'ധോല-സദിയ' പാലം: ഒരു നിര്‍മാണവിസ്മയം!

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല -സദിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകെ നിര്‍മിച്ച ധോല സദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം. 13 മീറ്ററാണ് വീതി.
മുംബൈയിലെ ബാന്ദ്ര വര്‍ലി കടല്‍പ്പാലത്തിന്റെ റെക്കോര്‍ഡാണ് ധോല - സദിയ പാലം തകര്‍ത്തത്. പുതിയ പാലത്തിന് ബാന്ദ്ര വര്‍ലി പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളക്കൂടുതലുണ്ട്.
183 കണ്ണറകളാണ് (span) പാലത്തിനുള്ളത്. 50 മീറ്ററാണ് പ്രധാന സ്പാനിന്റെ നീളം. നാലരവര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്. 950 കോടിയാണു നിര്‍മാണച്ചെലവ്. ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുളള പാലം ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാകും വിധമാണു നിര്‍മിച്ചിരിക്കുന്നത്.
നിര്‍മാണവിസ്മയങ്ങളായി മാറാവുന്ന ഒരുകൂട്ടം പദ്ധതികളുടെ പണി പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍റോഡ് പാലവും നിര്‍മാണത്തിലാണ്. ബ്രഹ്മപുത്ര നദിക്ക് കുറുകെ പണി പുരോഗമിക്കുന്ന ബോഗിബീല്‍ പാലത്തിന് ഇന്ത്യയുടെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പാലം എന്ന ഖ്യാതിയുമുണ്ട്. 2018-ല്‍ നിര്‍മാണം പൂര്‍ത്തിയാകും.
ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാലം, തുരങ്കം എന്നിവയുടെ നിര്‍മാണം മണിപ്പൂരില്‍ പുരോഗമിക്കുന്നു. നാല്‍പ്പത്തിയഞ്ചോളം തുരങ്കങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോവുക. ഇതില്‍ 25 തുരങ്കങ്ങളുടെ പണി ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. 2020-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
https://www.facebook.com/Malayalivartha