ഒടുവില്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഏഴുവര്‍ഷം

ഒടുവിലിനേക്കാള്‍ നിഷ്‌കളങ്കനായ ഒരു മനുഷ്യനെ മലയാള സിനിമയില്‍ കണ്ടെത്തുക പ്രയാസമായിരിക്കും. സത്യനന്തിക്കാടിന്റെ ഭാഷയില്‍ ഒരു പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ആരോടും പരിഭവമില്ലാത്ത, വലിയ വലിയ ആഗ്രഹങ്ങളില്ലാത്ത ഒരു പാവം നാട്ടുംമ്പുറത്തുകാരന്‍. ആ മഹാനടന്‍ നമ്മെ വിട്ട് പോയിട്ട് ഇന്നേക്ക് ഏഴുവര്‍ഷം. കെട്ടിയാടാന്‍ ഒരുപറ്റം വേഷങ്ങള്‍ ബാക്കിവെച്ച് 2006 മെയ് ആറിനായിരുന്നു അദ്ദേഹം മരണത്തിനു മുന്‍പില്‍ കീഴടങ്ങിയത്.
തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ഒടുവില്‍ വീട്ടില്‍ കൃഷ്‌ണ മേനോന്റേയും പാറുകുട്ടി അമ്മയുടേയും മകനായി 1938 ഫെബ്രുവരി പതിമൂന്നിനാണ് ഒടുവില്‍ ഉണ്ണികൃഷ്‌ണന്റെ ജനനം. 1973 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്‌ത ദര്‍ശനത്തിലൂടെയാണ് അദ്ദേഹം ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് നൂറ്റി നാല്‍പത് സിനിമകളിലോളം ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രമാണ് അവസാന ചിത്രം. 2002ല്‍ അടൂരിന്റെ നിഴല്‍കൂത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഒടുവിലിന് ലഭിച്ചു. 95ല്‍ അടൂരിന്റെ തന്നെ കഥാപുരുഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനും 96ല്‍ സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ കൊട്ടാരത്തിലെ അഭിനയത്തിനും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഒടുവിലിനെ തേടിയെത്തിയിരുന്നു.
അഭിനയത്തിനു പുറമെ സംഗീതത്തിലും തല്‍പരനായിരുന്നു ഒടുവില്‍. ചെറുപ്പത്തില്‍ സംഗീതം അഭ്യസിച്ച അദ്ദേഹം മൃദംഗത്തിലും തബലയിലും പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. കലാമണ്ഡലം വാസുദേവ പണിക്കരുടെ കീഴിലായിരുന്നു സംഗീത പഠനം. കെ.പി.എ.സി നാടകങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയ പ്രവേശം. നാടകങ്ങളില്‍ തബല വായിക്കാനെത്തിയ അദ്ദേഹത്തിന് ചെറിയ വേഷങ്ങളില്‍ അവസരം ലഭിക്കുകയായിരുന്നു. അറുപത്തിയെട്ടാം വയസ്സില്‍ വ്യക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒടുവില്‍ മരണം തട്ടിയെടുക്കുമ്പോള്‍ മലയാളികളുടെയെല്ലാം ഉണ്ണിയേട്ടനായി മാറിയിരുന്നു ആ മഹാ പ്രതിഭ.
https://www.facebook.com/Malayalivartha