മധു, ഈ വരികള്‍ക്കിടയില്‍ എവിടെയോ ഒളിഞ്ഞിരിപ്പില്ലേ നമ്മുടെ ആ ഗംഗ...ശോഭനയുടെ ഗംഗ എന്ന കഥാപാത്രം വന്നത് ഒരു കവിതയിലൂടെ., ഗംഗ വന്ന വഴി ഇങ്ങനെ...

ഒരു ദിവസം മധു എന്റെ വീട്ടില്‍ വന്നു. കൈയില്‍ ചുരുട്ടിപ്പിടിച്ച ഒരു പഴയ ആഴ്ചപ്പതിപുണ്ടായിരുന്നു. ഞാനതെടുത്ത് ഒന്ന് മറിച്ചുനോക്കി. പേജുകള്‍ക്കിടയില്‍ ഒരു പേപ്പര്‍. അതില്‍ മധുവിന്റെ കൈയക്ഷരം. ഞാന്‍ ചോദിച്ചു, 'എന്താഇത്?' മധു നിസ്സാരമായി പറഞ്ഞു, 'ഓ, അത് പണ്ടെന്നോ ഞാന്‍ വെറുതെ എഴുതി വെച്ചിരുന്നതാണ്.' ഞാനത് വായിച്ചു. അതിങ്ങനെ...
വരുവാനില്ലാരുമിങ്ങൊരു
നാളുമീ വഴിക്കറിയാ
മതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ
വരുവാനുണ്ടെന്ന് ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ...
മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍, എന്നിലേക്കെന്തോ അരിച്ചുകയറിയതുപോലെ... ഒരു നെസ്റ്റാള്‍ജിയപോലെന്തോ. ഞാന്‍ ചോദിച്ചു, 'മധൂ, ഈ വരികള്‍ക്കിടയില്‍ എവിടെയോ ഒളിഞ്ഞിരിപ്പില്ലേ, നമ്മള്‍ അന്വേഷിക്കുന്ന ഗംഗയുടെ കഥ?'
മധു, ഒരു മാത്ര, ശൂന്യതയിലേക്കെങ്ങോ പോയതുപോലെ. ഞാന്‍ പറഞ്ഞു, 'സത്യത്തില്‍ ഇതെഴുതിയത് ഗംഗയല്ലേ? ഗംഗയല്ലേ പാടിയത്. ഈ വേദനകളത്രയും അനുഭവിച്ചതും ഗംഗ തന്നെയല്ലേ. അവളുടെ കഥയല്ലേ ഇത്.' മധുവിന്റെ കണ്ണു വിടര്‍ന്നു. കല്പന ഉണര്‍ന്നു. അന്ന് രാത്രി മധു ആ കഥയുണ്ടാക്കി.
കുഞ്ഞുഗംഗയെ മുത്തശ്ശിയെ ഏല്പിച്ച് കല്‍ക്കട്ടയിലേക്ക് പറന്ന അച്ഛനമ്മമാര്‍. മുത്തശ്ശിയുടെ നാട്ടുരീതികളോടും, സമ്ബ്രദായങ്ങളോടും ഇഴുകിച്ചേര്‍ന്നുപോയ ഗംഗ. കല്‍ക്കട്ടയിലേക്ക് പറിച്ചുനടാന്‍ പോകുന്നതറിഞ്ഞ്, പരീക്ഷാഹാളില്‍നിന്നും ഇറങ്ങി ഓടിയ അവള്‍. അതായിരുന്നു അവള്‍ക്കുണ്ടായ ആദ്യ സൈക്കിക്ക് അറ്റാക്ക്. കല്‍ക്കട്ടയില്‍ കൊണ്ടുപോയി അതിനെ മരുന്നുകള്‍കൊണ്ട് ഉറക്കിക്കിടത്തി, മാടമ്ബള്ളിയില്‍ എത്തിയപ്പോള്‍, പഴയ രീതികളും സമ്ബ്രദായങ്ങളും ആര്‍ഭാടത്തോടെ തിരികെ എത്തി.
കടുത്ത ചായക്കൂട്ടില്‍ ചാലിച്ചെടുത്ത നാഗവല്ലിയുടെ കഥയും ഒപ്പം ചേര്‍ന്നപ്പോള്‍, ഉറങ്ങിക്കിടന്നതെന്തോ ഉണരാന്‍ തുടങ്ങി. ഗംഗ വീണ്ടും മാനസികരോഗത്തിലേക്ക്. എല്ലാം ഭദ്രം. എല്ലാം ഭദ്രം. ഗംഗയില്‍, എപ്പോള്‍, എങ്ങനെ എന്തുകൊണ്ട്, മാനസികരോഗം വന്നുവെന്നതിന്റെ ശരിയുത്തരം. അപ്രതീക്ഷിതമായി എനിക്ക് ഒരു ബോണസ്സും കിട്ടി.
ഞാന്‍ പറഞ്ഞു, 'മധൂ, മധുവിന്റെ ഈ ഗാനം സിനിമയ്ക്കായി ഞാന്‍ എടുക്കുകയാണ്. ആ ഗാനചിത്രീകരണത്തിലൂടെ, ഗംഗയുടെ കഥ ഞാന്‍ കാട്ടിക്കൊടുത്തോളാം. എല്ലാം വലിച്ചു വാരി എഴുതണമെന്നില്ല'.അങ്ങിനെ, മണിച്ചിത്രത്താഴിന്റെ ആശയം ജനിക്കുന്നതിന് വളരെ വളരെ പണ്ട്, മധു എഴുതിവെച്ചിരുന്ന ഒരുഗാനം എന്റെ കണ്ണില്‍ പെടുക.
ആ ഗാനം കഥയുടെ ഒരു പ്രതിസന്ധിയെ മാറ്റിത്തരിക. ഒരക്ഷരംപോലും മാറ്റിയും തിരുത്തിയും എഴുതാതെ എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്‍ അത് ചിട്ടപ്പെടുത്തുക. ചിത്രയുടെ സ്വരത്തില്‍ ആ പാട്ട് സിനിമയുടെതന്നെ ഒരു ഭാഗമായി മാറുക. കെ.എസ്. ചിത്ര പിന്നീട്, തനിക്കേറ്റവും ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണത്, ഞാന്‍ കണ്ട ഏറ്റവും നല്ല ഗാനചിത്രീകരണങ്ങളില്‍ ഒന്നാണത് എന്നൊക്കെ പറയുക. ഇതൊക്കെ, ആരെവിടെയിരുന്ന് 'എറിഞ്ഞ്' തരുന്ന മാന്ത്രികക്കല്ലുകളാണ്.
( ഫാസിലിന്റെ മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകത്തില്‍ നിന്ന് )
https://www.facebook.com/Malayalivartha





















