കുഞ്ഞാലി മരയ്ക്കാറുടെ പേരിൽ പ്രിയനും സന്തോഷ് ശിവനും നേർക്കുനേർ!

കുഞ്ഞാലി മരയ്ക്കാരുടെ പേരിൽ വിശ്വ പ്രസിദ്ധരായ രണ്ട് സംവിധായകർ നേർക്കുനേർ. പ്രിയദർശനും സന്തോഷ് ശിവനും. തീരെ പരിമിതമായ ബിസിനസ് നടക്കുന്ന മലയാള സിനിമയിൽ ഇരു സംവിധായകരും ഒരേ പ്രമേയം ചലച്ചിത്രമാക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന തർക്കത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
കുഞ്ഞാലി മരയ്ക്കാർ എട്ട് മാസത്തിനകം സംവിധാനം ചെയ്തില്ലെങ്കിൽ താൻ മോഹൻലാലിനെ നായനാക്കി ചിത്രം ചെയ്യുമെന്നാണ് പ്രിയദർശൻ പറയുന്നത്. മമ്മുട്ടിയെ നായകനാക്കി ചിത്രം ചെയ്യാനിരിക്കുന്നത് സന്തോഷ് ശിവനാണ്. നേരത്ത പ്രിയനും ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നറിഞ്ഞ് സന്തോഷ് ശിവൻ ചിത്രത്തിൽ നിന്നും പിൻമാറാൻ ശ്രമിച്ചെങ്കിലും മമ്മൂട്ടിയുടെ നിർബന്ധം കാരണം അദ്ദേഹത്തിന് പിൻമാറാൻ കഴിഞ്ഞില്ലെന്നാണ് വിവരം.
സന്തോഷ് ശിവനും പ്രിയനും നല്ല ബന്ധം പുലർത്തുന്നവരാണ്. ഇരുവരും തമ്മിൽ നല്ല ഹൃദയ ബന്ധവുമുണ്ട്. എന്നാൽ രണ്ടു പേരും ഒരേ പ്രമേയത്തിൽ ചിത്രമെടുക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഇവർ മാനസികമായി അകന്നു. മമ്മുട്ടിയുടെ നിർബന്ധമില്ലെങ്കിൽ സന്തോഷ് ശിവൻ പ്രോജക്റ്റിൽ നിന്നും പിൻമാറും.
അതേ സമയം മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ ആകാനുള്ള ഒരുക്കങ്ങളിലാണ്. ഒരേ പ്രമേയത്തിൽ രണ്ടു ചിത്രങ്ങൾ വരുന്നുണ്ടെന്ന വാർത്ത അറിഞ്ഞതോടെ ഇരു സംവിധായകരും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആശങ്കാകുലരാണ്. എങ്ങനെയാണ് ചിത്രത്തെ സമീപിക്കേണ്ടതെന്ന കാര്യത്തിൽ കൺഫ്യൂഷനാണ്. പ്രിയന്റെ അഭിപ്രായത്തിൽ ചരിത്ര സിനിമകൾ സത്യവും മിഥ്യയും ഇടകലർന്നതാണ്.
എന്നാൽ സന്തോഷ് ശിവന്റെ അഭിപ്രായത്തിൽ ചരിത്രസത്യങ്ങളെ വളച്ചൊടിക്കാൻ പാടില്ല. കേരളത്തിന്റെ ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ചിലപ്പോൾ തിരക്കഥാകൃത്തുക്കൾ വഴി മാറി പോകുമെന്ന് പ്രിയൻ പറയുന്നു. കൃത്യമായ ഒരു ചരിത്രം മുന്നിലുള്ളപ്പോൾ ഭാവനക്ക് എന്താണ് സ്ഥാനമെന്ന് ചോദിക്കുന്നവരുണ്ട്.
കുഞ്ഞാലി മരയ്ക്കാരുടെ നാലാം ഭാവമാണ് ചിത്രത്തിന് അനുയോജ്യമെന്ന കാര്യത്തിൽ ഇരു സംവിധായകർക്കും തർക്കമില്ല. അതിലാണ് സംഭവബഹുലമായ ജീവിതമുള്ളത്. ചരിത്ര ചിത്രങ്ങൾക്ക് അന്തർദേശീയ തലത്തിൽ പ്രാധാന്യമുണ്ടെന്ന് പ്രിയൻ പറയുന്നു. മലയാളത്തിന്റെ മാർക്കറ്റ് പരിമിതമാണ്. ബിസിനസ് നടക്കണമെങ്കിൽ അന്തർദേശീയ തലത്തിൽ നടക്കണം. അതിനാൽ ചിത്രം വലിയ നിലയിൽ നടക്കണം. അതാണ് പ്രിയന്റെ സ്വപ്നം.
പ്രേക്ഷകരാണ് കൂടുതൽ കൺഫ്യൂഷനിലായത്. രണ്ടു താരങ്ങളും രണ്ട് സംവിധായകരും നേർക്കുനേർ വരുമ്പോൾ ഏത് സ്വീകരിക്കണമെന്ന കാര്യത്തിൽ അവർക്ക് തർക്കമുണ്ട്.
https://www.facebook.com/Malayalivartha





















