വിവാദങ്ങൾ വിനയായോ? അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ് ദിലീപിന് അനുകൂലമായി പ്രവർത്തിച്ചെന്ന ആരോപണങ്ങൾ ശക്തമാകുമ്പോൾ നീരാളിക്ക് കുടുംബ പ്രേക്ഷകർ കുറവ്: തീയറ്ററിൽ കുടുംബ പ്രേക്ഷകരെ എത്തിക്കാൻ അണിയറ പ്രവർത്തകരുടെ ശ്രമങ്ങൾ തുടരുമ്പോൾ, പ്രതിസന്ധികളെ അവസരങ്ങളായി മാറ്റാൻ മോഹൻലാലിന്റെ മാനേജർ

വെള്ളിയാഴ്ച റിലീസായ മോഹൻലാലിന്റെ നീരാളിക്ക് കുടുംബ പ്രേക്ഷകരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അണിയറ പ്രവർത്തകർ ആരംഭിച്ചു. അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ മോഹൻലാൽ ആരോപണ വിധേയനായ നടൻ ദിലീപിന് അനുകൂലമായി പ്രവർത്തിച്ചു എന്ന ആരോപണം നിലനിൽക്കെയാണ് നീരാളിക്ക് കുടുംബ പ്രേക്ഷകരിൽ കുറവുണ്ടെന്ന സംശയമുണ്ടായിരിക്കുന്നത്.
ന്യൂ ജനറേഷൻ സിനിമയുടെ ടേസ്റ്റാണ് നീരാളിക്കുള്ളത്. ഏതാനും കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളത്. പഴയകാല താരം നദിയാമൊയ്തുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെറിയ ബജറ്റിൽ പെട്ടെന്ന് ചിത്രീകരണം പൂർത്തിയാക്കിയ നീരാളി നല്ല സിനിമയാണ്.
എന്നാൽ എറണാകുളം പ്രസ് ക്ലബിൽ പത്ര സമ്മേളനം നടത്താനെത്തിയ മോഹൻലാലിന്റെ നാക്കു പിഴയാണ് അപകടത്തിന് വഴിതെളിച്ചത്. ഇരയായ നടിക്കു വേണ്ടിയും നടന് വേണ്ടിയും പ്രാർത്ഥിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ നടന് വേണ്ടി പ്രാർത്ഥിക്കും എന്ന പരാമർശത്തിന് വൻ വാർത്താ കവറേജാണ് ലഭിച്ചത്. അതോടെ കുടുംബ പ്രേക്ഷകർക്ക് ഉണ്ടായിരുന്ന ലാൽ സ്നേഹം കുറഞ്ഞു പോയെന്ന് സംശയമുണ്ടായി.
നീരാളി വെള്ളിയാഴ്ച റിലീസായെങ്കിലും ശനിയാഴ്ചയായിട്ടും ചിത്രത്തിന് കുടുംബ പ്രേക്ഷകർ എത്തി തുടങ്ങിയിട്ടില്ല. അത് സംബന്ധിച്ച ചർച്ചകൾ സിനിമാലോകത്ത് സജീവമാണ്. സാധാരണ ഗതിയിൽ മോഹൻലാൽ ചിത്രം റിലീസായി അദ്യ ദിവസം മുതൽ പ്രേക്ഷകർ വന്നു തുടങ്ങും. ഇത്തവണ എന്താണ് സംഭവിച്ചതെന്ന് അണിയറ പ്രവർത്തകർ അത്ഭുതപ്പെടുകയാണ്. ചുരുക്കത്തിൽ മോഹൻലാലിന്റെ ജനപ്രീതിക്ക് അമ്മ എന്ന സംഘടന ഇടിവുണ്ടാക്കിയിട്ടുണ്ടെന്നു അണിയറപ്രവർത്തകർക്ക് തോന്നി തുടങ്ങി.
യഥാർത്ഥത്തിൽ ദിലീപിനെ അനുകൂലിക്കാനുള്ള തീരുമാനം മോഹൻലാൽ മാത്രം എടുത്തതല്ല. അതിന് അമ്മയുടെ പൂർണ പിന്തുണയുണ്ടായിരുന്നു. മമ്മൂട്ടിയെ അമ്മയുടെ പ്രസിഡന്റാക്കാനുള്ള ചിലരുടെ നീക്കം പൊളിച്ചതും ദിലീപാണ്. മോഹൻലാൽ പ്രസിഡന്റായാൽ എല്ലാവരും അദ്ദേഹത്തിനു മുന്നിൽ നിശബ്ദനാകുമെന്നാണ് കരുതുന്നത്. ദിലീപിന്റെ തന്ത്രമാണ് ലാലിനെ അമ്മയുടെ പ്രസിഡന്റാക്കിയത്. അതിപ്പോൾ വിനയായത് മോഹൻലാലിനു തന്നെയാണ്. മലയാള സിനിമയെ സംബന്ധിച്ചടത്തോളം മാന്യതക്കും സദാചാരത്തിനും വലിയ പ്രാധാന്യമുണ്ട്. ആരോപണം കേൾപ്പിക്കുന്ന നടീനടൻമാർ പിന്നീട് കരിയറിൽ നിന്നും ഔട്ടാകാറാണ് പതിവ്. രാമലീല വിജയിച്ചെങ്കിലും ദിലീപിന്റെ നില ഭദ്രമായിരുന്നില്ല. പിന്നീട് വന്ന കമ്മാരസംഭവം പൊളിഞ്ഞു.
ഏതായാലും പ്രതിസന്ധികളെ അവസരങ്ങളായി മാറ്റാനാണ് മോഹൻലാലിന്റെ മാനേജർമാരുടെ ശ്രമം. ഒടിയന് മുമ്പുള്ള ഇടവേളയാണ് ലാൽ അനുഭവിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഒടിയൻ പുറത്തിറങ്ങുന്നത്. ഒടിയന് ഒരു അപകടം വരാതിരിക്കണമെങ്കിൽ അതിനു മുമ്പ് തന്നെ വിവാദങ്ങൾ തീരണം. അതിനുള്ള ശ്രമമാണ് മോഹൻലാലിന്റെ അഭ്യുദയകാംക്ഷികൾ നടത്തുന്നത്.
https://www.facebook.com/Malayalivartha