ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ കൊലപ്പെടുത്തി: 13 ലക്ഷത്തിന്റെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കൂട്ടാളികളും കുടുങ്ങി

ദീപാവലി ആഘോഷിക്കാനായി വീട്ടിലെത്തിയ യുവതിയെ ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ വിമാനക്കമ്പനി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വര്‍ഷ. മോണ അഗര്‍വാളാണ് വര്‍ഷയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും തന്റെ ഭര്‍ത്താവായ നിതേഷ് അഗര്‍വാളിന് വര്‍ഷയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മോണയെയും മറ്റു നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 14 നാണ് വര്‍ഷ തുര്‍ക്കറുടെ (35) മൃതദേഹം കാട്ടിനുള്ളില്‍നിന്ന് കണ്ടെത്തിയത്. നിതേഷിനൊപ്പം പുറത്തുപോയപ്പോഴാണ് വര്‍ഷ കുത്തേറ്റ് മരിച്ചത്.
ഭര്‍ത്താവിനു വര്‍ഷയുമായുള്ള ബന്ധത്തില്‍ പ്രകോപിതയായ മോണ വീടിനടുത്ത് താമസിക്കുന്ന കുനാല്‍ കുംഭല്‍ക്കറുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുനാല്‍ സ്ഥിരം കുറ്റവാളിയായ ഷാരൂഖ് പത്താനുമായി ബന്ധപ്പെടുകയും വര്‍ഷയെ വകവരുത്താന്‍ 13 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ഉറപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകം നടത്താനായി മൂര്‍ത്തിയിലെ സഞ്ജയ് നഗര്‍ സ്വദേശികളായ ഇമ്രാന്‍ ഷെയ്ഖ് (26), നളന്‍ എന്ന നയലന്‍ ഷെയ്ഖ് (24), ക്രിഷ് റാവത്ത് (19) എന്നിവരെയും ഒപ്പം കൂട്ടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
പുണെ ജില്ലയിലെ ധനോരി സ്വദേശിയായ വര്‍ഷ ദീപാവലി അവധി ആഘോഷിക്കാനാണ് മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള കിന്‍ഹി ഗ്രാമത്തിലെ കുടുംബവീട്ടിലെത്തിയത്. നവംബര്‍ 14 ന് വര്‍ഷ സുഹൃത്ത് നിതേഷ് അഗര്‍വാളിനൊപ്പം ഗോണ്ടിയയിലെ തിരോഡയിലേക്കു പോയി. തിരിച്ചുവരുമ്പോള്‍ ബോന്ദ്രാനി ഗ്രാമത്തിലുള്ള വനമേഖലയിലെ ഒരു ശിവക്ഷേത്രത്തിനു സമീപം ഇരുവരും വാഹനം നിര്‍ത്തി. അവിടെ എത്തിയ മൂന്നംഗ സംഘം വര്‍ഷയെ കത്തികൊണ്ട് വയറ്റിലും മുതുകിലും കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വര്‍ഷ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് നിതേഷിന്റെ വാഹനം മൂന്നുപേര്‍ പിന്തുടര്‍ന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. നവംബര്‍ 19 ന് ഗോണ്ടിയയിലെ മൂര്‍ത്തി ഗ്രാമത്തില്‍നിന്ന് ഇമ്രാന്‍ കരീം ഷെയ്ഖ് (26) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
https://www.facebook.com/Malayalivartha

























