"മമ്മൂട്ടി" എന്ന വിഗ്രഹം ഉടഞ്ഞുപോകുമെന്ന ഭയമാണോ?;; 'ഡബ്ല്യു.സി.സി, ഹേമ കമ്മീഷന്‍, ദിലീപ്-വിജയ് ബാബു വിഷയങ്ങളില്‍ ചോദ്യവുമില്ല, ഉത്തരവുമില്ല'; മമ്മൂട്ടിയുടെ അഭിമുഖം കയ്യടി നേടുമ്പോൾ സോഷ്യല്‍ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!

മലയാള സിനിമാ ഇന്ഡസ്ട്രിയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. മലയാളത്തിലെ ജനപ്രിയ നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് ആയിരുന്നു എല്ലാത്തിനും തുടക്കം കുറിച്ചത്. അഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും കേസിൽ നടിയ്ക്ക് നീതിലഭിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ആർക്കും സാധിച്ചിട്ടില്ല.
ദിലീപ് കേസ് കത്തിനിൽക്കുമ്പോൾ തന്നെ ആണ് മീ റ്റു ആരോപണത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു കുടുങ്ങിയത്. ഈ കേസിൽ നടി അത്ര പ്രമുഖ അല്ലാത്തതുകൊണ്ട് മാധ്യമങ്ങളിൽ വലിയ ചർച്ച ആയിട്ടില്ല. മലയാളികൾക്കിടയിലും വലിയ പ്രതിഷേധങ്ങളും ഹാഷ് ടാഗ് വിപ്ലവങ്ങളും ഉണ്ടായിക്കണ്ടില്ല. അതുമാത്രമല്ല, സിനിമാ നടികൾ ആയതുകൊണ്ട് അവർ അവസരത്തിന് വേണ്ടി എന്തും ചെയ്യും അപ്പോൾ അവരെയും എന്തും ചെയ്യാം എന്നുള്ള ഒരു തരം ടിപ്പിക്കൽ മലയാളി മനസും ഇതിന് കാരണമാണ്.
അതേസമയം, സ്ത്രീകൾക്ക് വേണ്ടി കെട്ടിപ്പൊക്കിയ സംഘടനകൾ പോലും പലപ്പോഴും നോക്കുകുത്തികളാകുകയാണ്. "അമ്മ"( എ എം എം എ ) എന്ന അച്ഛൻ സംഘടനയ്ക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ ഡബ്ല്യൂ സി സിയ്ക്ക് സാധിക്കുന്നില്ല എന്ന് വേണം വിലയിരുത്താൻ. ഹേമ കമ്മീഷൻ റിപ്പോർട്ടും പുറത്തുവിടുന്നില്ല. ചുരുക്കത്തിൽ മലയാള സിനിമയിൽ നായികമാർ സിനിമയിലെന്ന പോലെ യാഥാർത്ഥത്തിലും നായകന്മാരെ പ്രകീർത്തിക്കാനും നായകന്റെ പൗരുഷം കണ്ട് അതിശയിക്കാനും വേണ്ടിയുള്ളവരാണോ?
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിച്ചുക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ അഭിമുഖങ്ങളാണ്. പുതിയ ചിത്രമായ പുഴുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ അഭിമുഖങ്ങളുടെ ഷോട്ട് വീഡിയോകളും കുറുപ്പുകളുമൊക്കെ വൈറലാവുകയാണ്.
