ഡോക്ടറെ മര്‍ദിച്ച കേസില്‍ നടി അതുല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം

ഡോക്ടറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ബിബിന്‍ പെരുമ്പിള്ളി, നടി അതുല്യ ചന്ദ്ര, ഇവരുടെ സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവര്‍ക്ക് ഉപാധികളോടെ ജാമ്യം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്കു പോകരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. അതേസമയം, നടിയും കൂട്ടരും വിളിച്ചു വരുത്തി മര്‍ദിച്ചു എന്നു പരാതി നല്‍കിയ ഡോ. ജോണ്‍സണ്‍ കെ.വര്‍ഗീസ് ബലാത്സംഗ കേസില്‍ ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
ഈ മാസം രണ്ടിന് രാത്രി 6.30ഓടെ തന്റെ ബന്ധുവിന് അസുഖമാണെന്നു പറഞ്ഞ് ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയശേഷം ഡോക്ടറായ പരാതിക്കാരനെ തടഞ്ഞുവച്ച് മര്‍ദിക്കുകയും മൂന്നു ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും സ്മാര്‍ട് വാച്ചും ഇയര്‍പോഡും തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്. തുടര്‍ന്ന് മൂന്ന് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ഒടുവില്‍ ഒരു കോടി നല്‍കാമെന്നു സമ്മതിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിനകം 25 ലക്ഷം രൂപ നല്‍കണമെന്ന നിബന്ധനയോടെ വിട്ടയച്ചെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. കടവന്ത്ര പൊലീസിലാണ് ഡോ. ജോണ്‍സണ്‍ പരാതി നല്‍കിയത്.
എന്നാല്‍, പരാതിക്കാരനായ ഡോക്ടര്‍ രണ്ടാം പ്രതിയുടെ ബന്ധുവിനെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നിയമനടപടി നേരിടുന്നതില്‍നിന്നു രക്ഷപ്പെടാനും ഫോണുകള്‍ തിരികെ ലഭിക്കാനുമാണു വ്യാജ പരാതി നല്‍കിയതെന്ന് പ്രതിഭാഗം വാദിച്ചു. ബന്ധുവിനെ കുടുംബ ഡോക്ടര്‍ കൂടിയായ ജോണ്‍സണ്‍ പീഡിപ്പിച്ച വിവരം കുടുംബാംഗങ്ങള്‍ അറിയുകയും ഇക്കാര്യത്തില്‍ ഇയാളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിക്കുകയും െചയ്തു. താന്‍ ചെയ്ത കുറ്റം സമ്മതിച്ച ജോണ്‍സണ്‍ ചിത്രങ്ങളൊന്നും പകര്‍ത്തിയിട്ടില്ലെന്നു കാട്ടി ഫോണ്‍ കൈമാറുകയായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു. ഡോക്ടര്‍ക്കെതിരെ അതുല്യയുടെ ബന്ധു ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുള്ള കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഡോക്ടറുടെ ഫോണില്‍ തന്റെ രോഗികള്‍ അടക്കമുള്ളവരുടേത് ഉള്‍പ്പെടെ ഒട്ടേറെ നഗ്‌നദൃശ്യങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ ഫോണ്‍ തിരികെ ലഭിച്ചില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പുറത്തു വരുമെന്ന ഭീതിയിലാണ് ഡോക്ടര്‍ പരാതി നല്‍കിയതെന്നും അതുല്യയുടെ അഭിഭാഷകന്‍ വാദിച്ചു.
തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുത് എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവകരമാണെങ്കിലും അതിന്റെ ഗൗരവം കൊണ്ടു മാത്രം ജാമ്യം നിഷേധിക്കാന്‍ കാരണമാകില്ലെന്ന് വ്യക്തമാക്കി കോടതി പ്രതികള്‍ക്കു ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ നവംബര്‍ അഞ്ച് മുതല്‍ (15 ദിവസം) കസ്റ്റഡിയിലാണെന്നും കൂടുതല്‍ കസ്റ്റഡി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരന്റെ ഫോണ്‍ രണ്ടാം പ്രതിയുടെ ബന്ധു മറ്റൊരു സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു എന്നതില്‍ എതിരഭിപ്രായമില്ല. ഫോണുകള്‍ സ്വമേധയാ കൈമാറിയതാണോ അതോ തട്ടിയെടുത്തതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിചാരണ വേളയിലെ തെളിവുകളുടെ അടിസ്ഥാനത്തിലേ തീരുമാനിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























