വിനയന്റെ പുതിയ നായകനെ കണ്ടെത്തിയത് ഭാര്യ

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ പുതുമുഖം രാജാമണി നായകനാകുന്നു. എന്നാല്‍ രാജാമണി എന്ന പേരു് പറഞ്ഞാല്‍ ആരും വഴിയില്ല, യഥാര്‍ത്ഥ പേര് പറഞ്ഞാല്‍ ഈ ചെറുപ്പക്കാരനെ നിങ്ങളറിയും. അതാരാണെന്ന് വഴിയേ പറയാം. മണിയുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന ബയോഗ്രഫിയല്ല വിനയന്‍ ഉദ്ദേശിക്കുന്നത്. അതുല്യ കലാകാരനായ മണിയുടെ ജീവിതം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ തിരക്കഥയാണ് ഉമ്മര്‍ മുഹമ്മദ് എഴുതിയത്. ജീവിതത്തിന്റെ താഴേ തട്ടില്‍ ജനിച്ച ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ കഴിവ് കൊണ്ട് മാത്രം മലയാളസിനിമയില്‍ കസേര ഉറപ്പിച്ചതും പിന്നീട് ജീവിതത്തില്‍ കാലിടറിയതുമായ സംഭവങ്ങളാണ് സിനിമയില്‍ പറയുന്നത്.
സിനിമയ ആലോചിക്കുമ്പോഴേ വിനയന്‍ മണിയുടെ വീട്ടുകാരുമായി നേരിട്ട് സംസാരിച്ചിരുന്നു. നാടന്‍ പാട്ടിനെ ഇത്രയും ജനകീയമാക്കിയ മറ്റൊരു കലാകാരന്‍ ഉണ്ടാകില്ല. നമ്മുടെ സംസ്‌കാരത്തെ അടയാളപ്പെടുത്തുകയായിരുന്നു മണി. അയാളുടെ കറുപ്പ് നിറം സിനിമയിലുള്ള പലര്‍ക്കും ഇഷ്ടമായിരുന്നില്ല. എന്നാല്‍ അഭിനയം കൊണ്ട് നിറത്തെയും ജാതിയേയും എല്ലാം ഈ കലാകാരന്‍ മറികടന്നു. തെന്നിന്ത്യയില്‍ മുഴുവന്‍ ഈ പ്രതിഭ വളര്‍ന്ന് പന്തലിച്ചു. രജനീകാന്തിനും ഐശ്വര്യാറായിക്കും ഒപ്പം അഭിനയിച്ചു. ഒടുവില്‍ ഗ്രീക്ക് നാടകങ്ങളിലെ പോലെ ദുരന്തമായി ജീവിതം അവസാനിച്ചു. മരണത്തിന്റെ ദുരൂഹതകളും സംശയങ്ങളും ഇന്നും പുറത്ത് വന്നിട്ടില്ല. ആ സമയത്താണ് വിനയന്‍ താന്‍ നായകനാക്കിയ നടന്റെ ജീവിതം ഉള്‍ക്കൊണ്ട് ഒരു സിനിമ ചെയ്യുന്നത്.
രാജാമണി എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ആ പേര് തന്നെ പുതുമുഖത്തിനും നല്‍കുകയായിരുന്നു. നായകനെ കണ്ടെത്താന്‍ വിനയന്‍ നിരവധി ഓഡീഷന്‍ നടത്തിയിരുന്നു. എന്നാല്‍ തൃപ്തിയായില്ല. നല്ല കഴിവുള്ള മിമിക്രിക്കാരനെ കിട്ടിയാല്‍ കൊള്ളാം എന്നായിരുന്നു ആഗ്രഹം. അപ്പോള്‍ വിനയന്റെ ഭാര്യയാണ് ഒരു പേര് പറഞ്ഞത്. ഭാര്യയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വലിയ വിലയാണ് വിനയന്‍ കൊടുത്തിട്ടുള്ളത്. കാരണം നടന്‍ ജയസൂര്യയെ ഊമപ്പെണ്ണില്‍ നായകനാക്കാമെന്ന് ആദ്യം പറഞ്ഞത് ഭാര്യയാണ്. പിന്നീട് അനൂപ്‌മേനോനെ കാട്ടുചെമ്പകത്തില്‍ നായകനാക്കാനും കാരണം ഭാര്യതന്നെ. അങ്ങനെയാണ് ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട്, മാമാങ്കം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ സെന്തില്‍ കൃഷ്ണനെ ഓഡീഷന് വിളിപ്പിച്ചത്. സെന്തിലിന്റെ പ്രകടനം ഇഷ്ടപ്പെട്ട വിനയന്‍ പേര് രാജാമണി എന്നാക്കണമെന്ന് പറഞ്ഞു. സെന്തില്‍ അത് സമ്മതിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ സെന്തിലിന്റെ മിമിക്രി പരിപാടികളുടെ ആരാധകനാണ്. മഞ്ച് കോമഡി സ്റ്റാറില്‍ അതിഥിയായി എത്തിയപ്പോള്‍ മമ്മൂട്ടി സെന്തിലിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നു. പരോള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മിമിക്കി താരമായ അസീസിനോട് സെന്തിലിന്റെ കാര്യം മമ്മൂട്ടി പറഞ്ഞു. എന്നിട്ട് സെന്തില്‍ ചെയ്ത ചില മിമിക്രികള്‍ അനുകരിക്കുകയും ചെയ്തു. ഇതറിഞ്ഞ സെന്തില്‍ മാസ്റ്റര്‍ പീസിന്റെ കൊല്ലത്തെ ലൊക്കേഷനില്‍ ചെന്ന് മമ്മൂട്ടിയെ കണ്ടിരുന്നു. വിനയന്‍ സിനിമയുടെ പൂചാ ചടങ്ങിലെ മുഖ്യാതിഥി മമ്മൂട്ടിയായതും യാദൃശ്ചികം.
https://www.facebook.com/Malayalivartha