അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിനെതിരെ വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അവസാന മിനുക്കുപണിയിലാണ് അന്വേഷണ സംഘം. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ വിരാമമാകുന്നത്. കേസില്‍ കൂടുതലായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എങ്കിലും കുറ്റപത്രത്തില്‍ പഴുതുകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് ദിലീപിനെതിരായ ആരോപണം.ഇതിനായി പലയിടങ്ങളില്‍ പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്. തെളിവു നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നവര്‍ ഉള്‍പ്പെടെ കേസില്‍ 13 പ്രതികളാണുള്ളത്. നിലവില്‍ 11ആം പ്രതിയായ ദിലീപ് കുറ്റപത്രത്തില്‍ ആദ്യത്തെ രണ്ടുപേരില്‍ ഒരാളാകും.
കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണസംഘം നേരിടുന്ന പ്രതിസന്ധി. മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്നായിരുന്നു അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മൊഴി. ഇതുപ്രകാരം അന്വേഷണം തുടരും. ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത് 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടമാനഭംഗം, ഗൂഢാലോചനാക്കുറ്റങ്ങളാണ്. പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ ചാള്‍സ് ആന്റണി, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കുറ്റപത്രത്തില്‍ പ്രതികളാകും. ഏഴാംപ്രതി ചാള്‍സ്, വിപിന്‍ലാല്‍, വിഷ്ണു എന്നിവര്‍ മാപ്പുസാക്ഷികളാകാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























