ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണശാലയുള്ള ഷാങ്ഹായ് ടവര്‍

നിലവില്‍ ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ കെട്ടിടമാണ് ഷാങ്ഹായ് ടവര്‍. പുതിയ ഉയരങ്ങള്‍ തേടുന്ന നിരവധി പദ്ധതികളുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ഷാങ്ഹായ് ടവറിന്റെ ആഢ്യത്തം ഇന്നും നഷ്ടമായിട്ടില്ല.128 നിലകളിലായി 2,073 അടിയാണ് കെട്ടിടത്തിന്റെ ഉയരം. 40 ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണശാലയും ഈ കെട്ടിടത്തിലാണ്.

2008-ല്‍ ആരംഭിച്ച നിര്‍മാണം 2015-ലാണ് അവസാനിച്ചത്. അതേവര്‍ഷം ലോകത്തിലെ ഏറ്റവും പ്രകൃതിസൗഹൃദമായ അംബരചുംബിയെന്ന ബഹുമതിയും ടവര്‍ സ്വന്തമാക്കി.

ഗ്ലാസ് കൊണ്ടുനിര്‍മിച്ച ദീര്‍ഘവൃത്താകൃതിയിലുള്ള ഒന്‍പത് കെട്ടിടങ്ങള്‍ ഒന്നിനുമുകളിലൊന്നായി പ്രതിഷ്ഠിച്ചത് പോലെയാണ് കെട്ടിടത്തിന്റെ ഘടന. സവിശേഷമായ ഈ നിര്‍മാണരീതി കാരണം മറ്റ് നിര്‍മിതികളില്‍ ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ കുറച്ചു സ്റ്റീല്‍ മാത്രമാണ് നിര്‍മാണത്തിന് വേണ്ടിവന്നത്.
ചൂടിനെ പ്രതിരോധിക്കാനായി സാധാരണ അംബരചുംബികളില്‍ ഉയര്‍ന്ന പ്രതിഫലനശേഷിയുള്ള ഗ്ലാസ്സാണ് ഉപയോഗിക്കുക. എന്നാല്‍ ഷാങ്ഹായ് ടവര്‍ അവിടെയും വ്യത്യസ്തമായി നിലകൊള്ളുന്നു. ചൂടിനെ പ്രതിരോധിക്കുന്ന രണ്ടുപാളികളുള്ള ഗ്ലാസ്സുകൊണ്ടുള്ള നിര്‍മാണം സുതാര്യമായ മറ്റൊരു പാളിയുടെ ആവശ്യകത ഇല്ലാതാക്കുന്നു.

ഓഫിസുകള്‍, വ്യാപാരശാലകള്‍, പാര്‍ക്ക്, ഹോട്ടല്‍, മാള്‍ തുടങ്ങി നിരവധി സംരംഭങ്ങളാണ് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയുള്ള എലിവേറ്ററുകളുടെ റെക്കോര്‍ഡും അടുത്തിടെ വരെ ഷാങ്ഹായ് ടവറിനായിരുന്നു.ഇപ്പോള്‍ ദക്ഷിണകൊറിയയിലെ സോളില്‍ അടുത്തിടെ ഉയര്‍ന്ന ലോട്ടെ ടവറിനാണ് ഈ റെക്കോര്‍ഡ്.
https://www.facebook.com/Malayalivartha
























