ഇന്നസെന്റും ചേമ്പറും തമ്മില്‍ വാക്കേറ്റം; യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയി, ചേമ്പറിന്റെ ഭീഷണിക്ക് വഴങ്ങണ്ടെന്ന് താരങ്ങള്‍, മലയാള സിനിമ വീണ്ടും കലുഷിതമാകുന്നു

താരങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ചനലുകളുടെ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കരുതെന്ന ഫിലിംചേമ്പര്‍ തീരുമാനം താരസംഘടനയായ അമ്മ തള്ളിക്കളഞ്ഞു. ചാനലുകളുമായി സഹകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് യോഗത്തില്‍ തുറന്നടിച്ചു. ഇതിന് പിന്നാലെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ നിന്നിറങ്ങിപ്പോയി. നിര്‍മാതാക്കളും ഇതേ തീരുമാനം എടുത്തതോടെ തീരുമാനമാകാതെ യോഗം പിരിഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. താരങ്ങള്‍ ചാനലുകളിലെ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കുന്നത് കൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് നേട്ടമില്ലെന്നാണ് ഫിലിംചേമ്പര്‍ പറയുന്നത്.
ചാനലുകളെ പിണക്കി തങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും അറിയാം. അതുകൊണ്ടാണ് അവര്‍ ഉറച്ചനിലപാട് സ്വീകരിച്ചത്. ഇതിന് സൂപ്പര്‍താരങ്ങളുടെ അടക്കം പിന്തുണയുണ്ട്. കാരണം സൂപ്പര്‍താര സിനിമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് അവകാശം ലഭിക്കുന്നത്. അതിനാല്‍ ചാനലുകളെ പിണക്കിയുള്ള പരിപാടി ഇന്‍ഡസ്ട്രിക്ക് ദോഷമാണെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും വൈസ്പ്രസിഡന്റ് ഗണേഷ്‌കുമാറും യോഗത്തില്‍ അറിയിച്ചു. വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകള്‍ നിലപാട് വ്യക്തമാക്കിയില്ല.
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകരെ ചാനലുകാര്‍ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ച് കഴിഞ്ഞ ഓണത്തിന് അമ്മ ചാനല്‍ പരിപാടികള്‍ അനൗദ്യോഗികമായി ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍ പൃഥ്വിരാജിനെ പോലുള്ള യുവതാരങ്ങള്‍ ഇതിന് വഴങ്ങിയില്ല. മാത്രമല്ല ഓണത്തിന് ചാനലുകളുടെ റേറ്റിംഗും താണില്ല. മോശമായ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തു. ഓണച്ചിത്രങ്ങളില്‍ ഞണ്ടുകളുടെ നാട്ടില്‍ മാത്രമാണ് ഭേദമായി പോയത്. ഇതോടെ ചാനല്‍ ബഹിഷ്‌ക്കരണത്തിനെതിരെ യുവതാരങ്ങള്‍ രംഗത്തെത്തി. ഈ നിലപാട് സീനിയര്‍ താരങ്ങള്‍ക്കും അംഗീകരിക്കേണ്ടിവന്നു.
https://www.facebook.com/Malayalivartha