വിടില്ല ഞാന്‍, പിള്ളയെ വിടില്ലെന്ന് അച്യുതാനന്ദന്‍; കൈക്കൊട്ടി ചിരിച്ച് കോണ്‍ഗ്രസ്

ഇടതു സഹയാത്രികനായ ആര്‍ ബാലകൃഷ്ണ പിളളയ്‌ക്കെതിരെ സിപിഎമ്മിന്റെ ഉന്നതനേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്‍മേല്‍ അന്വേഷണം വരുന്നു. പിള്ളയ്‌ക്കെതിരായ ആരോപണം വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വാളകം സ്‌കൂളിലെ അദ്ധ്യാപിക ഗീതയെ സര്‍ക്കാര്‍ നേരിട്ട് തിരിച്ചെടുക്കും. വാളകം ആര്‍വിവിഎച്ച് എസ്എസിലെ അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും ആര്‍ ബാലകൃഷ്ണപിളള അകാരണമായിട്ട് ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗീതയെ പതിനാലു ദിവസത്തിനകം തിരിച്ചെടുക്കണമെന്ന് കേരള ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ആര്‍ ബാലകൃഷ്ണപിള്ള അംഗീകരിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പിള്ളയുടെ സൗകര്യം നോക്കി ആര്‍ക്കും സ്‌കൂള്‍ നടത്താനാവില്ല. സാധാരണ സ്‌കൂള്‍ മാനേജര്‍മാര്‍ ഉപവിദ്യാഭ്യാസ ഓഫീസര്‍ക്ക് മുന്നില്‍ പോലും പേടിച്ചരണ്ട് നില്‍ക്കുന്നവരാണ്. സ്‌കൂളിന്റെ കാര്യം വരുമ്പോള്‍ പിള്ളയും മാനേജര്‍മാരില്‍ ഒരാള്‍ മാത്രമാണ്. എന്നാല്‍ പിള്ളയാകട്ടെ വിദ്യാഭ്യാസ ഓഫീസറെയെന്നല്ല സര്‍ക്കാരിനെ പോലും ഭയക്കുന്നില്ല.
കൃഷ്ണകുമാറും ഗീതയും പിള്ളയും തമ്മിലുള്ള തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാളകം കേസ് പിള്ള സൃഷ്ടിച്ചതാണെന്ന ആരോപണം മുമ്പേ നിലവിലുണ്ട്. എന്നാല്‍ കൃഷ്ണകുമാറിനുണ്ടായ പരിക്ക് വാഹനാപകടം കാരണമാണെന്ന നിഗമനത്തിലാണ് സിബിഐ ഉള്‍പ്പെടെ സംഭവം അന്വേഷിച്ച എല്ലാ ഏജന്‍സികളും എത്തിച്ചേര്‍ന്നത്.
കൃഷ്ണകുമാറും ഗീതയും പിള്ളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതാണ് വിരോധത്തിന്റെ ശക്തി കൂട്ടിയത്. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ ബിരുദത്തിലാണ് പിള്ള കയറി പിടിച്ചത്. കൃഷ്ണകുമാറിന്റെ ബിരുദം വ്യാജമാണെന്ന ആരോപണമാണ് പിള്ള ഉന്നയിക്കുന്നത്.
ആര്‍ ബാലകൃഷ്ണപിള്ള സിപിഎം അനുഭാവിയായ വേളയില്‍ തന്നെ അച്യുതാനന്ദന്‍ അന്വേഷണം ആവശ്യപ്പെട്ടത് എല്ലാവരെയും അമ്പരപ്പിക്കുന്നത്. പിള്ളയ്‌ക്കെതിരായ അച്യുതാനന്ദന്റെ നീക്കം ഔദ്യോഗിക പക്ഷത്തിനു രുചിച്ചിട്ടുമില്ല. ഏതായാലും പിളളയുടെ സര്‍ക്കിളില്‍ നിന്നു തന്നെ പിള്ളയ്ക്കുണ്ടായ തിരിച്ചടി മുതലെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha