നടൻ കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു

കലാഭവൻ മണി എന്ന നടൻ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ അനുഗ്രഹീത നടൻ ഓർമ്മയായെങ്കിലും അദ്ദേഹം ബാക്കിവച്ചു പോയ ഓർമ്മകൾ മണിയെ സ്നേഹിക്കുന്നവരിൽ ഇന്നും കെടാതെ കത്തുന്നു.
ചാലക്കുടിയിലെ ഓട്ടോക്കാരനിൽ തുടങ്ങി തെന്നിന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായി മാറാൻ മണിക്ക് കഴിഞ്ഞു. ഇപ്പോഴിതാ മണിയുടെ ജീവിതം സിനിമയാകുന്നു. വിനയനാണ് സംവിധാനം. ചാലക്കുടിക്കാരൻ ചങ്ങാതി എന്നാണ് സിനിമയുടെ പേര്. തന്റെ ഫെയ്ബുക്കിലൂടെയാണ് വിനയൻ ഇതറിയിച്ചത്. വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സുഹൃത്തുക്കളെ,
കഴിഞ്ഞ ഒന്നരവർഷമായി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ എടുക്കണമെന്ന് മനസിൽ തോന്നിയിട്ട്. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരന് കൊടുക്കുന്ന ആദരവായി ഈ സിനിമ സമർപ്പിക്കുകയാണ്. പക്ഷേ ഒന്നോർക്കുക, ഈ സിനിമ കലാഭവൻ മണിയുടെ ബയോപിക് അല്ല. ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റിൽ നിൽക്കുന്ന പ്രമുഖ നടന്മാരും ടെക്നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നവംബർ 5 ഞായറാഴ്ച്ച നടക്കുകയാണ്.
മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha





