മിക്കവാറും പല അഭിമുഖങ്ങളിലും അദ്ദേഹം തന്റെ കരിയറിനെ പറ്റിയും സിനിമയിലെ നിരീക്ഷണങ്ങളും മാറ്റങ്ങളും ടെക്‌നോളജിയുടെ വളര്‍ച്ചയെ പറ്റിയുമൊക്കെയാണ് സംസാരിക്കുന്നത്. മമ്മൂട്ടിയുടെ പല നിലപാടുകളേയും പ്രശംസിച്ചും കയ്യടിച്ചുമാണ് സോഷ്യല്‍ മീഡിയ സ്വീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അഭിമുഖങ്ങള്‍ക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
സിനിമ മേഖലയില്‍ സജീവ ചര്‍ച്ചയിലിരിക്കുന്ന മീ ടൂ മൂവ്‌മെന്റ്, ഡബ്ല്യു.സി.സി, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്, ദിലീപ്-വിജയ് ബാബു വിഷയങ്ങളുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ അഭിമുഖങ്ങളില്‍ എന്തുകൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
സൂപ്പര്‍ സ്റ്റാറുകളുടെ അഭിമുഖങ്ങള്‍ക്ക് മുമ്പ് ഇത്തരം വിഷയങ്ങളില്‍ ചോദ്യങ്ങളുണ്ടാകരുത് എന്ന് പി.ആര്‍.ഒമാരും ക്രൂ മെമ്പേഴ്‌സും ഇന്റര്‍വ്യൂവേഴ്‌സിന് നിര്‍ദേശം കൊടുക്കാറുണ്ടെന്നും അതിനാലായിരിക്കും ചോദ്യങ്ങളുണ്ടാകാത്തതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനെ പറ്റി നിരവധി പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വശത്ത് നടക്കുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വന്നിരുന്നു പാര്‍വതിക്കൊക്കെ പൊളിറ്റിക്‌സ് പറയേണ്ടി വരുന്നിടത്ത് മമ്മൂട്ടിക്ക് സിനിമ മാത്രം പ്രൊമോട്ട് ചെയ്ത് പോയാല്‍ മതി എന്നത് അദ്ദേഹത്തിന് ലഭിക്കുന്ന പ്രവിലേജാണെന്ന് ചിലര്‍ പറയുന്നു.
വിനായകനെ പോലുള്ളവര്‍ക്ക് പ്രെസ് മീറ്റില്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തി കാണിച്ചും ചിലര്‍ വിമര്‍ശനങ്ങള്‍ കുറിക്കുന്നുണ്ട്.മമ്മൂട്ടിയുടെ ഇന്റര്‍വ്യൂ കേട്ടിരിക്കാന്‍ രസമാണെങ്കിലും നിലപാടൊന്നും ഉണ്ടായതായി തോന്നിയിട്ടില്ലല്ലെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്. സിനിമയുടെ പ്രൊമോഷന് എന്നല്ല, എവിടെ പോയാലും മമ്മൂട്ടി പൊളിറ്റിക്‌സ് സംസാരിക്കില്ലെന്നും ആരും ചോദിക്കുകയും ഇല്ലെന്നും ചില കുറിപ്പുകളുണ്ട്.
മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ അഴിച്ചു പണി ആവശ്യപ്പെടുന്ന അവസരം, ദേശീയ തലത്തില്‍ തന്നെ എല്ലാവരും ഉറ്റു നോക്കുന്ന വിഷയങ്ങള്‍ നടക്കുന്ന സമയം, സ്വന്തം തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ അനീതി, ഇതിലൊന്നും ഇടപെടാതെ ഞാനൊന്നും ഈ ലോകത്തെ ഉള്ള ആളല്ല എന്ന രീതിയില്‍ ഇപ്പോളും ഇന്റര്‍വ്യൂസ് നടക്കുമ്പോള്‍, ഇദ്ദേഹത്തെ പോലൊരാള്‍ ഇപ്പോള്‍ ഒരു നിലപാടെടുത്താല്‍ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന ഇമ്പാക്റ്റ് വലുതായിരിക്കുമെന്നും സൈബറിടം പറയുന്നു.
സ്ത്രീ സംവിധായികയെ പറ്റി ചോദ്യങ്ങളുണ്ടായിരുന്നുവെങ്കിലും ജെന്റര്‍ വെച്ച് തിരിച്ച് ഒരു തൊഴിലിനേയും മാറ്റിനിര്‍ത്താന്‍ പറ്റില്ലെന്നും വിവേചനം ഒരു കാലഘട്ടത്തിലായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് മമ്മൂട്ടി പറയുന്നത്. ഇപ്പോഴും പുരുഷാധിപത്യത്തിന് കീഴിലുള്ള സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീ സംവിധാനം ചെയ്യുന്നത് ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യമേ ഇല്ല എന്നാണോ മമ്മൂട്ടി പറയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha