ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ 'പീപ്പിള്‍സ് ഫിലിം വില്ലേജ്' ശ്രദ്ധയാകര്‍ഷിക്കുന്നു

അടുത്ത പത്തു ദിവസത്തേയ്ക്ക് ഇന്ത്യയുടെ ചലച്ചിത്ര പ്രവര്‍ത്തകരുടെ കണ്ണും കാതും ഇക്കഴിഞ്ഞ 20-ാം തീയതി ഗോവ ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹ ദീപം കൊളുത്തി ശുഭാരംഭം കുറിച്ച ഇന്ത്യയുടെ നാല്‍പത്തിയൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി ആയ ഗോവയിലേക്ക് ആയിരിക്കും. ഇത്തവണത്തെ ആകര്‍ഷണം പീപ്പിള്‍സ് ഫിലിം വില്ലജ് ആണ്.
പൊതുജനങ്ങള്‍ക്ക് ക്യൂറേറ്റഡ് ചിത്രങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്നതിനായി 4 ഡിജിറ്റല്‍ മൊബൈല്‍ തീയേറ്ററുകളാണ് തയ്യാറാക്കിയിട്ടുള്ളത് . എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവയുടെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവയുടെയും സഹകരണത്തോടെ പിക്ചര്‍ ടൈം ആണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത് . പനാജിയിലെ കാംപെല്‍ ഗ്രൗണ്ട്‌സിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത് .
അര്‍ത്ഥവത്തായ ചലച്ചിത്രങ്ങള്‍ കാണുന്നതു കൂടാതെ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നവരുമായി സംവദിയ്ക്കുവാനും പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കുന്നുണ്ട്. ജനങ്ങളുമായി ആശയ സംവേദനം നടത്തുന്ന ഒരു ചലച്ചിത്ര സംസ്‌കാരം ഉണ്ടാക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ക്കു തങ്ങളുടെ അനുഭവങ്ങള്‍ ജനങ്ങളുമായി പങ്കു വയ്ക്കുവാന്‍ ഒരു എഫ് ആന്‍ഡ് ബി സോണ്‍, ഒരു വെര്‍ച്ച്വല്‍ റിയാലിറ്റി സോണ്‍ എന്നിവ ഒക്കെ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ 21 മുതല്‍ 27 വരെ തുടരുന്ന ഈ വില്ലേജില്‍ ബോളിവുഡില്‍ നിന്നുള്ളവരും പ്രാദേശിക ഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കും.
ബേര്‍ന്‍ഡ് ബോഹ്‌ലിച് ജര്‍മന്‍ ഭാഷയില്‍ സംവിധാനം ചെയ്ത 'സീല്‍ഡ് ലിപ്‌സ്' ആണ് സമാപന ചലച്ചിത്രം. ഈ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഷോയാണ് ഗോവയില്‍ നടക്കുന്നത്. 1930-ലെ സോവിയറ്റ് യൂണിയനില്‍ ചാരക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ലേബര്‍ ക്യാമ്പിലേക്കയക്കപ്പെട്ട അന്റോണിയ ബെര്‍ജ് എന്ന യുവതിയുടെ കഥയാണിത്. ക്യാമ്പില്‍നിന്ന് പുറത്തിറങ്ങിയ അന്റോണിയ മകളുമൊത്ത് കിഴക്കന്‍ ജര്‍മ്മനിയിലേക്ക് പോവുകയും തന്റെ ഭൂതകാലം എല്ലാവരില്‍നിന്നും മറച്ചുപിടിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി തന്റെ സ്വാതന്ത്ര്യം അപകടത്തിലാകുമ്പോള്‍ അവരുടെ ഭാവിജീവിതം ദുരിതപൂര്‍ണ്ണമാവുകയാണ് .
ഇസ്രായേലി ചലച്ചിത്രകാരനായ ഡാന്‍ വോള്‍മാന് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് മേളയില്‍ സമ്മാനിക്കും. ഹോളിവുഡ് നടന്‍കൂടിയായ ഇസ്രായേലി അഭിനേതാവ് അലോണ്‍ അബോട്ബുള്‍ പ്രത്യേക അതിഥിയായി പങ്കെടുക്കും. സ്പില്‍ബര്‍ഗിന്റെ 'മ്യൂണിക്' , ഹോളിവുഡ് ചിത്രങ്ങളായ 'റാംബോ 3' , 'ബോഡി ഓഫ് ലൈസ്' , 'ഡാര്‍ക്ക് നൈറ്റ് റൈസസ്' , 'ലണ്ടന്‍ ഹാസ് ഫോളന്‍' തുടങ്ങിയ ചിത്രങ്ങളിലെ നടന്‍ കൂടിയാണ് അലോണ്‍ അബോട്ബുള്‍.
