വില്‍പത്രം ഇല്ല...നോമിനിയുമില്ല നിക്ഷേപിച്ച പണം കുടുംബത്തിന് ലഭിക്കുമോ? അറിയാം നടപടികള്‍

നിക്ഷേപകന്‍ മരിച്ചാല്‍ ബാങ്ക് എഫ്ഡി, മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍ എന്നിവയിലെ പണം ആര്‍ക്കാണ് ലഭിക്കുക?. വില്‍പത്രമോ നോമിനിയോ ഇല്ലെങ്കിലും നിയമപരമായ അവകാശികള്‍ക്ക് പണം ക്ലെയിം ചെയ്യാം. എന്നാല്‍ ഇതിനായി ചില രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണം.
സമ്പാദിക്കുന്ന പണം ഭാവിയിലേക്കായി നിക്ഷേപിക്കുന്നവരാണ് അധികവും. ബാങ്ക് സ്ഥിരനിക്ഷേപം (FD), മ്യൂച്വല്‍ ഫണ്ട്, ഓഹരികള്‍ തുടങ്ങിയവയില്‍ പലരും പണം നിക്ഷേപിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ നിക്ഷേപം നടത്തിയ വ്യക്തി അപ്രതീക്ഷിതമായി മരിക്കുകയാണെങ്കിലോ?. ഈ മരിച്ചുപോയ വ്യക്തി വില്‍പത്രം തയ്യാറാക്കിയിട്ടില്ലാതെയോ, നോമിനിയെ ചേര്‍ത്തിട്ടില്ലാതെയോ ചെയ്താല്‍ എന്തു സംഭവിക്കും? ആ പണം കുടുംബത്തിന് നഷ്ടമാകുമോ?.
നോമിനിയോ വില്‍പത്രമോ ഇല്ലാത്ത സാഹചര്യത്തിലും നിയമപരമായ അവകാശികള്‍ക്ക് നിക്ഷേപത്തില്‍ അവകാശം ഉന്നയിക്കാം. എന്നാല്‍ ഓരോ നിക്ഷേപത്തിനും അനുസരിച്ച് നടപടിക്രമങ്ങളിലും ആവശ്യമായ രേഖകളിലും വ്യത്യാസമുണ്ടാകും.
സ്ഥിരനിക്ഷേപം അഥവാ FD യിലെ പണം എങ്ങനെ ലഭിക്കും?
ബാങ്കില്‍ സ്ഥിരനിക്ഷേപമുള്ള വ്യക്തി മരിച്ചാല്‍ നോമിനി ഇല്ലെങ്കിലും നിയമപരമായ അവകാശികള്‍ക്ക് ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ച് പണം ക്ലെയിം ചെയ്യാം. ഇതിനായി സാധാരണയായി ആവശ്യമായി വരാവുന്ന രേഖകള്‍ ഇവയൊക്കെയാണ്.
മരണ സര്‍ട്ടിഫിക്കറ്റ്
എഫ്ഡിയുടെ വിവരങ്ങള്‍ അല്ലെങ്കില്‍ നിക്ഷേപ രേഖകള്‍
അവകാശികളുടെ തിരിച്ചറിയല്‍ രേഖകളും വിലാസരേഖകളും
ക്ലെയിം ഫോമും ആവശ്യമായ സത്യവാങ്മൂലവും
ബാങ്ക് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍ഡെംനിറ്റി ബോണ്ടും(Indemnity bond).
മറ്റ് നിയമപരമായ രേഖകളും .ഇൻഡെംനിറ്റി ബോണ്ട് (Indemnity Bond) എന്നത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം അല്ലെങ്കിൽ ബാധ്യത നികത്താമെന്ന് മറ്റൊരു വ്യക്തി ഉറപ്പുനൽകുന്ന ഒരു നിയമപരമായ കരാറാണ്
• ബാങ്ക് പാസ്ബുക്ക്, ഷെയർ സർട്ടിഫിക്കറ്റുകൾ, വസ്തുവിന്റെ ആധാരം, ഇൻഷുറൻസ് പോളിസി എന്നിവ നഷ്ടപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് രേഖകൾക്കായി അപേക്ഷിക്കുകയും ചെയ്യുമ്പോൾ. (ഭാവിയിൽ ആരെങ്കിലും പഴയ രേഖയുമായി വന്ന് അവകാശവാദം ഉന്നയിച്ചാൽ ബാങ്കിനോ സ്ഥാപനത്തിനോ ഉണ്ടാകുന്ന നഷ്ടം അപേക്ഷകൻ നികത്തിക്കൊള്ളാം എന്ന ഉറപ്പിനാണിത്).
