കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

മുട്ട സ്വർണം പോലെ പൊട്ടി. മുട്ടവില കുത്തനെ ഇടിയാനുള്ള സാഹചര്യമൊരുങ്ങുന്നു. കയറ്റുമതി ചെയ്യാനാകാതെ തമിഴ്നാട്ടിലെ നാമക്കൽ മേഖലയിൽ കെട്ടിക്കിടക്കുന്നത് ആറ് കോടിയോളം മുട്ടകൾ. ഇതോടെ മുട്ടവിപണിയിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഒമാനിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ മുട്ടകൾ വിപണിയിലെത്തിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. ഇതോടെ ഉൽപാദകരും വ്യാപാരികളും ആശങ്കയിലായി.
നാമക്കൽ, സേലം, ഈറോഡ്, പെരുന്തുറൈ, കോയമ്പത്തൂർ മേഖലകളിലായി ആയിരത്തിലധികം കോഴിഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ പ്രതിദിനം പത്ത് കോടിയോളം മുട്ടകൾ ഉൽപാദിപ്പിക്കുന്നുണ്ട്. തമിഴ്നാട് സർക്കാരിന്റെ സൗജന്യ വിതരണ പദ്ധതികൾക്കും വിദേശ കയറ്റുമതിക്കുമാണ് വലിയൊരു പങ്ക് ഉപയോഗിക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും നാമക്കലിൽ നിന്നാണ് വൻതോതിൽ മുട്ട എത്തുന്നത്. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കും ഇവിടെനിന്ന് വിതരണം നടത്തുന്നുണ്ട്. ഇറാൻ, തായ്ലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യുന്നു.
എന്നാൽ ഒമാന്റെ വിലക്കോടെ കയറ്റുമതി വിപണിയിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ്. കെട്ടിക്കിടക്കുന്ന മുട്ടകൾ ആഭ്യന്തര വിപണിയിലേക്ക് തിരിച്ചുവിടേണ്ടിവന്നാൽ ലഭ്യത കൂടുകയും വില കുറയാൻ സാധ്യതയുണ്ടാകുകയും ചെയ്യും. അതിന്റെ പ്രതിഫലനം കേരളത്തിലെ വിപണിയിലും ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha

























