ഷൂട്ടിംഗ് സ്ഥലത്ത് സഹായത്തിന് സ്ത്രീകള്‍ വേണം, പ്രത്യേകിച്ച് ആര്‍ത്തവകാലത്ത്:പത്മപ്രിയ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ശേഷം ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയരുമ്പോള്‍ സഹായത്തിനും സ്ത്രീകള്‍ വേണമെന്ന് നടി പത്മപ്രിയ. ചില സ്വകാര്യങ്ങള്‍ സംസാരിക്കാന്‍ സ്ത്രീകളുടെ സാമീപ്യം വേണം. ഉദാഹരണമായി ആര്‍ത്തവകാലത്ത് സ്ത്രീയുണ്ടായിരുന്നാല്‍ മാത്രമേ കാര്യങ്ങള്‍ തുറന്ന് സംസാരിക്കനാവൂ. അല്ലാതെ എന്നേക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂട്ടിയോടോ, മോഹന്‍ലാലിനോടോ പറയാന്‍ പറ്റുമോ? പത്മപ്രിയ ചോദിക്കുന്നു. ഷൂട്ടിംഗിനിനിടെ അടിവസ്ത്രമില്ലാതെ ബ്രാപോലുള്ള തുണിയിടാന്‍ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. എന്റെ ശരീരത്തിന് അര്‍ഹമായ മാന്യത ലഭിക്കണം. പലരും ഇത്തരം സീനുകള്‍ എടുക്കുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് കാണിക്കാറില്ലെന്നും പത്മപ്രിയ പറയുന്നു.
ഒരു ലൊക്കേഷനില്‍ പത്തിരുന്നൂറ് പേരുണ്ടാവും. അതില്‍ 90 ശതമാനവും പുരുഷന്‍മാരായിരിക്കും. ചിലര്‍ മുഴിഞ്ഞ വേഷത്തോടെയാവും രാവിലെ എത്തുക. അമിതമായി താടിയും മുടിയും നീട്ടിവളര്‍ത്തിയിരിക്കും. അവരൊക്കെ അടുത്തെത്തുമ്പോഴേ ഛര്‍ദ്ദിക്കാന്‍ തോന്നും. വിയര്‍പ്പിന്റെയും മദ്യത്തിന്റെയും സിഗരറ്റിന്റെയും ഗന്ധം വേറെ. ഇതിനൊക്കെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം കഴിഞ്ഞു. 12 വയസുള്ളപ്പോഴത്തെ അനുഭവം പറയാം. സ്ത്രീകള്‍ ഇന്നും അത്തരം സംഭവങ്ങളില്‍ നിന്ന് മോചിതമായിട്ടില്ല. ഞാന്‍ ട്യൂഷന് പോവുകയായിരുന്നു. ഒരാള്‍ വഴി ചോദിച്ചു. പറഞ്ഞുകൊടുക്കുന്നതിനിടെ അയാള്‍ എന്റെ മാറില്‍ പിടിച്ച് അമര്‍ത്തിയ ശേഷം ഓടിമറഞ്ഞു. അന്ന് 12 വയസുണ്ടായിരുന്നു. എന്തിനാണ് അവനങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ലായിരുന്നു.
ഞാനൊരു നടിയാണെന്ന് കരുതി കിടക്ക പങ്കിടാമോ എന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരിക്കല്‍ സിനിമയ്ക്ക് പുറത്തുള്ള ആളില്‍ നിന്ന് അങ്ങനെയൊരു അനുഭവം ഉണ്ടായി. എന്റെയൊരു സുഹൃത്തായിരുന്നു. അയാള്‍ മുറിയില്‍ വന്നു. ഞാന്‍ സിനിമ കണ്ടിരിക്കുകയായിരുന്നു. ജയിലില്‍ നിന്ന് വന്ന കാമുകന്‍ അവന്റെ മുന്‍ കാമുകിയെ കണ്ടുമുട്ടുന്നു. നായിക പരിമിതമായ വസ്ത്രമാത്രമാണ് ഇട്ടിരുന്നത്. എത്രമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്ന ചോദിച്ചപ്പോള്‍ സുഹൃത്ത് തെറ്റിദ്ധരിച്ചു. എനിക്കയാളുമായി ബന്ധപ്പെടാന്‍ താല്‍പര്യമുണ്ടെന്ന് കരുതി. അയാള്‍ കതക് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തടഞ്ഞു. സോറി എനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha