വീശിവീശിക്കൊതിപ്പിക്കുന്ന നാലുമണിക്കാറ്റ്; ഇതൊരു പുതുമയുള്ള വഴിയോര വിനോദ സഞ്ചാര പദ്ധതി

നാലു മണിക്കു മാത്രമല്ല, 24 മണിക്കൂറും ഇവിടെ കാറ്റുവീശും. പക്ഷേ വൈകുന്നേരങ്ങളില്‍ ഇവിടെ വീശുന്ന കാറ്റിനൊരു പ്രത്യേകതയുണ്ട്. ബജിയുടേയും ചേമ്പ് പുഴുങ്ങിയതിന്റെയും കപ്പപ്പുഴുക്കിന്റെയും മണമുള്ള കാറ്റാണത്. അതൊന്നു കൊണ്ടാല്‍, പിന്നെയും പിന്നെയും നമുക്കവിടെ പോകാന്‍ തോന്നും.
ഇതു നാലുമണിക്കാറ്റ്; വൈകുന്നേരം അല്പം കാറ്റൊക്കെ കൊണ്ട് സൊറ പറഞ്ഞിരിക്കാന്‍ കോട്ടയത്തു സ്ഥലങ്ങളില്ല എന്നു വിഷമിക്കുന്നവര്‍ക്ക് ഇവിടെ വരാം. പച്ചപുതച്ച പാടങ്ങള്‍ തഴുകി വരുന്ന ഇളം കാറ്റേല്‍ക്കാം, അസ്തമയ സൂര്യന്റെ ഭംഗിയാസ്വദിക്കാം, അതോടൊപ്പം നമ്മുടെ നാടന്‍ രുചികള്‍ ആസ്വദിക്കുകയും ചെയ്യാം.
കോട്ടയത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസിലാണ് നാലുമണിക്കാറ്റ് എന്ന വഴിയോര വിനോദ സഞ്ചാര പദ്ധതി. പാലമുറിക്കും പായിപ്ര പടിക്കും ഇടയിലുളള പാടശേഖരങ്ങള്‍ ഒരു കാലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലമായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇപ്പോള്‍ പ്രയാസം തോന്നും' മാലിന്യക്കുപ്പ' എന്ന അവസ്ഥയില്‍നിന്ന് നാടിനൊരു മോചനം വേണമെന്ന് ആഗ്രഹിച്ച മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റസിഡന്‍സ് അസോസിയേഷനാണ് പാടത്തിനു നടുവിലുള്ള ഈ വഴിയെ, ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിക്കു രൂപം നല്‍കിയത്.
അവിടെയുണ്ടായിരുന്ന മാലിന്യക്കൂമ്പാരം, അസോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുകയും പ്രദേശം മോടി പിടിപ്പിക്കുകയും ചെയ്തു. പാടത്തിനു നടുവിലൂടെയുള്ള വഴിയുടെ അരികില്‍ കാറ്റുകൊളളാന്‍ പാകത്തിന് സിമന്റ് ബെഞ്ചുകള്‍ സ്ഥാപിച്ചു. തണല്‍മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. കുട്ടികള്‍ക്കു കളിക്കാന്‍ ഊഞ്ഞാലും മരത്തിന്റെ മാതൃകയിലുളള സ്ലൈഡും മറ്റു റൈഡുകളും ഇവിടെയുണ്ട്.
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്കായി കുടുംബശ്രീ യൂണിറ്റുകളുടെ തട്ടുകടകളുമുണ്ട്. നാടന്‍ പലഹാരങ്ങള്‍ ചൂടോടെ മിതമായ നിരക്കില്‍ ഇവിടെ കിട്ടും. ചേമ്പു വേവിച്ചത്, കപ്പ പുഴുങ്ങിയത്, പഴം പൊരി, ബജി, ദോശ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ മാത്രമേ ഇവിടെ ലഭിക്കൂ, അതും വട്ടയിലയില്‍.
മാലിന്യക്കൂമ്പാരത്തില്‍നിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കുവാന്‍ സഹായിച്ച കുടുംബശ്രീക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് ഇവിടെ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ അനുവാദമില്ല. ഇവിടം വൃത്തിയാക്കി സൂക്ഷിക്കാനുള്ള ചുമതലയും കുടുംബശ്രീക്കു തന്നെയാണ്. നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായിരുന്നിട്ടും അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു കടലാസുതുണ്ടു പോലും ഇവിടെ കാണാനില്ല.
ചൂടു ചായയും കുടിച്ച് ഒരു പുസ്തകം വായിച്ചിരിക്കാനാണു തോന്നുന്നതെങ്കില്‍ അതിനും ബുദ്ധിമുട്ടില്ല. ഉന്തുവണ്ടിയില്‍ നേരമ്പോക്ക് വായനശാലയും ക്രമീകരിച്ചിട്ടുണ്ട്. ഒരു രൂപ അടച്ച് പുസ്തകം വാടകയ്‌ക്കെടുക്കാം. പുസ്തകം മടക്കി നല്‍കിയാല്‍ പണവും തിരിച്ചു കിട്ടും. അതല്ല, സ്വന്തമായി വാങ്ങണമെങ്കില്‍ അതുമാകാം.
2011 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി മാലിന്യ നിര്‍മാര്‍ജനത്തിനുളള മികച്ച മാതൃകയാണ്. 2013-ല്‍, വിനോദ സഞ്ചാര രംഗത്തെ മികച്ച നൂതന ആശയത്തിനുളള സംസ്ഥാന വിനോദ സഞ്ചാര പുരസ്‌കാരം, 2014-ല്‍, രാജ്യാന്തര സംഘടനയായ സ്‌കാല്‍ ഇന്റര്‍ നാഷണലിന്റെ ലോക സുസ്ഥിര വിനോദ സഞ്ചാര അവാര്‍ഡ് എന്നിവയും ഈ ജനകീയ വിനോദ സഞ്ചാര പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha