സംസ്ഥാനത്ത് പാരാമെഡിക്കല്‍ കൗണ്‍സില്‍ രൂപവത്കരണം നീളുന്നു: തിരിച്ചടിയാകുന്നത് വിദേശത്ത് ജോലിതേടുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്, നൂറുകണക്കിന് ഉദ്യോഗാര്‍ഥികൾ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് പാരാമെഡിക്കല്‍ കൗണ്‍സില്‍ രൂപവത്കരണം നീളുന്നത് വിദേശത്ത് ജോലിതേടുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകൃത കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തിയാലേ വിദേശത്ത് ജോലിക്ക് അപേക്ഷിക്കാന്‍ കഴിയൂ. ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ കഴിഞ്ഞ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് ഇതുകാരണം പ്രതിസന്ധിയിലാവുന്നത്.
നേരത്തേ അതത് അസോസിയേഷനുകളായിരുന്നു ഉദ്യോഗാര്‍ഥികള്‍ നല്‍കുന്ന വിവരം പരിശോധിച്ച് മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ 2017-ല്‍ നിബന്ധന കൊണ്ടുവന്നു. മറ്റുള്ളവ നിരസിക്കുകയും ചെയ്തു. ഇതിനുശേഷം പാരാമെഡിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് പല രാജ്യങ്ങളിലും ജോലിക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനു പിന്നാലെയാണ് വ്യാജന്മാരെക്കൂടെ തടയുക എന്ന ലക്ഷ്യത്തോടെ 58 കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം അലെഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ ആക്ട് പാസാക്കിയത്. കൗണ്‍സില്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയക്കുകയും ചെയ്തു. കേരളത്തില്‍ സെപ്റ്റംബറോടെ കൗണ്‍സില്‍ നിലവില്‍വരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചിരുന്നു. പക്ഷേ, സംസ്ഥാനത്ത് അതിനുള്ള നടപടിക്രമം വൈകുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
എന്നാൽ, സംസ്ഥാനത്ത് അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടമായി ഉദ്യോഗസ്ഥതലയോഗം ചേര്‍ന്ന് ബന്ധപ്പെട്ടവര്‍ക്ക് ചുമതല നല്‍കി. പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha



