• മരണാനന്തര ക്ലെയിമുകൾ: ഒരു വ്യക്തി മരണപ്പെട്ടാൽ, അയാളുടെ ബാങ്ക് നിക്ഷേപമോ മറ്റ് ആനുകൂല്യങ്ങളോ അവകാശികൾക്ക് കൈമാറുമ്പോൾ (മറ്റ് അവകാശികൾ ആരെങ്കിലും ഭാവിയിൽ വന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ). എല്ലാം ഇന്‍ഡെംനിറ്റി ബോണ്ട് ആവശ്യമായി വരാറുണ്ട് .•
• ചില കമ്പനികൾ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുമ്പോൾ, നിശ്ചിത കാലയളവിന് മുമ്പ് ജോലി വിട്ടുപോയാൽ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയിൽ ഇൻഡെംനിറ്റി ബോണ്ട് ഒപ്പിട്ടുവാങ്ങാറുണ്ട്.
• സർക്കാർ/കോടതി ആവശ്യങ്ങൾ: സർക്കാർ ഗ്രാന്റുകൾ കൈപ്പറ്റുമ്പോഴോ, കോടതി വ്യവഹാരങ്ങളിലോ ജാമ്യത്തിനായോ ഇത് ഉപയോഗിക്കുന്നു.
ചില സാഹചര്യങ്ങളില്‍ ബാങ്കിന്റെ നിബന്ധനകള്‍ പാലിച്ചാല്‍ കോടതി നല്‍കുന്ന സക്‌സഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും ക്ലെയിം തീര്‍പ്പാക്കാം. എന്നാല്‍ തുക, ബാങ്കിന്റെ നിബന്ധനകള്‍, അവകാശികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തുടങ്ങിയവ അനുസരിച്ച് നടപടിക്രമം മാറിയേക്കാം.
മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം എങ്ങനെ സ്വന്തമാക്കാം?
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപമുണ്ടായിരുന്ന വ്യക്തിയുടെ മരണശേഷം നിയമപരമായ അവകാശികള്‍ക്ക് ബന്ധപ്പെട്ട അസറ്റ് മാനേജ്മെന്റ് കമ്പനിയുമായി (AMC) ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് നിക്ഷേപം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിക്കാവുന്നതാണ്. ഇതിന് മരണ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍, വിലാസരേഖകള്‍, നിയമപരമായ അവകാശം തെളിയിക്കുന്ന രേഖകള്‍ എന്നിവ ആവശ്യമായി വന്നേക്കാം. മറ്റ് അവകാശികളുടെ സമ്മതപത്രവും (NOC) ചില സാഹചര്യങ്ങളില്‍ ആവശ്യപ്പെടാം.
ഓഹരികള്‍ കൈമാറാന്‍ എന്തുചെയ്യണം?
ഓഹരികളില്‍ നിക്ഷേപമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ (DP) സമീപിച്ച് ഓഹരികള്‍ സ്വന്തം പേരിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാം. ഇതിനായി സാധാരണയായി ആവശ്യമായി വരാവുന്ന രേഖകള്‍ ഇവയാണ്.
മരണ സര്‍ട്ടിഫിക്കറ്റ്
തിരിച്ചറിയല്‍ രേഖയും വിലാസരേഖയും
ട്രാന്‍സ്മിഷന്‍ ഫോം
ഇന്‍ഡെംനിറ്റി ബോണ്ട്, ആവശ്യമായ മറ്റ് രേഖകള്‍
മറ്റ് നിയമപരമായ അവകാശികളുടെ NOC, ആവശ്യമായ സാഹചര്യങ്ങളില്‍
ഓഹരികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള കൃത്യമായ നടപടിക്രമം ബന്ധപ്പെട്ട ഡിപ്പോസിറ്ററിയുടെ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും.
കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ എന്ത് ചെയ്യും?
നിക്ഷേപത്തുക ആര്‍ക്കാണ് ലഭിക്കേണ്ടതെന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ പണം കൈമാറുന്ന നടപടികള്‍ വൈകാം. ചില കേസുകളില്‍ സക്‌സഷന്‍ സര്‍ട്ടിഫിക്കറ്റോ കോടതി ഉത്തരവോ ആവശ്യമായി വന്നേക്കാം. നോമിനി എന്നത് എല്ലാ സാഹചര്യങ്ങളിലും നിക്ഷേപത്തിന്റെ അന്തിമ ഉടമയാണെന്ന് അര്‍ഥമില്ല. നിയമപരമായ അവകാശം ബന്ധപ്പെട്ട പിന്തുടര്‍ച്ചാവകാശ നിയമങ്ങളും വില്‍പത്രവും നിക്ഷേപത്തിന്റെ സ്വഭാവവും അനുസരിച്ചാണ് തീരുമാനിക്കുന്നത്.
https://www.facebook.com/Malayalivartha

























