പനോരമ സ്റ്റുഡിയോസും നിവിന്‍ പോളിയും ഒന്നിക്കുന്നു

ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസും നടന്‍ നിവിന്‍ പോളിയും ഒന്നിക്കുന്നു. പനോരമ സ്റ്റുഡിയോസുമായി 100 കോടി രൂപ ചെലവില്‍ ഒന്നിലധികം മലയാള ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള ഡീലിലാണ് നിവിന്‍ പോളി ഒപ്പ് വെച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാര്‍ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നടന്‍ നിവിന്‍ പോളിയും ചേര്‍ന്നാകും ഈ ചിത്രങ്ങള്‍ നിര്‍മ്മിക്കുക.
ബോക്‌സ് ഓഫീസ് വിജയങ്ങള്‍ നേടിയ വമ്പന്‍ ചിത്രങ്ങളും അവാര്‍ഡുകള്‍ സ്വന്തമാക്കിയ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും ഒരുപോലെ നിര്‍മ്മിച്ചു കൊണ്ട്, ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ പ്രതിഭകള്‍ക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിര്‍മ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായ പ്യാര്‍ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാന്‍, നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദൃശ്യം 3 എന്നിവയിലൂടെ 50 ലധികം അഭിമാനകരമായ നേട്ടങ്ങള്‍ ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുള്ളത്.
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളില്‍ ഒരാളും നിര്‍മ്മാതാവുമായ നിവിന്‍ പോളി, വൈവിധ്യത്തിനും ശക്തമായ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിനും പേര് കേട്ട പ്രതിഭയാണ്. രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ സൌത്ത്, രണ്ട് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍, ആറ് സൈമ അവാര്‍ഡുകള്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ശക്തമായ കഥ, മികച്ച പ്രതിഭകളോടൊപ്പമുള്ള സഹകരണം, വാണിജ്യപരമായി ലാഭകരമായ ഉള്ളടക്കം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പനോരമ സ്റ്റുഡിയോ മലയാള സിനിമയില്‍ നടത്താന്‍ പോകുന്ന തങ്ങളുടെ വിപുലീകരണത്തെയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ മള്‍ട്ടിഫിലിം ഡീല്‍, വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചിത്രങ്ങള്‍ ഒരുക്കുകയും, ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളെ മുഖ്യധാര സിനിമയുമായി സംയോജിപ്പിക്കുകയും ചെയ്യും.
മികവിന്റെ കാര്യത്തില്‍ മലയാള സിനിമ കൃത്യമായ ഒരു നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യത, കഴിവ്, ജനപ്രീതി എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിന്‍ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണ് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയില്‍ ദീര്‍ഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ മാര്‍ഗമാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണെന്ന് നടനും നിര്‍മ്മാതാവുമായ നിവിന്‍ പോളി പറഞ്ഞു.
https://www.facebook.com/Malayalivartha

























