നയന്‍താര ചിരഞ്ജീവിയുടെ നായികയാകുന്നു; 150 കോടിയുടെ പ്രോജക്ട്

പ്രായംകൂടുന്തോറും സുന്ദരിയാവുക മാത്രമല്ല, പ്രതിഫലം കൂടുതല്‍ വാങ്ങുകയും ചെയ്യുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് നയന്‍താര. ഡയാനാ കുര്യന്‍ എന്ന തിരുവല്ലക്കാരി ഒരു പതിറ്റാണ്ടിലേറേയായി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ നമ്പര്‍ വണ്‍ നായികയായി തിളങ്ങുകയാണ്. താരം അഭിനയിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുന്നത് അപൂര്‍വമാണ്. തിരക്കഥയുടെയും ബാനറിന്റെയും സെലക്ഷന് നയന്‍സ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അതുകൊണ്ടാണ് അടുത്തകാലത്ത് നയന്‍താര ടൈറ്റില്‍ റോളില്‍ അഭിനയിച്ച മായ, കേന്ദ്രകഥാപാത്രമായ ഡോറ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായത്. ഗ്ലാമര്‍ മാത്രമല്ല അഭിനയമികവ് കൂടിയാണ് നയന്‍താരയെ താരമാക്കുന്നത്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി തിളങ്ങിയ നയന്‍താര പത്ത് വര്‍ഷം മുമ്പ് അവര്‍ വാങ്ങുന്നതിലും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നു. കോളജ് കുമാരന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ആദ്യമായി ഒന്നേകാല്‍ക്കോടി പ്രതിഫലം കൈപ്പറ്റിയത്. അന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അന്ന് നയന്‍താര തമിഴില്‍ രണ്ട് കോടി രൂപയാണ് വാങ്ങിയിരുന്നത്. വ്യക്തിജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കരിയറിലൂടനീളം നയന്‍താരയുടെ ഗ്രാഫ് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. അത് അഭിനയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തികൊണ്ട് മാത്രമാണ്.
ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നായികയായി നയന്‍സിനെയാണ് വിളിച്ചത്. മുമ്പ് പ്രായമുള്ളവരുടെ നായികയാവാന്‍ പറ്റില്ലെന്ന് പറഞ്ഞ താരം അടുത്തിടെ നിലപാട് മാറ്റിയിരുന്നു. ആന്ധ്രയിലെ കര്‍നൂലില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ചിരഞ്ജീവിയുടെ മകനും യുവതാരവുമായ രാംചരണ്‍തേജയാണ് നിര്‍മിക്കുന്നത്. 150 കോടിയാണ് മുതല്‍ മുടക്ക്. സുരേന്ദ്ര റെഡ്ഡി മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. സാധാരണ ചിത്രങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഡേറ്റ് നിര്‍മാതാവ് ആവശ്യപ്പെട്ടതിനാല്‍ ആറ് കോടി രൂപ പ്രതിഫലം വേണമെന്ന് നയന്‍സ് ആവശ്യപ്പെട്ടു. ഇതറിഞ്ഞ പലരും അമ്പരന്നു.
എന്നാല്‍ ആറ് കോടിയല്ല അതിന്റെ ഇരട്ടി തരാമെന്ന് പറഞ്ഞ് രാംചരണ്‍ നയന്‍സിനെ ഞെട്ടിച്ചു. അച്ഛന്റെ 150ാം ചിത്രം ചരിത്രസംഭവമാക്കാനാണ് രാംചരണ്‍ ശ്രമിക്കുന്നത്. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. മറ്റ് പല സിനിമകളും ഒഴിവാക്കിയാണ് നയന്‍താര ചിരഞ്ജീവിയുടെ സിനിമയുമായി സഹകരിക്കുന്നത്. ചിരഞ്ജീവിയുടെ സമകാലികരായ വെങ്കിടേഷ്, നാഗാര്‍ജുന്‍ തുടങ്ങിയവരുടെ നായികയായി നയന്‍സ് തിളങ്ങിയിട്ടുണ്ട്. എന്നാല്‍ നയന്‍സ് തമിഴിലും തെലുങ്കിലും സജീവമായി വന്ന കാലത്ത് ചിരഞ്ജീവി രാഷ്ട്രീയത്തിലിറങ്ങിയതിനാല്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha