എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു, പടം കൊള്ളാമെന്ന് കള്ളം പറയേണ്ടി വന്നില്ല: ലാല്‍

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന പേരന്‍പ് ഇന്ന് തീയെറ്ററില്‍ എത്തുകയാണ്. വിവിധ ചലച്ചിത്ര മേളകളിലും മറ്റും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പ്രീമിയര്‍ ഷോ കണ്ടവരും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചിത്രത്തെക്കുറിച്ചുള്ള നടന്‍ ലാലിന്റെ പ്രതികരണമാണ്. പ്രീമിയര്‍ ഷോ കണ്ട് നുണ പറയേണ്ടി വന്നില്ലെന്നും പേരന്‍പ് ശരിക്ക് മികച്ച ചിത്രമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ലാല്‍ കുറിച്ചത്
സാധാരണ പ്രീമിയര്‍ ഷോ കാണാന്‍ ക്ഷണിക്കുമ്പോള്‍ ചിത്രം മോശമാണെങ്കില്‍ നുണ പറയേണ്ടി വരാറുണ്ട് എന്നാണ് ലാലിന്റെ തുറന്നു പറച്ചില്‍. പേരന്‍പിന്റെ പ്രീമിയര്‍ ഷോ കാണാന്‍ ക്ഷണിച്ചപ്പോള്‍ താന്‍ അസ്വസ്ഥനായി. നല്ല ചിത്രമാകണെ എന്ന് പ്രാര്‍ത്ഥിച്ചാണ് സിനിമ കാണാന്‍ കയറിയത്. തന്റെ പ്രാര്‍ത്ഥന പോലെ മികച്ച സിനിമയായിരുന്നു എന്നും തനിക്ക് നുണ പറയേണ്ടതായി വന്നില്ല എന്നുമാണ് താരം പറഞ്ഞത്. മമ്മൂട്ടി മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നത് എന്നും ലാല്‍ തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
പേരന്‍പ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍ ഈയടുത്ത് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. ആ ഫോണ്‍ വിളിക്കു ശേഷം ഞാന്‍ അസ്വസ്ഥനായി. എന്റെ മനഃസമാധാനം നഷ്ടപ്പെട്ടു. കാരണം, ഒരു സിനിമയുടെ പ്രീമിയറിനു പോകുമ്പോള്‍ ആ ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അവിടെയുണ്ടാകും. എനിക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ പോലും, സിനിമ മികച്ചതാണെന്നു നുണ പറയേണ്ടി വരും. എന്റെ ദൈവമേ, ഇതൊരു നല്ല ചിത്രമാകണേ എന്നായിരുന്നു പ്രീമിയറിനു കേറുന്ന സമയത്ത് എന്റെ പ്രാര്‍ഥന. ദൈവം എന്റെ പ്രാര്‍ഥന കേട്ടു. എനിക്ക് നുണ പറയേണ്ടി വന്നില്ലെന്നു മാത്രമല്ല മഹാനായ ആ നടനും ചിത്രത്തിലെ മറ്റു അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമൊപ്പം സിനിമ കാണാനുള്ള ഭാഗ്യവും ലഭിച്ചു. അഭിനയം പഠിക്കാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കള്‍ക്കുള്ള പാഠപുസ്തകത്തിനു തുല്യമാണ് ചിത്രത്തിലെ ഓരോ അഭിനയമുഹൂര്‍ത്തവും... പ്രത്യേകിച്ച് മമ്മൂക്കയുടെ അതിഗംഭീര പ്രകടനങ്ങളുള്ള മികച്ച സിനിമ... കാണണം, ലാല്‍ കുറിച്ചു.
ദേശിയ പുരസകാര ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha

























