മൂന്നാമനെ എന്ത് വിളിക്കും ?

അഞ്ചുമാസം മുന്‍പ് ന്യൂയോര്‍ക്ക് സിറ്റിയിലെ ന്യൂ ഹോപ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ ജനിച്ച കുഞ്ഞിന് 'മാതാപിതാക്കള്‍' മൂന്നുപേരാണ്. യാഥാര്‍ത്ഥ മാതാപിതാക്കളുടേതിനു പുറമെ മറ്റൊരാളുടെ ഡിഎന്‍എയുടെ അംശംകൂടി കുഞ്ഞിന്റെ കോശങ്ങളിലുണ്ടാകും. കൃത്രിമ ഗര്‍ഭധാരണത്തിലെ നൂതന സങ്കേതം നടത്തിയ ജനിതകമാറ്റം വഴി ജനിച്ച കുഞ്ഞിന് 2.001 മാതാപിതാക്കളുണ്ടെന്ന് അവകാശപ്പെടാം. ജോര്‍ദാനില്‍ നിന്നുള്ള ദമ്പതികളുടെതാണ് കുട്ടി.മൂന്ന് രക്ഷിതാക്കളുള്ള ലോകത്തെ ആദ്യ കുഞ്ഞ് എന്നതായിരിക്കും നാളെ ലോകം ഇവനു നല്‍കുന്ന വിശേഷണം.
നാല് തവണ ഗര്‍ഭം അലസിപോവുകയും രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചുപോവുകയും ചെയ്ത ജോര്‍ദാനിയന്‍ ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. രണ്ടു കുട്ടികള്‍ ചെറുപ്രായത്തില്‍ത്തന്നെ മരിക്കുകയും ചെയ്തു. അമ്മയുടെ മൈറ്റോകോണ്‍ഡ്രിയയില്‍ മ്യൂട്ടേഷന്‍ വഴിയുണ്ടാകുന്ന നാഡീവ്യൂഹ പ്രശ്‌നമായ ലെയ് സിന്‍ഡ്രോം ആയിരുന്നു കാരണം.
മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയുടെ കൈമാറ്റമാണ് ഈ ചികില്‍സാരീതിയില്‍ അവലംബിക്കുന്നത്. കോശത്തിന്റെ വൈദ്യുതി നിലയങ്ങളെന്നറിയപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയകളാണ് ഭക്ഷണത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജം കോശത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന രൂപത്തിലാക്കുന്നത്. ഒരാളുടെ മൈറ്റോകോണ്‍ഡ്രിയ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് കോശത്തെ സംബന്ധിച്ച് നല്ല വാര്‍ത്തയല്ല. മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ ജീവനുതന്നെ അപകടകാരികളാണ്. അമേരിക്കയില്‍ മാത്രം നാലായിരത്തോളം കുട്ടികളാണ് ഇത്തരം രോഗങ്ങളുമായി ജനിക്കുന്നത്.മൂന്ന് വ്യക്തികളുടെ ജീനുകള്‍ സംയോജിക്കുമ്പോള്‍ ജനിച്ച കുട്ടിയില്‍ രോഗം വരാനുള്ള സാധ്യത വിരളമാണെന്ന് പറയുന്നു ഇതിന് നേതൃത്വം നല്‍കിയ യു എസില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍സംഘം. മാതാവിന്റെയും പിതാവിന്റെയും ഡി എന്‍ എയ്ക്കു പുറമേ ജീന്‍ ദാതാവിന്റെ ജനറ്റിക് കോഡും കുട്ടിയിലുണ്ടാകും
ഡോ. ജോണ്‍ ഷാങിന്റെ നേതൃത്വത്തില്‍ നടന്ന ചികില്‍സയുടെ വിവരങ്ങള്‍ ന്യൂ സയന്റിസ്റ്റാണ് പുറത്തുവിട്ടത്. മാതാപിതാക്കളുടേതിനു പുറമെ മറ്റൊരാളുടെ ഡിഎന്‍എ കൂടി സമ്പാദിച്ചു ജനിക്കുന്ന ആദ്യ കുഞ്ഞല്ല ഇത്. 1990കളില്‍ അമേരിക്കയില്‍ ഈ രീതി പ്രചാരം നേടിയിരുന്നു. എന്നാല്‍ നൂറോളം കുട്ടികള്‍ ജനിച്ചതോടെ ഇത് നിരോധിച്ചു.
അക്കാലത്തെക്കാള്‍ പുരോഗമിച്ച സാങ്കേതിക വിദ്യയില്‍ ജനിക്കുന്ന ആദ്യത്തെ കുട്ടിയാണ് ജോര്‍ദാന്‍ ദമ്പതികളുടെത്. ഇത്തരം ഗര്‍ഭധാരണരീതി നിയമപരമായി അംഗീകരിക്കുന്ന രാജ്യങ്ങളൊന്നുമില്ല. മെക്‌സിക്കോയിലായിരുന്നു ഷാങ്ങിന്റെ ചികില്‍സ. 'കാരണം അവിടെ നിയമങ്ങളൊന്നുമില്ല,' ഷാങ് പറയുന്നു.
മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയില്‍ ആകെയുള്ളത് 37 ജീനുകള്‍ മാത്രമാണ്. അവ വരുന്നത് അണ്ഡത്തില്‍നിന്നുമാത്രവും. ബീജത്തില്‍നിന്നുള്ള മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ഭ്രൂണത്തില്‍ ഇല്ല. അമ്മയുടെ രോഗാതുരമായ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ മാറ്റി പകരം ദാതാവിന്റെ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ചേര്‍ക്കുന്നതാണ് ചികില്‍സാരീതി. അമ്മയുടെ ഡിഎന്‍എയിലെ ഭൂരിഭാഗം ഘടകങ്ങളും കുട്ടിക്കു ലഭിക്കുമെന്നതും രോഗസാധ്യത കുറയുമെന്നതുമാണ് ഇതിന്റെ മെച്ചം.
അമ്മയുടെയും ദാതാവിന്റെയും അണ്ഡം പിതാവിന്റെ ബീജവുമായി സംയോജിപ്പിച്ച് ഭ്രൂണങ്ങളെ സൃഷ്ടിക്കുന്ന ഒരു ചികില്‍സാരീതിക്ക് ഈയിടെ ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. ദാതാവിന്റെ ഭ്രൂണത്തില്‍ മൈറ്റോകോണ്‍ഡ്രിയ ഒഴിവാക്കിയ മാതാപിതാക്കളുടെ ജനിതകഘടന ചേര്‍ക്കുകയാണ് ഇതില്‍ ചെയ്യുന്നത്.
ഷാങ്ങിന്റെ സഹായം തേടിയ മുസ്ലിം ദമ്പതികള്‍ ഭ്രൂണത്തെ നശിപ്പിക്കുന്ന ചികില്‍സാരീതി നിരസിച്ചു. അതിനാല്‍ ബീജസങ്കലനം നടക്കും മുന്‍പ് മൈറ്റോകോണ്‍ഡ്രിയ മാറ്റുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. ദാതാവിന്റെ അണ്ഡത്തിന്റെ കേന്ദ്രസ്ഥാനത്ത് അമ്മയുടെ അണ്ഡത്തിന്റെ കേന്ദ്രം മാറ്റിവയ്ക്കുന്ന രീതി.മാതാവിന്റെ തകരാറുള്ള മൈറ്റോകോണ്‍ഡ്രിയ ക്ക് പകരം മറ്റൊരാളുടെ അണ്ഡത്തില്‍ നിന്നുമുള്ള മൈറ്റോകോണ്‍ഡ്രിയ എടുത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.ഇതിനെതിരെ വിവിധ തുറകളില്‍ നിന്നും ധാര്‍മികപരമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.
കുഞ്ഞ് ആരോഗ്യമുള്ളതായി കാണപ്പെടുന്നുവെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും ഈ കൃത്രിമഗര്‍ഭധാരണരീതി വ്യാപക പ്രചാരം നേടുമെന്നു കരുതാറായിട്ടില്ല. ജോര്‍ദാനിയന്‍ ദമ്പതികള്‍ക്കുവേണ്ടി തയാറാക്കിയ അഞ്ച് ഭ്രൂണങ്ങളില്‍ ഒന്നുമാത്രമാണ് ശരിയായ രീതിയില്‍ വളര്‍ന്നത്. അമ്മയുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയില്‍നിന്നുള്ള വളരെ ചെറിയ അംശം ഇപ്പോഴും കുഞ്ഞിലുണ്ട്. കുഞ്ഞ് സാധാരണരീതിയില്‍ വളരുമെന്നാണു ഡോക്ടര്‍മാരുടെ പ്രതീക്ഷയെങ്കിലും രോഗാതുരമായ ജനിതകഭാഗങ്ങള്‍ എങ്ങനെ കുട്ടിയെ ബാധിക്കുമെന്ന് കാത്തിരുന്നു കാണുകതന്നെ വേണം .
ഇത്തരം കൃത്രിമഗര്‍ഭധാരണ രീതികള്‍ക്കു മുന്നില്‍ നിയമക്കുരുക്കുകള്‍ ഏറെയാണ്. ഭ്രൂണങ്ങളിലെ ജനിതകമാറ്റം സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കു ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുഎസില്‍ അത്തരം നടപടിയൊന്നുമില്ല. യുകെയില്‍ ഈ സാങ്കേതിക വിദ്യയ്ക്ക് അനുമതിയുണ്ട്. പരീക്ഷണശാലകളില്‍ ഭ്രൂണ ജനിതകമാറ്റ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതിയും. ഫെബ്രുവരിയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിളിച്ചുകൂട്ടിയ വിദഗ്ധരുടെ സമിതി ഈ സാങ്കേതികവിദ്യകളില്‍ ചിലത് പ്രയോഗത്തില്‍ വരുത്തുന്നതിന് തടസമില്ലെന്നറിയിച്ചെങ്കിലും കോണ്‍ഗ്രസ് പാസാക്കിയ ബജറ്റ് ഇത്തരം പരീക്ഷണങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചെലവിടുന്നതിനെ എതിര്‍ക്കുകയാണുണ്ടായത്.
ലോകം അംഗീകരിച്ചു കഴിഞ്ഞാല്‍ രോഗവിമുക്തമായ കുട്ടികളുടെ ജനനത്തിന് വഴി വെക്കുന്ന ഈ സാങ്കേതികവിദ്യ വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha