സീരിയലിലെ കഥാപാത്രത്തിന് സംഭവിച്ച അപകടം യഥാർത്ഥ ജീവിതത്തിലും നടന്നു: നടി അനു നായരും, സുഹൃത്തും സഞ്ചരിച്ച കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം :- സംഭവിച്ചത് ഇതാണ്

സീരിയലിൽ കഥാപാത്രത്തിന് സംഭവിച്ച അപകടം യഥാർത്ഥ ജീവിതത്തിലും നടന്നതിന്റെ ഞെട്ടലിലാണ് താരവും, ആരാധകരും. പ്രമുഖ ചാനലിലെ സ്വന്തം സുജാത എന്ന സീരിയലിൽ അതിലെ വില്ലത്തി കഥാപാത്രം റൂബി അപകടത്തിൽ പെടുന്ന രംഗം സംപ്രേഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആ കഥാപാത്രം അവതരിപ്പിച്ച നടി അനു നായർക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് സീരിയൽ നടി അനു നായരും, സുഹൃത്ത് അഞ്ജലിയും അപകടത്തിൽപ്പെട്ടത്.
.
പക്ഷെ ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം തകര്‍ന്നുകിടക്കുന്ന റോഡിലാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിക്ക് ഏറ്റില്ല.
കാറില്‍നിന്ന് പുറത്തിറങ്ങിയ നടിയും സുഹൃത്തും കൊക്കയില്‍ നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലേക്ക് കയറുകയായിരുന്നു. സംഭവം നടക്കുമ്പോൾ റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാർ കൊക്കയിലേയ്ക്ക് പതിയുന്നത് ആരും കണ്ടിരുന്നില്ല. റോഡിലേക്ക് കയറിയ ഇവർ മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി.
തുടർന്ന് മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകാന്‍ ജീപ്പും തരപ്പെടുത്തി നൽകുകയായിരുന്നു. ഇരുവർക്കും വളരെ നിസ്സാരമായ പരിക്കുകളാണ് പറ്റിയിട്ടുള്ളത് എന്നത് ഒരു ആശ്വാസമാണെന്ന് ആരാധകർ പറയുന്നു.
https://www.facebook.com/Malayalivartha