മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുന്നത് ടെന്‍ഷന്‍: സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ടെന്‍ഷന്‍ മുഴുവനും സംവിധായകനാണെന്ന് സത്യന്‍ അന്തിക്കാട്. കാരണം മമ്മൂട്ടി ചോദ്യങ്ങള്‍ ചോദിച്ച് നിരന്തരം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ആ കഥാപാത്രമെന്താണ്? അയാള്‍ എങ്ങനെയാണ് പെരുമാറുന്നത്. എന്തൊക്കെയാണ് അയാളുടെ മാനറിസങ്ങള്‍, വേഷവിധാനങ്ങള്‍ എന്താണ്? എന്നൊക്കെ ലോകത്തെവിടെയായിരുന്നാലും അദ്ദേഹം ചോദിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ തിരക്കഥ എഴുതുന്നിടത്ത് ആരോടും പറയാതെ കടന്ന് വരും. അവിടെയും ഇത്തരം സംശയങ്ങളാണ് അദ്ദേഹം ചോദിക്കുന്നത്.
ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് മമ്മൂട്ടിയുടെ വിശേഷങ്ങള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി കുറേ സിനിമകള്‍ സത്യന്‍ അന്തിക്കാട് ചെയ്തിട്ടുണ്ട്. താരത്തിന് തിരക്ക് കൂടിയതോടെയാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാത്തത്. എന്നാലും മമ്മൂട്ടിയുടെ എല്ലാ സിനിമകളും കണ്ടിട്ട് സത്യന്‍ അന്തിക്കാട് വിളിക്കും. അതുപോലെ സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ റിലീസാകും മുമ്പ് മമ്മൂട്ടി കാണും. എന്നിട്ട് എത്ര രാത്രിയായാലും വിളിക്കും.
കനല്‍കാറ്റ്, ഗോളാന്തരവാര്‍ത്തകള്‍, ഒരാള്‍ മാത്രം, ശ്രീധരന്റെ ഒന്നാം തിരുമുറിവുകള്‍, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, അര്‍ത്ഥം, കളിക്കളം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയത്. കളിക്കളം രണ്ട് പേരില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സിനിമയായിരുന്നു. അത് വലിയ ഹിറ്റായി.
https://www.facebook.com/Malayalivartha





















