ഒരു ഐഎഎസുകാരനെ ആര്‍ക്കെല്ലാം വേണം, ഐഎഎസ് ഉദ്യോഗസ്ഥനായ റ്റി.ഭാസ്‌കരിന് വേണ്ടി മന്ത്രിസഭയില്‍ ഉടക്ക്

ഒരു ഐ എ എസുകാരനെ ചൊല്ലി സംസ്ഥാന മന്ത്രി സഭയില്‍ കലാപം. ഐ എ എസ് ഉദ്യോഗസ്ഥനായ റ്റി.ഭാസ്‌കരിന് വേണ്ടിയാണ് മന്ത്രിമാരായ അനൂപ് ജേക്കബും പികെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഉടക്കിയത്. റ്റി ഭാസ്‌ക്കരന്‍ നേരത്തെ ഇടുക്കി കളക്ടറായിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ ജലനിധിയുടെ മേധാവിയാക്കി. തുടര്‍ന്ന് ഭവന നിര്‍മ്മാണ വകുപ്പിനു കീഴിലുള്ള ഭവന നിര്‍മ്മാണ ബോര്‍ഡിന്റെയും നിര്‍മ്മിതി കേന്ദ്രത്തിന്റെയും തലവനാക്കി.
ഇങ്ങനെയിരിക്കുമ്പോഴാണ് അനൂപ് ജേക്കബ് അദ്ദേഹത്തെ രജിസ്‌ട്രേഷന്‍ ഐജിയാക്കിയത്. രജിസ്‌ട്രേഷന്‍ ഐ ജി ഓഫീസ് അതുവരെ ഭരിച്ചിരുന്നത് സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ സഹോദരനാണ്. അദ്ദേഹത്തെ ഒതുക്കാനാവാതെ അനൂപ് ജേക്കബ് വിഷമിക്കുമ്പോഴായിരുന്നു മന്ത്രി പറഞ്ഞാല്‍ അതേ പടി കേള്‍ക്കുന്ന ഭാസ്‌കരനെ ഐജിയായി ലഭിച്ചത്. സന്തോഷത്തോടെ അദ്ദേഹം തന്റെ ജോലികള്‍ തുടര്‍ന്നു. ഭാസ്‌കരന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് അദ്ദേഹത്തെ ക്ഷ പിടിച്ചു.
മന്ത്രി എ എന്നു പറഞ്ഞാല്‍ ബി എന്നു പൂരിപ്പിക്കുന്ന ഭാസ്‌കരനെ കുഞ്ഞാലിക്കുട്ടി മലപ്പുറം കളക്ടറാക്കാന്‍ തീരുമാനിച്ചു. വരാന്‍ പോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പാണ്. വേണ്ടപ്പെട്ടവരെ നിയമിച്ചില്ലെങ്കില്‍ പണി പാളും. മന്ത്രി സഭാ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ തന്നെ അനൂപ് ജേക്കബ് രോഷാകുലനായി. താന്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഒരു വിധം ഒതുക്കി കൊണ്ട് വരികയായിരുന്നെന്നും അപ്പോഴാണ് ഐജിയെ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഭാസ്‌കരന്‍ വഹിച്ചിരുന്ന തസ്തികകള്‍ യുവ ഐഎഎസുകാരിയായ ഷൈനാമോള്‍ക്ക് നല്‍കി.
ഷൈനാമോള്‍ നിര്‍മ്മിതിയുടെയും ഭവന നിര്‍മ്മാണ ബോര്‍ഡിന്റെയും ചുമതല ഏറ്റെടുത്തു. രജിസ്‌ട്രേഷന്‍ ഐജിയായി ചുമതലയേല്‍ക്കാന്‍ ചെന്നപ്പോള്‍ അനൂപ് ജേക്കബ് തടഞ്ഞു. തനിക്ക് ഷൈനയെ വേണ്ടന്നായിരുന്നു മന്ത്രിയുടെ നിലപാട്. അങ്ങനെ രജിസ്‌ട്രേഷന്‍ ഐജി സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഐഎഎസ് എഴുതി കിട്ടുന്നവരെ സ്വന്തം വകുപ്പില്‍ നിയമിക്കാന്‍ മന്ത്രിമാര്‍ക്ക് സാധാരണ താത്പര്യമില്ല. പകരം കണ്‍ഫര്‍ ചെയ്തവര്‍ വന്നാല്‍ ഇംഗിതങ്ങള്‍ സാധിക്കുമെന്നാണ് മന്ത്രിമാരുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha