വിക്രമിന്റെ മരുമകന്‍ കരുണാനിധിയുടെ കുടുംബത്തില്‍ നിന്ന്

മലയാളത്തിന്റെ മരുമകനായ നടന്‍ വിക്രമിന്റെ മകളുടെ വിവാഹം വരുന്ന കേരളപ്പിറവിക്ക്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ കൊച്ചുമകളുടെ മകന്‍ മനുരഞ്ജിത്താണ് വരന്‍. കഴിഞ്ഞ ജൂലായ് 10ന് ചെന്നൈയിലായിരുന്നു വിവാഹനിശ്ചയം. കണ്ണൂര്‍ സ്വദേശിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്റെ ഭാര്യ. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 1992ലാണ് വിക്രം ഷൈലജയെ കല്യാണം കഴിച്ചത്. കല്യാണത്തെ തുടര്‍ന്ന് ഈമാസം 17 മുതല്‍ വിക്രം ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവച്ചു. ഡല്‍ഹിയില്‍ ഹരിയുടെ സ്വാമിയില്‍ അഭിനയിക്കുകയായിരുന്നു താരം. തൃഷയും കീര്‍ത്തി സുരേഷുമാണ് നായികമാര്‍.
വിക്രമിന്റെ മകള്‍ അക്ഷിതയും മനുവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. രണ്ട് വീട്ടുകാരെയും കാര്യങ്ങള്‍ അറിയിച്ചതോടെ ജീവിതയാത്രയ്ക്ക് വഴിയൊരുങ്ങുകയായിരുന്നു. ക്രിസ്തുമത വിശ്വാസിയായ കെന്നഡി ജോണ്‍ വിക്രം ഹിന്ദുവായ ഷൈലജയെ പ്രണയിച്ച് വിവാഹം കഴിച്ചത് പോലെ മകള്‍ അക്ഷിത ഹിന്ദുവായ മനുവിനെ പ്രണയിച്ചതും ഇപ്പോള്‍ വിവാഹം കഴിക്കുന്നതും യാദൃശ്ചികം മാത്രം. നിരവധി ചിത്രങ്ങളില്‍ പ്രണയനായകനായി അഭിനയിച്ച വിക്രം മകളുടെ പ്രണയമറിഞ്ഞപ്പോള്‍ ഏറെ സന്തേഷിച്ചു.
ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചാണ് നിശ്ചയം നടത്തിയത്. എന്നാല്‍ കല്യാണം അങ്ങനെയാകുമെന്ന് കരുതുന്നില്ല. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും ജോഷിയും ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. സൗത്തിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെയും നായികമാരുടെയും സംഗമാകുന്ന വിവാഹത്തിന്റെ സാറ്റലൈറ്റ് അവകാശത്തിനായി കോടിക്കണക്കിന് രൂപയാണ് ചാനലുകള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് വിക്രം അനുമതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha