ജിമ്മിക്കി കമ്മലിൽ ചിന്തിക്കാതെ തൊട്ടു; ദേ വരുന്നു ആഘോഷപെരുമഴ; പണികിട്ടിയത് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ചെയർപേഴ്‌സണ്

ലാൽ ജോസിന്റെ സംവിധാനത്തിൽ ഓണത്തിന് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ഈ സിനിമയെക്കാളും ഏറെ ശ്രദ്ധിക്കപ്പെട്ടത് ഇതിലെ ജിമ്മിക്കി കമ്മൽ എന്ന ഗാനമായിരുന്നു. ജിമ്മിക്കി കമ്മൽ കേരളത്തിൽ മാത്രമായിരുന്നില്ല ഹിറ്റായത്. ജിമ്മിക്കി കമ്മൽ തരംഗം അങ്ങ് യുഎസ് വരെ എത്തി.
നമ്മുടെ സൂപ്പർ താരങ്ങൾപ്പോലും എന്റമ്മേടെ ജിമ്മിക്കി കമ്മലിനു താളം ചവിട്ടി. അങ്ങനെ കേരളക്കര ആഘോഷമാക്കിയ, രാജ്യത്തിന് പുറത്ത് പോലും തരംഗം സൃഷ്ടിച്ച ഈ ഗാനം ഈ ഗാനത്തെ വിമർശിച്ചുക്കൊണ്ട് എസ്.എഫ്.ഐ. നേതാവും സംസ്ഥാന യുവജന ക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ ചിന്ത ജെറോം രംഗത്തെത്തിയിരുന്നു. ഒരു പൊതു പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു ചിന്ത ജിമിക്കി കമ്മലിനെ ബുദ്ധിജീവി നിലവാരത്തിൽ അവലോകനം ചെയ്തത്.
"മലയാളത്തിലിന്ന് ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ജിമിക്കിയും കമ്മലും. ഒരു കാര്യം നമ്മൾ മനസ്സിലാക്കുക. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. എല്ലാ അമ്മമാരുടെയും ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോകുന്ന അച്ഛന്മാരും ഈ കേരളത്തിലില്ല. ഇനി അഥവാ അമ്മയുടെ ജിമിക്കിയും കമ്മലും മോഷ്ടിച്ചുകൊണ്ടുപോയാൽ ആ ദേഷ്യത്തിന് ബ്രാൻഡി എടുത്തുകുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്തു കൊണ്ട് ജിമിക്കിയും കമ്മലും ഹിറ്റായി മാറുന്നു എന്നുള്ളത്നമ്മൾ ചർച്ചയ്ക്ക് വിധേയമാക്കണം"- ഇതായിരുന്നു ചിന്തയുടെ പ്രസംഗം.

ഈ പ്രസംഗത്തിനുശേഷം ചിന്തക്കെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. ചിന്തയ്‌ക്കെതിരെ കടുത്ത പരിഹാസങ്ങളായിരുന്നു ഓരോ ട്രോളുകളും. ഇതിനുപിന്നാലെ ജിമ്മിക്കി കമ്മൽ എന്ന ഗാനം ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിന്തയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി.

ചിന്തയുടെ പ്രസംഗവും ട്രോൾ തരംഗവും ശ്രദ്ധയിൽപ്പെട്ടപ്പോൾ ഷാൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്;
"പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്. പക്ഷേ മണ്ടത്തരം ഒരു അത്ഭുതമായി തോന്നിയത് ഇതൊക്കെ നമ്മുടെ കേരളത്തിലെ ആളുകളോടാണല്ലോ പറയുന്നത് എന്ന് ഓർക്കുമ്പോഴാണ്. പാട്ടിനെ പാട്ടായിട്ട് കാണൂ സഹോദരി. അല്ലാതെ ജീവിതം പാടെ മാറ്റുന്ന (അല്ലെങ്കിൽ മാറ്റാൻ സാധ്യതയുള്ള) ഒരു ശസ്ത്രക്രിയായി കാണരുത്. ഇതൊരു പാട്ട് മാത്രമാണ്. അത് ആസ്വദിക്കാം അല്ലെങ്കിൽ വിട്ടുകളയാം. പബ്ലിസിറ്റി സ്റ്റണ്ട് ആയി അതിനെ കാണരുത്".




https://www.facebook.com/Malayalivartha


























