മമ്മൂട്ടി വേണ്ടെന്നുവച്ചത് ദിലീപിന് സഹായമായി...

നടന്‍ ദിലീപിന്റെ കരിയറിലെ പരാജയങ്ങളുടെ കാലമായിരുന്നു 2003 ഉം 2004 ഉം വര്‍ഷങ്ങള്‍. ഈ പരാജയങ്ങളില്‍ നിന്ന് കരകയറന്‍ ഒരു കച്ചിത്തുരുമ്പെന്നോണമാണ് ഉദയ്കൃഷ്ണയും സിബി കെ തോമസും ഒരു തിരക്കഥയുമായി സമീപിക്കുന്നത്. വാളയാര്‍ ചെക്‌പോസ്റ്റ് വഴി അതിവിദഗ്ധമായി സ്പിരിറ്റ് കടത്തുന്ന പരമശിവം എന്ന യുവാവിന്റെ സാഹസങ്ങളായിരുന്നു ആ കഥയില്‍.
ദിലീപിന് കഥ ഗംഭീരമായി ഇഷ്ടമായി. ഇത്രയും ആക്ഷന്‍ നിറഞ്ഞ കഥകള്‍ മുമ്പ് ദിലീപ് ചെയ്തിരുന്നില്ല. ആക്ഷന്‍ സിനിമകളുടെ അവസാനവാക്കായ ജോഷി ചിത്രത്തിന്റെ സംവിധാനച്ചുമതലയേറ്റു. 'റണ്‍വേ' എന്ന് പേരിട്ട സിനിമ ദിലീപിന്റെ കരിയറിലെ വമ്ബന്‍ ഹിറ്റുകളില്‍ ഒന്നായി. അതുവരെ ആക്ഷന്‍ ത്രില്ലറുകളില്‍ നിന്ന് അകന്നുനിന്ന ദിലീപിന് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കിയത് റണ്‍വേ ആയിരുന്നു.
എന്നാല്‍ ഈ വിജയചരിത്രത്തിന് ഒരു പിന്നാമ്പുറക്കഥയുണ്ടെന്ന് അറിയുമ്പോഴാണ് കൗതുകമേറുന്നത്. 'റണ്‍വേ'യുടെ കഥ 1998ല്‍ മമ്മൂട്ടി കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാമെന്നുറപ്പിച്ച് അഞ്ചുലക്ഷം രൂപ അഡ്വാന്‍സും വാങ്ങിയതാണത്രേ. ബാലു കിരിയത്തായിരുന്നു ആ സിനിമ സംവിധാനം ചെയ്യാനിരുന്നത്.
എന്നാല്‍ ചിത്രം വിതരണം ചെയ്യാനിരുന്ന കമ്പനി ചില സാമ്പത്തികപ്രതിസന്ധികളില്‍ പെട്ടപ്പോള്‍ പടം മുടങ്ങി. മമ്മൂട്ടി അഡ്വാന്‍സ് തിരിച്ചുനല്‍കുകയും ചെയ്തു. ആ കഥയാണ് തേച്ചുമിനുക്കി വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയനും സിബിയും 'റണ്‍വേ' ആക്കി മാറ്റിയത്. അങ്ങനെ മമ്മൂട്ടി വേണ്ടെന്നുവച്ച ആ തിരക്കഥ ആപത്കാലത്ത് ദിലീപിന് വലിയ സഹായമായി മാറി.
https://www.facebook.com/Malayalivartha


























