കര്‍ക്കിടകത്തിലെ ആരോഗ്യപരിപാലനവും ചികിത്സകളും

ആയുര്‍വേദ ചികിത്സയില്‍ കര്‍കിടകത്തിനു മുഖ്യമായ സ്ഥാനമുണ്ട് , ആരോഗ്യ പരിപാലനത്തിനു അനുയോജ്യമായ സമയമായാണ് കര്‍ക്കിടകമാസം. ശരീരം ഇളതായിരിക്കുന്ന അവസ്ഥ ആയതിനാല്‍ മരുന്നുകളോട് വളരെവേഗം പ്രതികരിക്കും. കര്‍ക്കിടകത്തില്‍ മരുന്നുകഞ്ഞി കഴിക്കുക പതിവുണ്ട്. ഇത് ഏതുരോഗക്കാര്‍ക്കുമാവാം. പക്ഷേ, ഇതിനൊപ്പം ജീവിതക്രമത്തിലും ചില ചിട്ടകളൊക്കെ പാലിക്കുന്നത് നന്നായിരിക്കും
.മദ്യപാനവും പുകവലിയും പൂര്‍ണമായും ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കൂടിക്കാവൂ. അതും ചുക്കുവെള്ളമാണെങ്കില്‍ അത്രയും നന്ന്. കുളി ഇളം ചൂടുവെള്ളത്തിലാവാം. കുളികഴിഞ്ഞ് ശരീരം ചെറുതായി വിയര്‍ക്കാനാണിത്. മരുന്നുകഞ്ഞി കുടിച്ചുതുടങ്ങും മുമ്പ് ശരീരം ശുദ്ധിവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വയറിളക്കുന്നത് നന്നായിരിക്കും. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആകാവൂ.
ചൂടോടെ ആഹാരം കഴിക്കുക. ശരീരത്തിന് ചൂട് ലഭിക്കാനാണിത്. പകല്‍ ഉറക്കം ഉപേക്ഷിക്കുക. പഴയ ആഹാരസാധനം ചൂടാക്കി കഴിക്കരുത്. ഇലക്കറികള്‍, ചെറുപയര്‍, റാഗി മുതലായവ കൂടുതല്‍ ഉപയോഗിക്കണം. എരിവും പുളിയും ഉപയോഗം കുറയ്ക്കണം. കുരുമുളക്, ജീരകം, കായം തുടങ്ങിയവ ധാരാളം ഉപയോഗിക്കാം. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ വര്‍ജ്ജിക്കണം. എന്നാല്‍ ചേന ഉപയോഗിക്കാം. എണ്ണതേച്ചുള്ള കുളിയാവാം, മോര് കാച്ചി ഉപയോഗിക്കാം. തൈരിന്റെ ഉപയോഗം പാടില്ല തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തണം.
കര്‍ക്കികമാസത്തില്‍ എണ്ണതേച്ചുള്ള കുളിക്ക് പ്രാധാന്യമുണ്ട്. പുലര്‍കാലത്ത് ഉണര്‍ന്ന് ദേഹമാസകലം എണ്ണ തേച്ചുപിടിപ്പിച്ച് കുളത്തിലോ ആറ്റിലോ വിശാലമായൊരു കുളി. മലയാളിയുടെ ശീലമായിരുന്നു അത്. നല്ലെണ്ണയാണ് തേച്ചുകുളിക്ക് ഉത്തമം. ശിരസ്, ഉള്ളംകാല്‍, ചെവി എന്നിവടങ്ങളിലും എണ്ണപുരട്ടാന്‍ വിട്ടുപോകരുത്
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കാറുണ്ട്. ആയതിനാല്‍ രോഗ പ്രതിരോധശേഷി കുറവുള്ള കര്‍ക്കിടക മാസത്തെയാണ് ആയുര്‍വേദം പുനരുജ്ജീവന ചികിത്സയ്ക് ആയി പരിഗണിക്കുന്നത് .ആഗോള തലത്തില്‍ തന്നെ വളരെയേറെ പ്രസിദ്ധി ഉള്ളവയാണ് പുനരുജ്ജീവന ചികിത്സകള്‍. വര്‍ഷം തോറും ധാരാളം വിദേശികള്‍ ആയുര്‍വേദ ചികിത്സകള്‍ക്ക് വേണ്ടി കേരളം സന്ദര്‍ശിക്കുന്നുണ്ട്. പുനരുജ്ജീവന ചികിത്സയിലെ ചികിത്സാ രീതികള്‍ താഴെ പറയുന്നവയാണ് .
അഭ്യംഗം : ഔഷധ ഗുണമുള്ള എണ്ണ ശരീരത്തിലും തലയിലും തേച്ചു പിടിപ്പിച്ച് തിരുമ്മുന്ന ചികിത്സ രീതിയാണ് അഭ്യംഗം . ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കുവാന്‍ അഭ്യംഗം ഉത്തമമാണ് .