ലോകപ്രശസ്ത സ്വീഡിഷ് സംവിധായകന്‍ ഇങ്മര്‍ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മികച്ച 7 സിനിമകള്‍ അടങ്ങിയ പ്രത്യേക റെട്രോസ്‌പെക്ടീവ് , മാസ്‌റ്റേഴ്‌സ് ഫിലിം സെക്ഷനില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നത് മേളയുടെ ആകര്‍ഷണമാണ് . ' സ്വപ്നം കാണുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ വിചാരിക്കും ഇത് ഓര്‍ത്തുവെക്കുമെന്നും ഇതേക്കുറിച്ച് ഒരു സിനിമ ചെയ്യുമെന്നും ; ഇത് ജോലിസംബന്ധമായ ഒരുതരം അസുഖമാണ് ' എന്ന് പറഞ്ഞ ബര്‍ഗ്മാന്‍ 6 ദശാബ്ദത്തോളം1946 മുതല്‍ 2003 വരെ എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായി ചലച്ചിത്രലോകത്ത് നിറഞ്ഞു നിന്നു.
60 ഓളം ചലച്ചിത്രങ്ങളും 170 നാടകങ്ങളും സംവിധാനം ചെയ്തു. 3 ഓസ്‌കര്‍ അവാര്‍ഡുകളും 6 ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും നേടിയിട്ടുള്ള ബര്‍ഗ്മാനെ ലോകപ്രശസ്തനാക്കിയത് 1957-ല്‍ പുറത്തിറങ്ങിയ 'ദ സെവന്‍ത് സീല്‍ ' എന്ന ചലച്ചിത്രമാണ്. 'വൈല്‍ഡ് സ്‌ട്രോബറീസ് ', 'ഫാനി ആന്‍ഡ് അലക്‌സാണ്ടര്‍' , 'ഓട്ടം സൊനാറ്റ' , തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ചിത്രങ്ങളാണ്. ബര്‍ഗ്മാനെക്കുറിച്ച് മേരി നൈറെറോഡ് സംവിധാനം ചെയ്ത 'ബര്‍ഗ്മാന്‍ ഐലന്‍ഡ്' എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.
കണ്‍ട്രീ ഫോക്കസ് വിഭാഗത്തില്‍ ഇസ്രായേലില്‍ നിന്നുള്ള ചലച്ചിത്രങ്ങളും സ്‌റ്റേറ്റ് ഫോക്കസ് വിഭാഗത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അവി നെഷര്‍ സംവിധാനം ചെയ്ത 'ദി അദര്‍ സ്‌റ്റോറി ' യാണ് കണ്‍ട്രീഫോക്കസിലെ ഉദ്ഘാടനചിത്രം. 'ഡെത്ത് ഇന്‍ ദ ഗഞ്ച്' , ' റാഞ്ചി ഡയറീസ്', 'ബീഗം ജാന്‍' തുടങ്ങിയവ ജാര്‍ഖണ്ഡ് ഫോക്കസില്‍ പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തനിച്ചും സംയുക്തമായും 22 രാജ്യങ്ങളില്‍ നിര്‍മ്മിച്ചവയാണിവ. ഇതില്‍ മൂന്നെണ്ണം ഇന്ത്യന്‍ ചിത്രങ്ങളാണ്. രണ്ട് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും.
മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ :
1 .പോളണ്ടില്‍ നിന്നുള്ള , പോളിഷ് ഭാഷയിലുള്ള '53 വാര്‍സ്'. സംവിധാനംഇവാ ബുക്കോവ്‌സ്‌ക്ക.
2 . ക്യൂബ കാനഡ സംയുക്ത സംരംഭമായ , സ്പാനിഷ്‌റഷ്യന്‍ ഭാഷയിലുള്ള 'എ ട്രാന്‍സ്ലേറ്റര്‍'. സംവിധാനം സെബാസ്റ്റ്യന്‍ ബാരിയുസോ.
3 . ബള്‍ഗേറിയജര്‍മ്മനിഫ്രാന്‍സ് സംയുക്ത സംരംഭമായ ,യാക്കുത് ഭാഷയിലുള്ള 'ആഗ'. സംവിധാനം മില്‍കോ ലാസറോവ്.
4 . അള്‍ജീരിയഫ്രാന്‍സ്ഖത്തര്‍ലെബനന്‍ സംയുക്തസംരംഭമായ , അറബിക്അള്‍ജീരിയന്‍ ഭാഷയിലുള്ള 'ഡിവൈന്‍ വിന്‍ഡ്'. സംവിധാനംമെര്‍സക് അല്‍ഔഷേ .
5 . ജര്‍മ്മനി ഉക്രൈന്‍ ഫ്രാന്‍സ്‌നെതര്‍ലാന്‍ഡ്‌സ്‌റൊമാനിയ സംയുക്തസംരംഭമായ , ഉക്രേനിയന്റഷ്യന്‍ ഭാഷയിലുള്ള 'ഡോണ്‍ബാസ്സ്'. സംവിധാനം സെര്‍ജി ലോസ്‌നിത്സ.
6 . തായ്‌വാന്‍ഹോങ്കോങ്ങ്‌സിംഗപ്പോര്‍മലേഷ്യ സംയുക്ത സംരംഭമായ , മന്‍ഡാറിന്‍കന്റോണീസ്തായ്‌വാനീസ് ഭാഷയിലുള്ള 'എ ഫാമിലി ടൂര്‍'. സംവിധാനം ലിയാങ് ഇങ് .
7 . ഇറാനില്‍ നിന്നുള്ള പേര്‍ഷ്യന്‍ ഭാഷയിലുള്ള 'ഹിയര്‍. സംവിധാനം ഹാദി മൊഹഗേഗ് .
8 . ബെല്‍ജിയം-ഫ്രാന്‍സ് സംയുക്ത സംരംഭമായ ഫ്രഞ്ച് ഭാഷയിലുള്ള 'ഔര്‍ സ്ട്രഗ്ള്‍സ്'. സംവിധാനം ഗില്ലോമെ സെനസ് .
9 . എസ്‌തോണിയലിത്വാനിയ സംയുക്ത സംരംഭമായ , എസ്‌തോണിയന്‍സ്പാനിഷ് ഭാഷയിലുള്ള
'ദ മാന്‍സ്ലെയര്‍/ ദ വര്‍ജിന്‍/ ദ ഷാഡോ '. സംവിധാനംസുലേവ് കീഡുസ് .
10 .അര്‍ജന്റീനയില്‍ നിന്നുള്ള സ്പാനിഷ്ഇംഗ്‌ളീഷ് ഭാഷയിലുള്ള 'ദി അണ്‍സീന്‍'. സംവിധാനം നിക്കോളാസ് പുണ്‍സോ .
11. റഷ്യയില്‍ നിന്നും റഷ്യന്‍ ഭാഷയിലുള്ള 'വാന്‍ ഗോഗ്‌സ് '. സംവിധാനം സെര്‍ജി ലിവ്‌നേവ് .
12 .ഉക്രൈന്‍ -പോളണ്ട് സംയുക്ത സംരംഭമായ ഉക്രേനിയന്‍ ഭാഷയിലുള്ള 'വെന്‍ ദ ട്രീസ് ഫാള്‍ '. സംവിധാനം മരിസിയ നികിതുക് .
13 .ഇന്ത്യയില്‍ നിന്നും മലയാളം ഭാഷയിലുള്ള 'ഈ.മ.യൗ'. സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി .
14 .ഇന്ത്യയില്‍ നിന്നും തമിഴ് ഭാഷയിലുള്ള 'ടു ലെറ്റ്'. സംവിധാനം ചേഴിയന്‍ രാ .
15 . ഇന്ത്യയില്‍ നിന്നും മലയാളം ഭാഷയിലുള്ള 'ഭയാനകം'. സംവിധാനം ജയരാജ്.
വിവിധരാജ്യങ്ങളില്‍ നിന്ന് ഓസ്‌കറിന് നാമനിര്‍ദ്ദേശം ലഭിച്ച 15 ചലച്ചിത്രങ്ങളുടെ വേള്‍ഡ് പനോരമ വിഭാഗവും ഉണ്ടാവും. സ്‌റ്റേറ്റ് ഫോക്കസ് , വേള്‍ഡ് പനോരമ തുടങ്ങിയ വിഭാഗങ്ങള്‍ ഈ വര്‍ഷം മുതല്‍ പുതുതായി ഉള്‍പ്പെടുത്തിയതാണ്.
ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് വിവിധ ഭാരതീയ ഭാഷകളിലുള്ള 22 ചലച്ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത് . മലയാളത്തില്‍ നിന്ന് 6 ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത 'ഓള് ' ആണ് പനോരമയുടെ ഉദ്ഘാടനചിത്രം. ജയരാജിന്റെ 'ഭയാനകം' , റഹിം ഖാദറിന്റെ 'മക്കന' , എബ്രിഡ് ഷൈനിന്റെ 'പൂമരം', സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയ ', ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഈ.മ.യൗ എന്നിവയാണ് മറ്റു മലയാള ചിത്രങ്ങള്‍ .
