പുതിയ ടെക്‌നിക്കുകള്‍ പഠിക്കാനായി ഐവി ശശി വീണ്ടും തിയറ്ററിലെത്തി

ഉച്ചി മുതല്‍ ഉള്ളംകാലുവരെ സിനിമാമോഹം ഒളിപ്പിച്ച സംവിധായകനായിരുന്നു ഐ.വി. ശശി. അവസാനകാലത്ത് അര്‍ബുദരോഗത്തിന്റെ വേദനകളുമായി മല്ലടിക്കുമ്പോഴും സിനിമ അദ്ദേഹത്തിന് അഭിനിവേശമായി തുടര്‍ന്നു. മോഹന്‍ലാലിനെ നായകനാക്കി വീണ്ടും സിനിമ ചെയ്യുമെന്ന് രണ്ടുവര്‍ഷം മുന്‍പാണ് പ്രഖ്യാപിച്ചത്. സോഹന്‍ റോയിയുമായി ചേര്‍ന്ന് കുവൈത്ത് യുദ്ധം അടിസ്ഥാനമാക്കി ഒരു ബഹുഭാഷാചിത്രത്തിനും തുടക്കംകുറിച്ചിരുന്നു.
ശാരീരികമായി എത്ര അസ്വസ്ഥതകളുണ്ടെങ്കിലും സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ അതൊന്നും വഴിമുടക്കിയില്ല. അസുഖം കലശലായതോടെ കൂടുതല്‍ സമയവും സാലിഗ്രാമത്തിലുള്ള വീട്ടില്‍ത്തന്നെയായിരുന്നു.
എന്നാല്‍ പഴയകാല സിനിമക്കാരുമായുള്ള സൗഹൃദം എന്നും നിലനിര്‍ത്തിപ്പോന്നു. പലരും ഈ വീട്ടില്‍ കൃത്യമായ ഇടവേളകളില്‍ വന്നുപോയി. അസുഖത്തില്‍നിന്ന് മോചിതനാകുമെന്ന ശുഭാപ്തിവിശ്വാസക്കാരനായിരുന്നെങ്കിലും അതേല്‍പ്പിച്ച വേദനകളില്‍നിന്ന് പൂര്‍ണമായും മുക്തനായിരുന്നില്ല.

ചൂടുവെള്ളത്തില്‍ നല്ല എരിവുള്ള കുരുമുളക് പൊടിച്ചിട്ട് ഈ വെള്ളം ഞരമ്പുകളില്‍ക്കൂടി കയറ്റിവിടുമ്പോഴുണ്ടാകുന്ന വേദന കീമോ തെറാപ്പിക്ക് വിധേയനായതിനുശേഷമുള്ള അവസ്ഥയെക്കുറിച്ച് പറഞ്ഞതിങ്ങനെ.
അര്‍ബുദം കരളിനെ ബാധിക്കുകയും ഗുരുതരമാണെന്നു മനസ്സിലാക്കുകയും ചെയ്‌തെങ്കിലും സിനിമചെയ്യാനുള്ള ആരോഗ്യം തന്നില്‍ ബാക്കിയുണ്ടെന്ന് ശശി വിശ്വസിച്ചു. പുതിയ സിനിമ വിടാതെ കാണുന്ന ശീലവും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. ഡ്രൈവറെ മാത്രം കൂട്ടിയാണ് സിനിമയ്ക്ക് പോയിരുന്നത്. ദീപാവലി ദിവസം പുറത്തിറങ്ങിയ വിജയ് ചിത്രം. മെര്‍സല്‍ വരെ അദ്ദേഹം കണ്ടിരുന്നു.

ദിവസവും വൈകുന്നേരങ്ങളിലുള്ള നടത്തവും കഴിവതും മുടക്കാറില്ലായിരുന്നു. ഒരു കിലോമീറ്ററോളം നടന്നതിനുശേഷം അടുത്തുള്ള കടയില്‍നിന്ന് ഒരു ചായയും കുടിച്ചായിരുന്നു മടക്കം. കുടുംബസമേതം ഓസ്‌ട്രേലിയയില്‍ പോയി അവിടെയുള്ള മകള്‍ക്കൊപ്പം ഒരു മാസത്തിലേറെ ചെലവഴിച്ച ശേഷം തിരിച്ചെത്തിയത് മൂന്നുമാസം മുന്‍പാണ്. വീണ്ടും ഓസ്‌ട്രേലിയന്‍ യാത്രയ്‌ക്കൊരുങ്ങുമ്പോഴാണ് വിടപറയേണ്ടി വന്നത്.

അസുഖം അവശനാക്കിയാലും വീട്ടുകാരോടും സുഹൃത്തുക്കളോടും വാചാലനാകുന്ന ശശി കഴിഞ്ഞ ചില ദിവസങ്ങളിലായി ക്ഷീണിതനായിരുന്നെന്ന് മകന്‍ അനി പറഞ്ഞു. തിങ്കളാഴ്ച രാത്രിവരെ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. 
എന്നാല്‍ ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത കൂടി. ശ്വാസംമുട്ടല്‍ കലശലാകുകയും സമീപമുള്ള ആശുപത്രിയില്‍ പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. ഭാര്യയും പ്രശസ്ത ചലച്ചിത്രതാരവുമായ സീമയാണു രാവിലെ 11 നു ശശിയുടെ നിര്യാണം മാധ്യമങ്ങളെ അറിയിച്ചത്. സംസ്‌കാരം മകള്‍ അനു ഓസ്‌ട്രേലിയയില്‍നിന്ന് എത്തിയശേഷം ചെന്നൈ പോരൂര്‍ ശ്മശാനത്തില്‍ നടക്കും.

https://www.facebook.com/Malayalivartha


























