കൊലമാവ് കോകിലയ്ക്ക് കമല്‍ഹാസന്റെ വിശ്വരൂപം ഭീഷണിയോ ?....! ; റിലീസ് തീയതി മാറ്റി
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാര കേന്ദ്രകഥാപാത്രമായെത്തുന്ന കൊലമാവ് കോകിലയുടെ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനി ലൈക പ്രൊഡക്ഷന്‍സ് അറിയിച്ചു.
മുൻപ് ആഗസ്റ്റ് 10 നായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കമല്‍ഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗവും അതേ തിയതിയിലാണ് റിലീസ് ചെയ്യുന്നത്. അതിനാൽ കൊലമാവ് കോകിലയുടെ റിലീസ് തീയതി ആഗസ്ത് 17 ലേക്ക് മാറ്റുകയായിരുന്നു. ലൈക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെയാണ് റിലീസ് തിയതി മാറ്റിയ വിവരം അറിയിച്ചത്.
ചിത്രത്തില്‍ നയന്‍താര മയക്കുമരുന്ന് കള്ളക്കടത്തുകാരിയായാണ് എത്തുന്നതെന്നാണ് സൂചന. ഈ കഥാപാത്രത്തിന് സംസാര ശേഷിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്, നിഷ എന്നിവരാണ് മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം, അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കിയ കൊലമാവ് കോകിലയില ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനം ഇതുവരെ യൂട്യൂബില്‍ 37 മില്യണ്‍ ആളുകളാണ് കണ്ടത്.
https://www.facebook.com/Malayalivartha