം അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണ്.
വളരെയധികം പേരെ വധിച്ചെങ്കിലും ഇനിയും ഒരുപാടുപേര്‍ വീടുകളിലും മറ്റും ഒളിച്ചിരിക്കുന്നതായാണ് വിവരം. ഹമാസിനെതിരായ നടപടി ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം നീണ്ടുപോവുകയാണ്. ഗാസയില്‍ 1,000ത്തിലേറെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഗാസ അതിര്‍ത്തി വഴി കൂടുതല്‍ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha