കുട്ടികളെ കണ്ടും, ഫുട്‌ബോള്‍ കളിച്ചും ജസ്റ്റിന്‍ ബീബര്‍

5000 മുതല്‍ 15000 രൂപ വരെയായിരുന്നു മുംബൈയിൽ നടന്ന ജസ്റ്റിന്‍ ബീബര്‍ ഷോയിലെ ടിക്കറ്റ് വില. ടിക്കറ്റ് ലഭിക്കുവാനും വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മുംബൈയിലെ ഈ കുട്ടികള്‍ക്ക് ഒരു വലിയ ഭാഗ്യമുണ്ടായി. ഇന്ത്യ മുഴുവന്‍ കാത്തിരുന്ന ആ ഗായകന്‍ നേരിട്ടെത്തിയാണ് അവരെ കണ്ടത്. ടിക്കറ്റും വേണ്ടി വന്നില്ല, ക്യൂവിലും നിന്നില്ല. മുംബൈ നഗരത്തിന്റെ ആഘോഷങ്ങളില്‍ നിന്നും ഗ്ലാമറില്‍ നിന്നും പണ്ടേ പുറത്താക്കപ്പെട്ട കുട്ടികളെയാണ് മുംബൈയിലെത്തിയതിനു ശേഷം ലോക സംഗീതത്തിലെ ഈ മിന്നും താരം ആദ്യം സന്ദര്‍ശിച്ചത്. മുംബൈയിലെ ബീബറിന്റെ പ്രധാന പരിപാടികളിലൊന്നും ഇതായിരുന്നു.
ബീബറിനെ കണ്ടതും ആര്‍പ്പുവിളികളോടെ കുട്ടികളും ഒപ്പംചേര്‍ന്നു. ബീബര്‍ എത്തുമ്പോള്‍ ഒരു ബസില്‍ ഇരിയ്ക്കുകയായിരുന്നു കുറേ കുട്ടികള്‍. എല്ലാവര്‍ക്കും ഷേക്ക്ഹാന്‍ഡ് കൊടുത്തും തനിക്കറിയാവുന്ന ഭാഷയില്‍ ലളിതമായി കുശലമന്വോഷിച്ചും ബീബര്‍ അവരോട് അടുത്തു നിന്നു.
മേല്‍ക്കൂര ടാര്‍പ്പോളിന്‍ ഷീറ്റു കൊണ്ടു മൂടിയ ഇടിഞ്ഞു വീഴാറായ ഭിത്തികളുള്ള വീടുകള്‍ ഇടതിങ്ങിയ, മനുഷ്യവിസര്‍ജം അടക്കമുള്ള മാലിന്യങ്ങള്‍ ഒഴുകുന്ന തുറന്ന ഓടകളുള്ള ഇടങ്ങളിലേക്കായിരുന്നു ബീബര്‍ എത്തിയത്. അവിടങ്ങളില്‍ പലയിടത്തും നിലത്തിരുന്ന് കുട്ടികളോട് സംസാരിച്ചാണു മടങ്ങിയത്. മുംബൈയിലെ പ്രാദേശികരായ സാധാരണക്കാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചും ഒരു മാളില്‍ നിന്ന് കാപ്പി കുടിച്ചുമാണ് ബീബര്‍ പകല്‍ ചെലവഴിച്ചത്.
ബോഡിഗാഡ് ഷേരു വിനൊപ്പം ഒരു വലിയ സംഘത്തേയും കൊണ്ടാണു ബീബര്‍ മുംബൈയിലെ ചേരികളില്‍ സന്ദര്‍ശനം നടത്തിയത്. ബീബര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ചിലവിടുന്ന തുകയില്‍ ഒരു വലിയ പങ്ക് കുട്ടികള്‍ക്കാണു നല്‍കാറ്. മുംബൈയിലെ ലോവര്‍ പാരല്‍ ഹോട്ടലിലായിരുന്നു താരം താമസിച്ചത്.
https://www.facebook.com/Malayalivartha

























