ഗോവ ചലചിത്ര മേളയില്‍ ഇന്ന് സുഡാനി ഫ്രം നൈജീരിയ

49-ാമത് രാജ്യാന്തര ചലചിത്ര മേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍, മൂന്നാം ദിനമായ വെള്ളിയാഴ്ച്ച സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശിപ്പിക്കും. ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സാമുവല്‍ എബോള റോബിന്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 'ടു ലെറ്റ്' എന്ന തമിഴ് സിനിമ പ്രദര്‍ശിപ്പിക്കും. ചെസിയന്‍ റാ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രം റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഷീല രാജ്കുമാര്‍, ധരുണ്‍ ബാല, സന്തോഷ് ശ്രീറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനോദ് മങ്കര സംവിധാനം ചെയ്ത ലാസ്യം (സംസ്കൃതം) ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ ജയരാജ്, ഷാജി എന്‍ കരുണ്‍, ശ്രീജിത്ത് മുഖര്‍ജി എന്നിവര്‍ പങ്കെടുക്കും.
അന്ധരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ ഇന്ന് ഷോലെ പ്രദര്‍ശിപ്പിക്കും. ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം മേളയില്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് റാണി മുഖര്‍ജി പ്രധാന വേഷത്തില്‍ എത്തിയ ഹിച്ച്ക്കിയുടെ പ്രദര്‍ശനവും മേളയില്‍ മറ്റൊരു ദിവസം ഉണ്ടാവും.
https://www.facebook.com/Malayalivartha