ഉച്ചമയക്കത്തിൽ മമ്മൂട്ടി ഒരു സ്വപ്നം കണ്ടു... നൻപകൽനേരത്തു മയക്കം!

ഉച്ചമയക്കത്തിൽ മമ്മൂട്ടി ഒരു സ്വപ്നം കണ്ടു... ഈ സ്വപ്നമാണല്ലോ ഇപ്പോൾ സിനിമാപ്രേമികളുടെ ചർച്ചാവിഷയം. നൻപകൽനേരത്തു മയക്കം! മമ്മൂട്ടി തകർത്തഭിനയിച്ച ഈ ലിജോജോസ് പെല്ലിശ്ശേരി ചിത്രത്തിലെ മനശാസ്ത്രപരമായ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിലെ, സ്വപ്നം കാണൽ സ്വാഭാവികമാണോ അല്ലയോ എന്നൊക്കെയുള്ള ചർച്ചകൾക്കിടയും തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്.
ഒരു നാടകവണ്ടിയിൽ തമിഴ്നാട്ടിലെ ക്രിസ്തീയ ദേവാലയത്തിലേക്ക് യാത്ര പോയി വരുന്നവഴി നായകനായ മമ്മൂട്ടിക്ക് സംഭവിക്കുന്ന പകപരം വയ്ക്കാനാവാത്ത സ്വപ്നാനുഭവത്തിന്റെ കഥയാണ് നൻപകൽ നേരത്ത് മയക്കം എന്ന് വളരെ ചുരുക്കി പറയാമെങ്കിലും അതിലേറെ മറ്റു പലതുമാണ് സിനിമ. യാത്രയിൽ വാഹനത്തിനുള്ളിൽ എല്ലാവരും മയങ്ങുമ്പോൾ പെട്ടെന്നുണർന്ന മമ്മൂട്ടിയുടെ കഥാപാത്രം ജയിംസ് മുൻപരിചയം ഉള്ളതുപോലെ ഒരു തമിഴ് ഗ്രാമത്തിലേക്ക് പോകുന്നതും അവിടെയൊരു വീട്ടിലെ രണ്ടുവർഷം മുൻപ് മരണപ്പെട്ട സുന്ദരം എന്ന മനുഷ്യനായി കുറച്ചു മണിക്കൂറുകൾ ജീവിക്കുന്നതുമാണ് സിനിമയുടെ കാതൽ.
പകൽ നേരത്തെ മയക്കത്തിൽ ഇങ്ങനെയൊരു സ്വപ്നം സാധ്യമോ എന്ന് അൽപ്പമൊരു സംശയത്തോടെ അന്വേഷിക്കുകയാണ് പലരും. പകൽമയക്കത്തിൽ വന്നുപോകുന്നതു സ്വപ്നങ്ങളാണോ അതോ തോന്നലുകളാണോ... അവയെയാണോ ദിവാസ്വപ്നം എന്നു വിളിക്കുന്നത്. നമുക്കറിയില്ല.... മലയാളി വാർത്തക്ക്, മനഃശാസ്ത്രപരമായി മറുപടി തരുകയാണ് സൈക്കോളജിസ്റ് അമർ രാജൻ.
കൂടെവന്ന ഒപ്പമുള്ളവരെ തിരിച്ചറിയാനാവാതെ, സുന്ദർ ആയി തന്നെ ജീവിക്കുന്ന ജെയിംസണിനെ കൂട്ടിക്കൊണ്ടുപോകാനുള്ള കാത്തിരിപ്പും കഷ്ടപ്പാടുകളും വല്ലാത്തൊരു വിങ്ങലോടെ മാത്രമേ കണ്ടിരിക്കാനാവൂ. അഭിനേതാക്കളായ അശോകൻ, രാജേഷ് ശർമ്മ, തുടങ്ങി ചിത്രത്തിലെ എല്ലാവരും തന്നെ ഏച്ചുകെട്ടലുകളില്ലാത്ത, തികച്ചും സ്വാഭാവികമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നാടകമാണോ നാടകത്തിലെ ജീവിതമാണോ അതോ സിനിമക്കുള്ളിലെ നാടകമാണോ ചിത്രം എന്നൊക്കെ തോന്നിപ്പിക്കും നൻപകൽ നേരത്ത് മയക്കം എന്ന ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം.
മരണാനന്തരം ആത്മാവ് മറ്റൊരാളിലെത്തുന്ന തികച്ചും സ്പിരിച്വൽ ആയ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തൽ ആണ് എന്ന് തോന്നുമെങ്കിലും സ്വപ്നവും യാഥാർത്ഥ്യവും വേർതിരിക്കാനാവാത്ത മായികാനുഭവമാണ് കാണാനാവുന്നത് . വിശ്വാസങ്ങളും, ശാസ്ത്രവും, തമിഴ്- മലയാള സംസ്കാരങ്ങളും ഒക്കെ ഇഴ ചേർന്ന്, ഒന്ന് ഒന്നിനോട് വേർതിരിച്ചെടുക്കാനാവാത്ത സിനിമാ അനുഭവമാണ് നൻപകൽ നേരത്ത് മയക്കം എന്നതിൽ സംശയമില്ല.
ആദി ദ്രാവിഡ ഭാഷയായ തമിഴിലെ എക്കാലത്തെയും മികച്ച കൃതിയായ തിരുക്കുറലിനെ സിനിമയിലുടനീളം ഒരു പ്രധാന അംശമായി തന്നെ നിലനിർത്തുന്നുണ്ട്. നിശ്ചിത നേരത്തിനുശേഷം വീണ്ടും പഴയ ആളിന്റെ ഒര്മയിലേക്കും ജീവിതത്തിലേക്കും അയാൾ തിരികെവരുന്നു. മരിച്ചുപോയ സുന്ദറിന്റെ ആത്മാവ് ആവേശിച്ചതാണോ എന്ന് തോന്നിപ്പിക്കും വിധം ബലിക്കാക്കയും നായയും വരെ ബിംബങ്ങളാവുന്നു. ഏറ്റവുമൊടുവിൽ മമ്മൂട്ടിയും കൂട്ടരും വാഹനത്തിൽ കയറി യാത്ര തിരിക്കുമ്പോൾ പിന്നാലെ പോകുന്ന നായയും പ്രധാന വേഷത്തിൽ എത്തി എന്നുപറയാം. അപ്പോഴും കാഴ്ചക്കാരൻ ഒരു ഉച്ചമയക്കത്തിലെ ദിവാസ്വപ്നമെന്നോണം സിനിമ തീർന്നു എന്നത് ഉൾക്കൊള്ളാൻ ആവാതെ ഇരുന്നുപോവും.
https://www.facebook.com/Malayalivartha