വീടിനു ഭംഗികൂട്ടാൻ

വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നവരാണ് നമ്മൾ.ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അലങ്കരിക്കാം.പച്ചക്കറിത്തോട്ടങ്ങള്‍ വളരെ ലളിതവും മനോഹരവുമായി വീടിന് അനുയോജ്യമായ ഉദ്യാനമായി വളര്‍ത്തിയെടുക്കാം.നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടത്. വീടിന്റെ ഭംഗിയും സ്ഥലത്തിന്റെ ലഭ്യതയും മനസില്‍ കണ്ടുവേണം പച്ചക്കറി ഉദ്യാനം നിര്‍മിക്കാന്‍. നല്ല അടുക്കും ചിട്ടയുമായി വരികളിലോ, പോളിബാഗുകളിലോ പച്ചക്കറിത്തൈകള്‍ വളര്‍ത്താം. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഹൈബ്രിഡ് വിത്തിനങ്ങള്‍ ഇന്ന് ലഭ്യമാണ്. വീട്ടിലെ നടപ്പാതകളോട് ചേര്‍ന്ന് ഇലച്ചെടികളും ഒപ്പം കാബേജ്, കോളിഫ്‌ളവര്‍, മുളക്, വെണ്ട, പയര്‍, സലാഡ് വെള്ളരി തുടങ്ങിയവ വീട്ടിലേക്ക് ആവശ്യാനുസരണം വളര്‍ത്തിയെടുക്കാം. ചരിഞ്ഞ ഭൂമി തട്ടുകളായി തിരിച്ച് ചെടികള്‍ നടാവുന്നതാണ്. ആദ്യമേതന്നെ ബെഡ്ഡുകള്‍ തയാറാക്കുക. മണ്ണില്‍ നിന്നും ആറിഞ്ച് പൊക്കത്തില്‍ ബെഡ്ഡുകള്‍ നിര്‍മിക്കാം. ഇവയുടെ അതിര്‍ത്തികള്‍ തടിയോ കല്ലുകളോ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്. പ്രധാന ആകര്‍ഷണങ്ങളായി റെഡ്‌ലേഡി പപ്പായ പോലുള്ള പഴവര്‍ഗങ്ങള്‍ നടാവുന്നതാണ്. അവയ്ക്ക് പ്രത്യേക ആകൃതിയില്‍ ബെഡ്ഡ് ഒരുക്കുന്നത് ഭംഗികൂട്ടും. മുളങ്കമ്പുകള്‍കൊണ്ട് തീര്‍ക്കുന്ന വേലിയും ഇരിപ്പിടങ്ങളും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ആര്‍ച്ചുകള്‍ നിര്‍മിച്ച് അതില്‍ പടര്‍ന്നു കയറുന്ന ചെടികള്‍ വളര്‍ത്താവുന്നതാണ്. വിവിധ ആകൃതിയിലുള്ള ചെടിച്ചട്ടികളും അവയിലെ അലങ്കാരങ്ങളും ഉദ്യാനത്തിന് മാറ്റു കൂട്ടും.
https://www.facebook.com/Malayalivartha