നടൻ തിലകന് സ്മാരകം വേണമെന്ന അവശ്യവുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍

സിനിമയുടെ പെരുന്തച്ചനെന്ന് ഒരു സംശയവുമില്ലാതെ നമുക്ക് പറയാൻ സാധിക്കുന്ന ഒരു അഭിനയ പ്രതിഭയാണ് തിലകൻ. അദ്ദേഹം വിട പറഞ്ഞ് ഏഴു വർഷം പിന്നിടുമ്പോൾ തിലകൻ സ്മാരകം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ജന്മനാടായ റാന്നിയില്‍ തിലകന്‍ സ്മാരകം പണിയണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നിരിക്കുകയാണ്. സിനിമക്കാർ ഇപ്പോൾ ഈ പരത്തുന്ന സ്നേഹത്തിന്റെ പകുതി സ്നേഹം അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കാണിച്ചാൽ മതിയായിരുന്നു എന്നതടക്കമുള്ള പ്രതികരണങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിന് വന്നിട്ടുണ്ട്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോൻറെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
തിലകന് ഇനിയും സ്മാരകമില്ല
ഏഴു വർഷമായി തിലകൻ എന്ന മഹാപ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട്. നാടകത്തിലും സിനിമയിലുമായി ജന്മം മുഴുവൻ ഈ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ച കലയുടെ ആ പെരുന്തച്ചനെ നമ്മൾ നൈസായി അങ്ങ് മറന്നു കളയുകയാണ്- കഷ്ടം!
നടൻ തിലകന്റെ ഓർമ്മയ്ക്കായി സ്മാരകം നിർമ്മിക്കണം. വേർപാടിന്റെ ഏഴാണ്ടായിട്ടും സർക്കാർ അദ്ദേഹത്തിന് വേണ്ട പരിഗണന നൽകിയിട്ടില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കാൻ അദ്ദേഹത്തിന്റെ ജന്മനാടായ റാന്നിയിൽ തിലകൻ സ്മാരകം ഉടനുയരണം.
'അമ്മ' ഉൾപ്പെടെയുള്ള സിനിമാ സംഘടനകൾ ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനോട് സംസാരിക്കണം. ആവശ്യം ഉന്നയിക്കണം.
1990- ൽ 'പെരുന്തച്ചൻ' 1994- ൽ 'സന്താനഗോപാലം', 'ഗമനം' - എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി. 2009- ൽ പദ്മശ്രീ പുരസ്‌ക്കാരം നൽകി രാജ്യം തിലകനെ ആദരിച്ചു. ഇപ്പോഴുള്ള മറവി അനാദരവാണ്.
ചലച്ചിത്ര മേഖലകളിൽ മാത്രമല്ല സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു തിലകൻ എന്നതും മറക്കരുത്. അദ്ദേഹം ജീവിതത്തിലും നിലപാടുകളിലും ഉടനീളം ഒരു കമ്യൂണിസ്റ്റായിരുന്നു എന്നതു പോലും മറന്നോ?
ആവർത്തിക്കട്ടെ- മറവി അനാദരവാണ്!
#തിലകൻസ്മാരകം
https://www.facebook.com/Malayalivartha

