ബംഗാളിയില്‍ നിന്ന് അഞ്ചും തമിഴില്‍ നിന്ന് നാലും ചിത്രങ്ങള്‍ ഉണ്ട്. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത 'പേരന്‍പ്' തമിഴില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . മറാത്തിയില്‍നിന്നും ഹിന്ദിയില്‍നിന്നും രണ്ടു ചിത്രങ്ങള്‍ വീതവും തിരഞ്ഞെടുക്കപ്പെട്ടവയില്‍ പെടുന്നു. ജസ്‌റി ഭാഷയില്‍ മലയാളിയായ സന്ദീപ് പാമ്പിള്ളി സംവിധാനം ചെയ്ത 'സിന്‍ജാര്‍ ', പ്രവീണ്‍ മൊര്‍ച്ചാലേ ലഡാക്കി ഭാഷയില്‍ സംവിധാനം ചെയ്ത 'വോക്കിങ് വിത്ത് ദ വിന്‍ഡ്', അഭയ് സിംഹ തുളു ഭാഷയില്‍ സംവിധാനം ചെയ്ത 'പദ്ദായി' എന്നീ ചിത്രങ്ങളും പനോരമ പട്ടികയില്‍ ഇടം പിടിച്ചു.
ഇത് കൂടാതെ പനോരമയുടെ മുഖ്യധാരാവിഭാഗത്തിലേക്ക് 'പത്മാവത്', 'ടൈഗര്‍ സിന്താ ഹെ', 'രാസി' എന്നീ ഹിന്ദീ ചിത്രങ്ങളും 'മഹാനടി ' എന്ന തെലുങ്ക് ചിത്രവും തിരഞ്ഞെടുത്തിട്ടുണ്ട് . സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ റാവല്‍ അധ്യക്ഷനായ ജൂറിയില്‍ മലയാളത്തില്‍ നിന്ന് സംവിധായകന്‍ മേജര്‍ രവിയും അംഗമായിരുന്നു.
കഥേതരവിഭാഗത്തില്‍ 21 ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ മലയാളത്തില്‍ നിന്ന് മൂന്നു ചിത്രങ്ങളും ഉള്‍പ്പെടുന്നു. ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോഡ് ഓഫ് ലിബര്‍ട്ടി ', വിനോദ് മങ്കരയുടെ 'ലാസ്യം', രമ്യ രാജിന്റെ 'മിഡ്‌നൈറ്റ് റണ്‍ ' എന്നിവയാണിവ.
സ്‌പോര്‍ട്‌സ് ബയോപിക്കുകളാണ് (കായികതാരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങള്‍) മറ്റൊരു പ്രത്യേകത. 'ഖേലോ ഇന്ത്യ ഇനിഷ്യേറ്റീവു' മായി ചേര്‍ന്നായിരിക്കും ചലച്ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുക. എല്ലാവര്‍ക്കും കാണത്തക്ക വിധത്തില്‍ ഓപ്പണ്‍ എയര്‍ തിയേറ്ററിലായിരിക്കും പ്രദര്‍ശനം നടക്കുക. 'ഗോള്‍ഡ്', 'മേരി കോം', ' ഭാഗ് മില്‍ഖാ ഭാഗ്' , '1983' , 'എം.എസ്. ധോണി' , 'സൂര്‍മ' തുടങ്ങിയ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുറമെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് സിനിമകളും കായികപ്രേമികള്‍ക്ക് ആസ്വദിക്കാം .
അന്തരിച്ച നടന്‍ വിനോദ് ഖന്നയുടെ മികച്ച ചിത്രങ്ങളുടെ വിഭാഗവും ഉണ്ടാവും . അന്തരിച്ച ചലച്ചിത്രകാരന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ടുള്ള ഹോമേജ് വിഭാഗം , ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള പ്രശസ്ത ചലച്ചിത്രകാരന്മാര്‍ നയിക്കുന്ന 'മാസ്റ്റര്‍ക്ലാസ്സ്' തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ട്.
ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ്പില്‍ നിരൂപകപ്രശംസ നേടിയ 20 ചലച്ചിത്രങ്ങളും ലോക സിനിമാവിഭാഗത്തില്‍ 67 ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ടുണീഷ്യന്‍ ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ഇത്തവണത്തെ മേളയിലുണ്ട്.
https://www.facebook.com/Malayalivartha