ധാര : നെറ്റിയിലേക്ക് തലയ്ക്കു മുകളിലുള്ള പാത്രത്തില്‍ നിന്നു ഔഷധങ്ങള്‍ ചേര്‍ത്ത എണ്ണയോ പാലോ ധാരയായി ഒഴിക്കുന്ന ചികിത്സ രീതിയാണ് ധാര. ഉറക്കമില്ലായ്മ ,തലവേദന എന്നിവയ്ക്ക് മികച്ച ചികിത്സ രീതിയാണിത്
നവരകിഴി : ചൂടാക്കിയ ധാന്യങ്ങള്‍ കിഴികെട്ടി ശരീരത്തില്‍ ഉഴിയുന്ന രീതിയാണ് നവരകിഴി. നടുവേദന ,വാതം എന്നിവയ്ക്ക് ഉത്തമമായ ചികിത്സയാണിത്
പിഴിച്ചില്‍ : ഔഷധങ്ങള്‍ അടങ്ങിയ എണ്ണ പ്രത്യേക താപനിലയില്‍ ചൂടാക്കി ശരീരം മുഴുവന്‍ തടവുന്ന ചികിത്സയാണിത് . ഞരമ്പുകളെ ഉത്തേജിപിച് ശരീരത്തെ ബലപെടുതുന്ന ചികിത്സയാണിത് .
പഞ്ചകര്‍മ : ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളുവാന്‍ സഹായകമായ വമനം ,വിരേചനം, നസ്യം ,കഷായ വസ്തി ,സ്‌നേഹവസ്തി എന്നീ 5 ചികിത്സകള്‍ അടങ്ങിയതാണ് പഞ്ചകര്‍മ
ആയുര്‍വേദത്തില്‍ പഞ്ചകര്‍മങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് പ്രധാനം. രക്തമോക്ഷ ചികില്‍സ മാറ്റിനിര്‍ത്തിയാല്‍ മറ്റ് നാലു കാര്യങ്ങളും കേരളീയ പഞ്ചകര്‍മ ചികിത്സാരീതിയില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചകര്‍മ ചികിത്സകള്‍ക്ക് മുമ്പായി സ്‌നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകള്‍ (പൂര്‍വകര്‍മങ്ങള്‍) ചെയ്യുന്നു. പഞ്ചകര്‍മ ചികിത്സകള്‍ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കുവാനാണിത്. ശരീരധാതുക്കളില്‍ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ സ്‌നേഹ, സ്വേദങ്ങള്‍ വഴി പുറത്തെത്തിക്കാന്‍ കഴിയും. മാലിന്യങ്ങളെ ഛര്‍ദിപ്പിച്ചും വയറിളക്കിയും വസ്തിരൂപേണയും പുറത്തു കളയുന്നതാണ് ശോധനാ ചികിത്സ. കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവയും പൂര്‍വ കര്‍മങ്ങളില്‍പ്പെടുന്നു.
ഇലക്കിഴി
കരിനൊച്ചിയില, പുളിയില, ആവണക്കില എന്നിവ വൈദ്യ നിര്‍ദേശ പ്രകാരം ഔഷധ സമ്പുഷ്ടമായ ഇലകളും തേങ്ങാപ്പീരയും വേപ്പെണ്ണയോ അനുയോജ്യമായ ഔഷധ തൈലങ്ങളോ ചേര്‍ത്ത് വറുത്ത് കിഴികെട്ടി തൈലത്താല്‍ അഭ്യംഗം ചെയ്ത ശേഷം ശരീരത്തില്‍ കിഴി ഉഴിയുന്നു.
ഞവരക്കിഴി
തവിട് കളയാത്ത ഞവരയരി, കുറുന്തോട്ടി കഷായം, പാല് ഇവ ചേര്‍ത്ത് വേവിച്ച് പായസ പരുവത്തിലെടുത്ത് തുണിയില്‍ കിഴികെട്ടി നിശ്ചിത സമയം ശരീരം മുഴുവനായി വിധിപ്രകാരം കിഴി പിടിക്കുന്നു. കിഴി പിടിക്കുന്ന സമയം ശരീരത്തിലെ താപനില ഒരേ രീതിയില്‍ ക്രമീകരിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഒരു സ്‌നിഗ്ധ സ്വേദമാണ്.
