പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് 'ഭൗമ'. അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ലുക്കുകളോടെയാണ് കൗതുകം നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രണ്ട് കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, ജനാർദ്ദനൻ, ലെന, രേവതി ശർമ്മ, കാവ്യ ഭാനു, അനിത നായർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനറും നിബിൻ വർഗീസ് കലാസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ് ആണ്.
https://www.facebook.com/Malayalivartha
