പിഴിച്ചില്‍
ഔഷധങ്ങളാല്‍ സംസ്‌കരിക്കപ്പെട്ട തൈലങ്ങള്‍ (വ്യക്തിയുടെ ശരീര പ്രകൃതിക്ക് അനുയോജ്യമായവ) തെരഞ്ഞെടുത്ത് ധാരപാത്തിയില്‍ കിടക്കുന്ന രോഗിയുടെ ഇരുവശത്തുമായി നില്‍ക്കുന്ന പരിചാരകര്‍ ശരീരം മുഴുവന്‍ ധാരയായി തൈലം ഒഴിക്കുന്നു. തൈലത്തിന്റെ ചൂട് ക്രമീകരിച്ചു കൊണ്ടിരിക്കും. ഇതും സ്‌നേഹ സ്വേദത്തില്‍ ഉള്‍പ്പെടുന്ന പ്രക്രിയയാണ്.
ശിരോധാര
ഔഷധ സംസ്‌കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്‍ നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ഇത്. ഊര്‍ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ മാനസിക സമ്മര്‍ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.
അഭ്യംഗംസ്വേദം
ശരീരപ്രകൃതിക്കും ദോഷദുഷ്ടിക്കും അനുയോജ്യമായ തൈലങ്ങള്‍ കൊണ്ട് ശരീരം പൂര്‍ണമായി പുരട്ടിയശേഷം പ്രത്യേക രീതിയില്‍ മസാജ് ചെയ്യുകയും ശരീരം മുഴുവനായി വിയര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. മേല്‍പറഞ്ഞ ചികിത്സകളെ കൊണ്ട് ശരീര മാലിന്യങ്ങളെ കോഷ്ഠത്തിലേക്ക് കൊണ്ടുവന്ന് വമനം, വിരേചനം, വസ്തി തുടങ്ങിയവയിലൂടെ പുറത്തു കളയുകയാണ് ചെയ്യുന്നത്.
ശിരോമാലിന്യങ്ങളെ പുറത്തു കളയുന്നതിനു വേണ്ടി ഔഷധ സംസ്‌കൃതമായ നസ്യ തൈലങ്ങള്‍ യഥാവിധി മൂക്കില്‍ ഒഴിക്കുന്ന രീതിയാണിത്. ഇപ്രകാരം ശുദ്ധീകരിക്കപ്പെട്ട ശരീരത്തില്‍ വിവിധ തരത്തിലുള്ള പഥ്യാഹാരങ്ങളെ ശീലിപ്പിക്കുകയും അനുയോജ്യമായ ഔഷധങ്ങളെ പാനലേപനാദികളായി പ്രയോഗിക്കുകയും ചെയ്ത് ബലമുള്ളതാക്കുകയും അതുവഴി ശരീരത്തിന് രോഗ പ്രതിരോധശേഷി കൈവരികയും ചെയ്യുന്നു.
പഥ്യാഹാരം
പഞ്ചകര്‍മ ചികിത്സ വളരെ സാമ്പത്തിക ചെലവേറിയതായി മാറിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് പഥ്യാഹാരവും അത്യാവശ്യം ശമന ഔഷധങ്ങളും കൊണ്ട് ആരോഗ്യത്തെ വീണ്ടെടുക്കാന്‍ കഴിയുന്നതാണ്. മധുരരസവും സ്‌നിഗ്ധഗുണവും ഉഷ്ണവീര്യവുമുള്ള ആഹാര ഔഷധങ്ങള്‍ പ്രയോഗിക്കപ്പെടണമെന്ന് ശാസ്ത്രം നിര്‍ദേശിക്കുന്നു. ത്രിദോഷഹരങ്ങളായ പഴകിയ യവം, ഗോതമ്പ്, ഞവരയരി, ചെറുപയര്‍ തുടങ്ങിയവ പഥ്യാഹാരങ്ങളായി ഉപയോഗിക്കാം
.
മരുന്നുകഞ്ഞി
ഇരുപതോളം ഔഷധങ്ങള്‍ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുന്നതാണ് 'മരുന്നുകഞ്ഞി'. ആവശ്യമായ ഔഷധക്കൂട്ടും അതിനനുസൃതമായ വെള്ളവും ശരീര ഊര്‍ജത്തിനുള്ള നെല്ലരിയും ചേര്‍ത്ത് തയാറാക്കുന്നതാണിത്. അഗ്‌നി/ദഹന ശക്തിയെ ദീപ്തമാക്കുന്നതാണ് കര്‍ക്കടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ഔഷധങ്ങള്‍. ശരീരത്തിന്റെ ഓരോ കോശത്തെയും അതിന്റെ രീതിയില്‍ സംരക്ഷിക്കാന്‍ ഉതകുന്നതുമാണ്. വേഗത്തില്‍ ദഹനം നടക്കുന്ന കഞ്ഞിക്കൊപ്പം മരുന്നു ചേരുവകളും ചേരുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുന്നു.
https://www.facebook.com/Malayalivartha